- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2024 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കും; പാർലമെന്റിൽ നന്നായി പ്രകടനം കാഴ്ച വെക്കാൻ പ്രിയങ്ക കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്; ലോക്‌സഭ എംപിയാകാനുള്ള എല്ലാ യോഗ്യതയും അവൾക്കുണ്ട്; കോൺഗ്രസ് പാർട്ടി അവൾക്കായി മെച്ചപ്പെട്ട പലതും കരുതിവെക്കുമെന്ന് കരുതുന്നു; റായ്ബറേലിയിൽ പ്രിയങ്ക വന്നേക്കുമെന്ന സൂചന നൽകി റോബർട്ട് വാദ്ര
ന്യൂഡൽഹി: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങി പ്രിയങ്ക ഗാന്ധി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന നൽകി റോബർട്ട് വാദ്ര രംഗത്തുവന്നു. പാർലമെന്റിൽ നന്നായി പ്രകടനം കാഴ്ച വെക്കാൻ പ്രിയങ്ക കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വാദ്ര വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
ലോക്‌സഭ എംപിയാകാനുള്ള എല്ലാ യോഗ്യതയും പ്രിയങ്കക്കുണ്ട്. കോൺഗ്രസ് പാർട്ടി പ്രിയങ്കയെ അംഗീകരിക്കുകയും അതിനുള്ള നടപടികൾ ആവിഷ്‌കരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.-വാദ്ര തുടർന്നു. പാർലമെന്റിൽ സംസാരിക്കവെ സ്മൃതി ഇറാനി ഗൗതം അദാനിക്കൊപ്പമുള്ള തന്റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ കുറിച്ചും വാദ്ര സംസാരിച്ചു. താൻ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുന്നയാളാണെന്നും എന്നാൽ തന്റെ പേരിൽ എന്തെങ്കിലും ഉന്നയിക്കുന്നുണ്ടെങ്കിൽ അത് തെളിയിക്കണമെന്നുമാണ് വാദ്ര പറഞ്ഞത്.
എന്റെ പേര് പാർലമെന്റിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ, എന്റെ ചിത്രം അവർ ഉയർത്തിക്കാട്ടാൻ ഒരുങ്ങുന്നുണ്ടെങ്കിൽ ഞാൻ അദാനിക്കൊപ്പം ചെയ്ത എന്തെങ്കിലും ഒന്ന് കാണിച്ചുതരാൻ ഞാൻ വെല്ലുവിളിക്കുകയാണ്. അഥവാ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഞാൻ അത് ഉറപ്പായും കൈകാര്യം ചെയ്യും. എന്നാൽ അങ്ങനെ അല്ല എങ്കിൽ അവർ ആ പ്രസ്താവന പിൻവലിക്കാനും മാപ്പ് പറയാനും തയ്യാറാകണം, അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തിൽ പ്രതീക്ഷയുണ്ടെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്നത് വളരെ നല്ല പേരായി എനിക്ക് തോന്നുന്നു. ഞങ്ങൾ ഇന്ത്യയെ ഇനിയും മഹത്തരമാക്കാൻ പോവുകയാണ്. ബിജെപി സർക്കാർ ഇന്ത്യയെ പൂർണമായും നശിപ്പിച്ചിരിക്കുയാണ്. നമ്മുടെ രാജ്യത്തെ കൂടുതൽ മികച്ചതാക്കാനും മതേതരത്വമുള്ളതാക്കാനും കൂടുതൽ പുരോഗമനപരമാക്കാനും വീണ്ടും ഐക്യപ്പെടാനും രാജ്യത്തെ പൗരന്മാർ അവസരം നൽകുമെന്ന് ഞാൻ കരുതുന്നു,-വാദ്ര പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും എന്തുകൊണ്ടാണ് അവിടെ സന്ദർശനം നടത്താത്തതെന്നും വാദ്ര ചോദിച്ചു.
മണിപ്പൂരിൽ നടക്കുന്നത് എന്താണെന്ന് മനസിലാക്കാൻ ആ ഞെട്ടിക്കുന്ന വീഡിയോ പ്രധാനമന്ത്രിക്ക് ഒരിക്കൽക്കൂടി അയക്കേണ്ടതുണ്ട്. തീർച്ചയായും ഇത് വളരെ സെൻസിറ്റീവായ വിഷയമാണ്. മണിപ്പൂരിൽ സംഭവിക്കുന്നതെന്താണെന്ന് പ്രധാനമന്ത്രി തന്നെ പരിശോധിക്കണം. അവർക്ക് അവിടെ സർക്കാർ ഉണ്ട്. അവർ ആ വിഷയം പരിഹരിക്കണം. അല്ലെങ്കിൽ ആ വിഷയം പരിഹരിക്കാൻ മറ്റേതെങ്കിലും പാർട്ടിയെ അനുവദിക്കണം, റോബർട്ട് വാദ്ര കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ആളാണ് ഞാൻ. ആരോപണങ്ങൾ തെളിയിക്കേണ്ടത് അവരുടെ ബാധ്യതയാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാൽ മാപ്പുപറയണം. നമ്മുടെ സ്വന്തം പ്രധാനമന്ത്രി അദാനിയുടെ വിമാനത്തിൽ ഇരിക്കുന്ന ഒരു ചിത്രം ഞങ്ങളുടെ കൈയിലുണ്ട്. അതിനെ കുറിച്ചും രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളെ കുറിച്ചും ബിജെപി എന്തുകൊണ്ടാണ് മറുപടി നൽകാത്തത്.-വാദ്ര ചോദിച്ചു.
പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ തന്നെ മത്സരിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. രണ്ട് പതിറ്റാണ്ടോളം റായ്ബറേലിയിലും അമേഠിയിലും സജീവ രാഷ്ട്രീയ പ്രവർത്തനം തുടരുന്ന പ്രിയങ്ക അവിടെ പാർട്ടി സംഘടന കെട്ടിപ്പടുത്തു. പരമ്പരാഗതമായി കോൺഗ്രസ് കൈവശം വച്ചിരുന്ന അമേഠിയിൽ രാഹുൽ ഗാന്ധി ബിജെപിയുടെ സ്മൃതി ഇറാനിയോട് തോറ്റു. 2004 മുതൽ സോണിയാ ഗാന്ധി റായ്ബറേലിയിൽ പരാജയമറിയാതെ തുടരുകയാണ്. അതേസമയം കർണാടകത്തിലെ ബെല്ലാരി അടക്കം പ്രിയങ്ക മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളാണ്.




