- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്സഭാ വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചു കര്‍ണാടക തെരഞ്ഞെടുപ്പു കമ്മീഷന്‍; വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച രേഖകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റേതല്ല; ശകുന്‍ റാണി എന്ന സ്ത്രീ രണ്ടു തവണ വോട്ടു ചെയ്തെന്ന രേഖകള്‍ ഹാജറാക്കാന്‍ നിര്‍ദേശം; ധൈര്യമുണ്ടെങ്കില്‍ രാഹുലിനെതിരെ ക്രിമിനല്‍ കേസെടുക്കട്ടെയെന്ന് കെ സി വേണുഗോപാല്‍
ലോക്സഭാ വോട്ടര്‍ പട്ടികയിലെ ക്രമക്കേട്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലും കര്‍ണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമേക്കേടുകള്‍ നടന്നതായുള്ള ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങളില്‍ നോട്ടീസ് അയച്ച് കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മിഷന്‍. രാഹുല്‍ വാര്‍ത്തസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെയല്ലെന്നാണ് നോട്ടീസില്‍ കമ്മീഷന്‍ വ്യക്തമാക്കുന്നത്.
രാഹുല്‍ ഗാന്ധി കാണിച്ച രേഖകള്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകളില്‍ നിന്നുള്ളതാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പോളിങ് ഓഫീസര്‍ നല്‍കിയ രേഖകള്‍ പ്രകാരം ശകുന്‍ റാണി എന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെയ്തിട്ടുണ്ടെന്നും രാഹുല്‍ പറയുകയുണ്ടായി. അന്വേഷണത്തില്‍ ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എന്ന് ശകുന്‍ റാണി വ്യക്തമാക്കിയിട്ടുണ്ട്.
രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ കാണിച്ച, ടിക്ക് അടയാളപ്പെടുത്തിയ രേഖ പോളിങ് ഓഫീസര്‍ നല്‍കിയ രേഖയല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതിനാല്‍ ശകുന്‍ റാണിയോ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ട് ചെയ്തു എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിശദമായ ഒരന്വേഷണം നടത്താന്‍ സാധിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.
അതേസമയം തെരഞ്ഞെടുപ്പു കമ്മീഷന്‍ ധൈര്യമുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കട്ടെയെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. രാഹുലിന് എതിരെ ക്രിമിനല്‍ കേസെടുക്കട്ടെയെന്നും ഈ വിഷയത്തില്‍ പിന്നോട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 40 അംഗസംഘം നടത്തിയ അന്വേഷണത്തിലും വിശകലനത്തിലും വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകള്‍, വോട്ടര്‍മാരുടെ
വ്യാജ വിലാസങ്ങള്‍, വ്യാജ ചിത്രങ്ങള്‍, സംശയാസ്പദമായ ഫോം 6 അപേക്ഷകള്‍ എന്നിവ കണ്ടെത്തിയതായി രാഹുല്‍ഗാന്ധി അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും അതുകൊണ്ടാണ് അവര്‍ മെഷീന്‍ റീഡബിള്‍ ഡാറ്റ നല്‍കാത്തതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടുകൊള്ള നടത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിനു പിന്നാലേ, വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാനും പിന്തുണ നല്‍കാനുമായി കോണ്‍ഗ്രസ് വെബ്‌സൈറ്റ് ഇന്ന് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നീക്കം. രാഹുല്‍ കാണിച്ചത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖയല്ലെന്നാണ് നോട്ടിസില്‍ പറയുന്നത്.
'വോട്ട് ചോരി' (വോട്ട് കൊള്ള) എന്ന പേരിലാണ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. 'ഒരു വ്യക്തിക്ക് ഒരു വോട്ട്' എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനമെന്നും രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ചിരുന്നു. പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വരുത്താനും ഡിജിറ്റല്‍ വോട്ടര്‍ ലിസ്റ്റ് പുറത്തുവിടാനും രാഹുല്‍ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് രാഹുലിന്റെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് മാര്‍ച്ചും നടത്തുന്നുണ്ട്.
അതേസമയം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ നടന്നത് പ്രത്യക്ഷമായ അട്ടിമറിയെന്ന് മന്‍സൂര്‍ അലി ഖാന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ സെന്‍ട്രലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു മന്‍സൂര്‍ അലി ഖാന്‍. ഒരു ലക്ഷത്തില്‍ പരം വോട്ടുകളുടെ അട്ടിമറി മഹാദേവപുരയില്‍ നടന്നുവെന്നും മന്‍സൂര്‍ അലി ഖാന്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി പുറത്ത് വിട്ടത് ശരിയായ തെളിവുകളാണെന്നും മന്‍സൂര്‍ അലി ഖാന്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. വിശദീകരണം നല്‍കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും മന്‍സൂര്‍ അലി ഖാന്‍ ചൂണ്ടിക്കാണിച്ചു. നിയമ നടപടി സംബന്ധിച്ചുള്ള തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത സംബന്ധിച്ചുള്ള ചോദ്യമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയതെന്നും മന്‍സൂര്‍ അലി ഖാന്‍ കൂട്ടിച്ചേര്‍ത്തു.