- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈയിൽ 'ഇന്ത്യാ' നേതാക്കൾ ഒത്തുചേരുന്നതിന് മുമ്പേ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി കോൺഗ്രസ്; പ്രതിപക്ഷ മുന്നണിയെ മുന്നിൽ നിന്ന് നയിക്കേണ്ടത് പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന വാദം ചർച്ചയാക്കും; മമതയും നിതീഷും പവാറും കെജ്രിവാളും എടുക്കുന്ന നിലപാട് നിർണ്ണായകം; പ്രതിപക്ഷ മുന്നണിയിലെ നായകൻ ആര്? വ്യാഴവും വെള്ളിയും നിർണ്ണായകം
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാറുമോ? 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിക്കുകയാണ്. 26 പ്രതിപക്ഷ പാർട്ടികളും ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് ഇന്ത്യ സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചതെന്നും എന്നിരുന്നാലും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതായും ഗെലോട്ട് വ്യക്തമാക്കി.
ഗെലോട്ടിന്റെ പ്രസ്താവനയെ ഇനി 'ഇന്ത്യാ' മുന്നണി എങ്ങനെ കാണുമെന്നതാണ് ശ്രദ്ധേയം. കൂടിയാലോചനകളില്ലാതെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസ് പ്രഖ്യാപിക്കുമ്പോൾ അതിനെ പ്രതിപക്ഷ മുന്നണി എങ്ങനെ കാണുമെന്നതാണ് നിർണ്ണായകം. അടുത്ത മുന്നണി യോഗത്തിൽ രാഹുലിനെ പ്രതിപക്ഷ മുന്നണിയുടെ പ്രധാന നേതൃത്വം ഏൽപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും. ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി കോൺഗ്രസാണ്. കൂടുതൽ സംസ്ഥാനങ്ങളിൽ വേരുകളുള്ള പാർട്ടി. അതിനാൽ രാജ്യത്തെ നയിക്കാനുള്ള കെട്ടുറപ്പ് കോൺഗ്രസിനും രാഹുലിനും മാത്രമേ ഉള്ളൂവെന്ന വിലയിരുത്തലാകും ഉയർത്തുക. ഇതാണ് ഗെലോട്ടിന്റെ വാക്കുകളിലുമുള്ളത്.
ഇതിനെ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ബീഹാറിലെ മുഖ്യമന്ത്രി നിതീഷ് കുമാറും ആംആദ്മി പാർട്ടിയും എൻസിപിയും എങ്ങനെ എടുക്കുമെന്നതാണ് നിർണ്ണായകം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുത്ത ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കാം എന്ന ചിന്ത അവർ മുമ്പോട്ട് വയ്ക്കും. അങ്ങനെ വന്നാൽ തിരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക കക്ഷികളുടെ നേതാക്കൾക്ക് പോലും സമവായത്തിൽ പ്രധാനമന്ത്രിയാകാം. ഇതു മനസ്സിലാക്കി കൂടിയാണ് രാഹുലിനെ കോൺഗ്രസ് അവതരിപ്പിക്കുന്നത്. ഇതിനെ മറ്റ് പാർട്ടികൾ എങ്ങനെ എടുക്കുമെന്നതാണ് നിർണ്ണായകം.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുതെന്നും ഗെലോട്ട് പറഞ്ഞു. 2014ൽ 31 ശതമാനം വോട്ട് നേടി ബിജെപി അധികാരത്തിൽ വന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുത്. ബാക്കിയുള്ള 69 ശതമാനം വോട്ടുകളും അദ്ദേഹത്തിന് എതിരായിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 50% വോട്ടുകൾ നേടി അധികാരത്തിലെത്താൻ എൻഡിഎ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, മോദിക്ക് ഒരിക്കലും അതു നേടാനാകില്ലെന്നു ഗെലോട്ട് പറഞ്ഞു. ജനപ്രീതിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ 50% വോട്ട് ഉറപ്പാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. മോദിയുടെ വോട്ട് വിഹിതം കുറയുമെന്നും ഗെലോട്ട് പറഞ്ഞു.
''2024 ലെ തിരഞ്ഞെടുപ്പ് ഫലം ആരാണ് പ്രധാനമന്ത്രിയാകുന്നത് എന്ന് നിർണയിക്കും. ജനാധിപത്യത്തിൽ ഭാവിയെക്കുറിച്ച് പ്രവചനങ്ങൾ നടത്തുന്നത് സാധ്യമല്ല. ഈ തീരുമാനം ജനങ്ങളാണ് എടുക്കേണ്ടത്. മോദി നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അവർക്ക് എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾക്ക് അറിയാം'' അദ്ദേഹം പറഞ്ഞു. രാഹുലിനെ ഉയർത്തിക്കാട്ടുന്ന ഈ പ്രസ്താവയിൽ പ്രതിപക്ഷത്തെ മറ്റ് പാർട്ടികളുടെ നിലപാട് നിർണ്ണായകമാകും. കൂടുതൽ പാർട്ടികൾ രാഹുലിനെ പിന്തുണച്ചാൽ അത് മുന്നണി തീരുമാനമാകും. അത് ഉടൻ ഉണ്ടാകുമോ എന്നതാണ് നിർണ്ണായകം.
ഇടതുപക്ഷവുമായുള്ള സഖ്യം തുടരുമെന്ന് പറഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചില കാര്യങ്ങൾ കൂടി വിശദീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, ആശയപരമായ സഖ്യമാണ് ഡിഎംകെയും ഇടത് പാർട്ടികളുമായുള്ളതെന്ന് സ്റ്റാലിൻ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിയെക്കുറിച്ച് സംസാരിക്കാൻ നരേന്ദ്ര മോദിക്ക് എന്ത് യോഗ്യതയാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ചോദിച്ചു. സിഎജി റിപ്പോർട്ടിൽ കേന്ദ്ര സർക്കാറിന്റെ 7 അഴിമതികൾ കണ്ടെത്തി. അതിനെക്കുറിച്ച് സംസാരിക്കാൻ മോദി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും സ്റ്റാലിൻ ചോദിച്ചു.
ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം പോലും നടപ്പാക്കാതെ രാജ്യത്തെ വിഭജിക്കുക മാത്രമാണ് മോദി ചെയ്തതെന്നും സ്റ്റാലിൻ വിമർശിച്ചു. അടുത്ത 'ഇന്ത്യ' മുന്നണി യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനും 'ഇന്ത്യ' യോഗത്തിൽ പങ്കെടുക്കുമെന്നും സ്റ്റാലിൻ അറിയിച്ചു. അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിൽ മുംബൈലിൽ വച്ചാണ് യോഗം ചേരുക. ഈ യോഗത്തിൽ ഡിഎംകെയുടെ അടക്കം പിന്തുണയിൽ രാഹുലിനെ നേതാവാക്കാനാണ് കോൺഗ്രസ് ശ്രമം.




