- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആളുകൾ തെറ്റ് ചെയ്യുന്നത് സ്വാഭാവികം, അത് തിരുത്തുകയെന്നതാണ് പ്രധാനം'; ബി.ജെ.പിയിൽ ചേർന്നത് തെറ്റായ തീരുമാനം; ബംഗാളി നടി പർണോ മിത്ര തൃണമൂൽ കോൺഗ്രസിൽ
കൊൽക്കത്ത: പ്രമുഖ ബംഗാളി നടി പർണോ മിത്ര തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ആറ് വർഷം മുൻപ് ബി.ജെ.പിയിൽ ചേർന്നത് വലിയ തെറ്റായിരുന്നുവെന്നും, ആ തെറ്റ് തിരുത്താൻ കഴിഞ്ഞതിൽ അനുഗ്രഹീതയാണെന്നും അവർ പ്രസ്താവിച്ചു. വെള്ളിയാഴ്ച കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ധനകാര്യമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, ജയപ്രകാശ് മജുംദാർ ഉൾപ്പെടെയുള്ള മുതിർന്ന തൃണമൂൽ നേതാക്കളുടെ സാന്നിധ്യത്തിലാണ് പർണോ മിത്ര പാർട്ടി അംഗത്വം സ്വീകരിച്ചത്.
ബി.ജെ.പിയിൽ ചേർന്ന ശേഷമുള്ള തന്റെ രാഷ്ട്രീയം 'തെറ്റായ കാര്യമായിരുന്നു' എന്ന് വിശേഷിപ്പിച്ച പർണോ മിത്ര, തന്റെ പുതിയ രാഷ്ട്രീയ ജീവിതം മുഖ്യമന്ത്രി മമത ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും നേതൃത്വത്തിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും വ്യക്തമാക്കി. "ഇന്ന് എനിക്ക് ക്രിസ്മസ് പോലെയാണ്. എന്റെ പുതിയ യാത്ര മുഖ്യമന്ത്രി മമത ബാനർജിയുടെ മാർഗനിർദേശത്തോടും ആശിർവാദത്തോടും കൂടി ആരംഭിക്കുകയാണ്. അഭിഷേക് ബാനർജിയുടെ നേതൃത്വത്തിനു കീഴിൽ ദീദിക്കൊപ്പം ഞാൻ മുന്നേറും," അവർ പറഞ്ഞു. "ആളുകൾ തെറ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. അത് തിരുത്തുകയെന്നതാണ് പ്രധാനം. ആ തെറ്റ് തിരുത്താനായതിലൂടെ ഞാൻ അനുഗൃഹീതയായെന്ന് വിശ്വസിക്കുന്നു."
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും, പിന്നീട് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു പർണോ മിത്ര. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തോട് അവർ പ്രതികരിച്ചില്ല. മമത ബാനർജിയുടെ കീഴിൽ സംസ്ഥാനം കൈവരിക്കുന്ന പുരോഗതിയിൽ ആകൃഷ്ടയായാണ് പർണോ മിത്ര തൃണമൂൽ കോൺഗ്രസുമായി സഹകരിക്കാൻ താൽപര്യം അറിയിച്ചതെന്ന് ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു. അതേസമയം, നടി പാർട്ടി മാറുന്നത് ബി.ജെ.പിക്ക് ദോഷകരമാകുകയോ തൃണമൂലിന് ഗുണം ചെയ്യുകയോ ഇല്ലെന്ന് ബി.ജെ.പി നേതാവ് രുദ്രനിൽ ഘോഷ് പ്രതികരിച്ചു.
2007ൽ 'ഖേല' എന്ന ടെലിവിഷൻ സീരിയലിലൂടെ അഭിനയ ജീവിതം ആരംഭിച്ച പർണോ മിത്ര, അഞ്ജൻ ദത്തിന്റെ 'രഞ്ജന അമി അർ അഷ്ബോ നാ' എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദേവ്, സോഹം ചക്രവർത്തി, രാജ് ചക്രവർത്തി, ജൂൺ മാലിയ തുടങ്ങിയ നിരവധി ബംഗാളി സിനിമാ താരങ്ങൾ നിലവിൽ തൃണമൂൽ കോൺഗ്രസിൽ സജീവമാണ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ അഭിനേതാക്കളും സിനിമാ പ്രവർത്തകരും പാർട്ടിയിൽ ചേരുമെന്ന് മുതിർന്ന തൃണമൂൽ നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചു.




