- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമർശനത്തിന് പിന്നാലെ ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി.ടി. ഉഷ; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം; നീതി ലഭ്യമാക്കുമെന്ന് അറിയിച്ചതായി ബജ്റങ് പുനിയ; സമര പന്തലിൽ നിന്നും മടങ്ങവെ പിടി ഉഷയുടെ വാഹനം തടഞ്ഞ് വിമുക്തഭടൻ
ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദറിൽ കഴിഞ്ഞ 11 ദിവസങ്ങളിലായി ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ. ബുധനാഴ്ച രാവിലെയായിരുന്നു ഉഷയുടെ സന്ദർശനം. സമരക്കാരോട് സംസാരിച്ച് പുറത്തിറങ്ങിയ പിടി ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. സമരം ചെയ്യുന്ന താരങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് പി. ടി. ഉഷ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.
ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഉഷ പറഞ്ഞു. വിഷയത്തിൽ ഉടൻ പരിഹാരമുണ്ടാക്കുമെന്നും നീതി ലഭ്യമാക്കുമെന്നും അറിയിച്ചു. എന്നാൽ ബ്രിജ്ഭൂഷണെ ജയിലിലടയ്ക്കും വരെ ഞങ്ങൾ ഇവിടെ തുടരും' സമരത്തിൽ പങ്കെടുക്കുന്ന ഗുസ്തി താരം ബജ്റങ് പുനിയ പറഞ്ഞു. സമര പന്തലിൽ നിന്ന് പുറത്ത് പോവുന്നതിനിടെ പിടി ഉഷയുടെ വാഹനം വിമുക്തഭടൻ തടഞ്ഞു. സമരം ചെയ്യുന്നവരിലൊരാളായിരുന്നു വിമുക്ത ഭടൻ.
താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നായിരുന്നു നേരത്തെ ഉഷയുടെ വിവാദ പരാമർശം. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുൻപ് താരങ്ങൾ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും ഉഷ പറഞ്ഞു.
എന്നാൽ പി.ടി. ഉഷയിൽ നിന്ന് ഇത്ര പരുക്കൻ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നൽകിയിരുന്നു. അവരിൽ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്ന് പുനിയ പറഞ്ഞു.
പി.ടി ഉഷയുടെ പരാമർശം തങ്ങളിൽ വേദനയുണ്ടാക്കി എന്നായിരുന്നു സാക്ഷി മാലിക്കിന്റെ പ്രതികരണം. ഒരു സ്ത്രീയായിട്ടും അവർ തങ്ങളെ പിന്തുണച്ചില്ല. തങ്ങൾക്ക് നീതി ലഭിച്ചിരുന്നെങ്കിൽ ഇത്തരത്തിൽ തെരുവിൽ ഇരിക്കില്ലായിരുന്നുവെന്നും സാക്ഷി കൂട്ടിച്ചേർത്തു. വിഷയം ചർച്ച ചെയ്യാൻ ഉഷയെ വിളിച്ചിരുന്നെങ്കിലും അവർ മറുപടിയൊന്നും നൽകിയില്ല എന്ന് വിനേഷ് ഫോഗട്ടും ആരോപിച്ചു.
പരാതിയുമായി ബന്ധപ്പെട്ട് ബ്രിജ്ഭൂഷനെ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.. ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
എന്നാൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് താരങ്ങൾ. ഡൽഹി പൊലീസിൽ തങ്ങൾക്ക് വിശ്വാസമില്ല. ഇത് ഒരു എഫ്.ഐ.ആറിന്റെ വിഷയമല്ല. മറിച്ച് ഇത്തരം വ്യക്തികളെ ശിക്ഷിക്കുന്നതിനായുള്ള പോരാട്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.
ബ്രിജ് ഭൂഷണെതിരെയുള്ള പരാതി അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് സാക്ഷി മാലിക് പറഞ്ഞു. പൊലീസിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല. മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ സുപ്രീം കോടതിയെ വീണ്ടും സമീപിക്കുമെന്നും സാക്ഷി മാലിക് പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ നിലപാട് സംശയകരമാണ്. നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഫലമില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ