ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവസാനപാദത്തിലേക്ക് കടന്നിരിക്കുകയാണ്. യുപി, പഞ്ചാബ്, ജമ്മു-കശ്മീർ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇനി പദയാത്ര. സഹോദരനെ യാത്രയയ്ക്കാൻ സഹോദരി പ്രിയങ്ക ഗാന്ധി എത്തി. തന്റെ സഹോദരനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ കൗതുകം നിറഞ്ഞ ചില ചോദ്യങ്ങൾക്കും അവർ മറുപടി പറഞ്ഞു.

'ചിലരെന്നോട് ചോദിച്ചു, നിങ്ങളുടെ സഹോദരന് ഈ യാത്രയ്ക്കിടെ തണുക്കില്ലേ? അദ്ദേഹം ഈ തണുപ്പിൽ ഒരു ടീ ഷർട്ട് മാത്രമിട്ടാണ് സഞ്ചരിക്കുന്നത്. അദ്ദേഹത്തോട് തണുപ്പിൽ നിന്ന് രക്ഷ നേടാൻ ഒരു ജാക്കറ്റ് എങ്കിലും ധരിക്കാൻ പറയു. പിന്നീട് ചിലർ എന്നോട് ചോദിച്ചു...അദ്ദേഹത്തിന്റെ സുരക്ഷയിൽ ആശങ്കയില്ലേ? കശ്മീലിലേക്കും പഞ്ചാബിലേക്കും ആണ് അദ്ദേഹം ഇനി പോകുന്നത്. അപ്പോൾ എന്റെ മറുപടി, അദ്ദേഹം സത്യത്തിന്റെ കവചമാണ് ധരിച്ചിരിക്കുന്നത്, ദൈവം കാക്കും എന്നായിരുന്നു', പ്രിയങ്ക കൈയടികൾക്കിടെ പറഞ്ഞു.

ക്രിസ്മസിന് മുന്നോടിയായി വടക്കേയിന്ത്യയിൽ ശീതതരംഗം ഉണ്ടായപ്പോൾ ഇതേ ചോദ്യങ്ങൾ ഉയർന്നിരുന്നു. ശീതകാല വസ്ത്രങ്ങൾ ധരിക്കാതെ വെറും ടീ ഷർട്ടും ട്രൗസറും ഇട്ട് രാഹുൽ എങ്ങനെ തണുപ്പിനെ ചെറുക്കുന്നു എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. അതേസമയം, രാഹുൽ ഗാന്ധി ഇതിനെ ചിരിച്ചുതള്ളുകയാണുണ്ടായത്. തണുപ്പ് തോന്നുമ്പോൾ താൻ സ്വറ്റർ ധരിക്കും. എന്തിനാണ് ടി ഷർട്ടിന്റെ പേരിൽ ഇത്ര ബഹളം? എനിക്ക് ശീതകാലത്തെ പേടിയില്ലാത്തതുകൊണ്ടാണ് സ്വറ്റർ ധരിക്കാത്തത്, അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ രാഹുലിന്റെ ടീ ഷർട്ട് 41,000 രൂപ വിലമതിക്കുന്ന ഡിസൈനർ ബ്രാൻഡ് ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതോടെ, അദ്ദേഹം ബ്രാൻഡഡ് അല്ലാത്ത വെള്ള ടീ ഷർട്ടിലേക്ക് മാറി.

ഡൽഹി യമുന ബസാറിലെ ഹനുമാൻ മന്ദിർ സന്ദർശിച്ച് കൊണ്ടാണ് ഇന്നത്തെ യാത്ര രാഹുൽ തുടങ്ങിയത്. ലോണി വഴി യുപിയിൽ പ്രവേശിച്ചു. അതിനിടെ, അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ സത്യേന്ദ്ര ദാസിന്റെ അനുഗ്രഹങ്ങൾ രാഹുലിനെ തേടിയെത്തി. യുപിയിലേക്ക് യാത്രയെ സ്വാഗതം ചെയ്തത് പ്രിയങ്കയാണ്.

'3000 കിലോമീറ്ററോളം പദയാത്രയ്ക്ക് ശേഷം യാത്ര ഇവിടെ എത്തിയിരിക്കുകയാണ്. പ്രിയ സഹോദരാ എനിക്ക് അഭിമാനം തോന്നുന്നു. നിങ്ങളുടെ പ്രതിച്ഛായ നശിപ്പിക്കാൻ എല്ലാ ശക്തികളെയും എതിരായി ഉപയോഗിച്ചു. കോടിക്കണക്കിന് രൂപയാണ് രാഹുലിന്റെ പ്രതിച്ഛായ തകർക്കാൻ കേന്ദ്ര സർക്കാർ ഉപയോഗിച്ചത്. പക്ഷേ രാഹുൽ തന്റെ തത്ത്വങ്ങളോട് സത്യസന്ധത പുലർത്തി. പല ഏജൻസികളെയും നിയോഗിച്ചു. എന്നാൽ, രാഹുൽ ഭയപ്പെട്ടില്ല, അയാൾ പോരാളിയാണ്, പ്രിയങ്ക പറഞ്ഞു. അദാനിജിയും, അംബാനിജിയും വൻതോക്കുകളായ രാഷ്ട്രീയക്കാരെ വിലയ്ക്ക് വാങ്ങി. പൊതുമേഖലാ സ്ഥാപനങ്ങളെയും, മാധ്യമങ്ങളെയും വാങ്ങി. പക്ഷേ അവർക്ക് എന്റെ സഹോദരനെ വിലയ്ക്ക് വാങ്ങാൻ കഴിഞ്ഞില്ല. അതൊരിക്കലും സാധിക്കുകയുമില്ല. ഞാൻ രാഹുലിനെ ഓർത്ത് അഭിമാനിക്കുന്നു' യുപിയുടെ ചുമതല കൂടിയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക പറഞ്ഞു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിപണിയിൽ രാഹിൽ സ്‌നേഹം പടർത്താനുള്ള കട തുറന്നിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.