ന്യൂഡൽഹി: അദാനി വിഷയത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. വ്യവസായി ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂട്ടുകെട്ട് പരാമർശിച്ചുള്ള വീഡിയോ എപ്പിസോഡുകൾ പുറത്ത് വിട്ടാണ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട ആദ്യ എപ്പിസോഡ് തിങ്കളാഴ്ച പുറത്തിറക്കി.

2018-ൽ രാജ്യത്തെ പ്രമുഖ ആറു വിമാനത്താവളങ്ങൾ അദാനിക്കു നൽകിയതിനെ ചോദ്യംചെയ്തുകൊണ്ടാണ് ആദ്യ എപ്പിസോഡ് പുറത്തിറക്കിയത്. ഒരു വർഷത്തിനപ്പുറം രാജ്യത്തെ വിവിധ തുറമുഖങ്ങളുടെ കരാറുകളും അദാനിക്ക് നൽകിയതായി വിഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. 'അദാനി-മോദി മിത്രകാലം' എന്നു പേരിട്ട് രാഹുൽ നേരിട്ട് ആരോപണമുന്നയിക്കുന്ന വീഡിയോ യുട്യൂബ് ഉൾപ്പെടെയുള്ള നിരവധി സാമൂഹികമാധ്യമങ്ങളിലും പങ്കുവെച്ചു.

ഫെബ്രുവരി എട്ടിന് രാഹുൽ ലോക്‌സഭയിൽ അവതരിപ്പിച്ച കാര്യങ്ങൾ സൂചിപ്പിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. പാർലമെന്റിൽ നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ സത്യം പറഞ്ഞു. ഇന്ത്യയിലെ സമ്പത്ത് എങ്ങനെയാണ് കൊള്ളയടിക്കുന്നതെന്നും പറഞ്ഞു. രാഹുൽ ആമുഖത്തിൽ പറയുന്നു.

ഒരു അനുഭവപാരമ്പര്യവുമില്ലാതെ ഏതു വ്യവസായവും ആരംഭിക്കാമെന്നും രാഹുൽ ആമുഖത്തിൽ വ്യക്തമാക്കി. നവംബർ 2018-ൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തിരുവനന്തപുരം ഉൾപ്പെടെയുള്ള രാജ്യത്തെ ആറു വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ അദാനിക്കു നൽകിയിരുന്നു. മുൻകാല പരിചയമൊന്നുമില്ലാതെയാണിത്. അഞ്ച് മിനിറ്റാണ് ആദ്യ വീഡിയോയുടെ ദൈർഘ്യം. താൻ വ്യവസായത്തെയല്ല മറിച്ച് കുത്തകയെയാണ് എതിർക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.

അദാനിക്ക് വേണ്ടി മോദി ചട്ടങ്ങൾ മറികടക്കുകയാണെന്ന് നേരത്തെയും രാഹുൽ വിമർശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലൊക്കെ അദാനി അനുഗമിച്ച് വിവിധ കരാറുകൾ ഒപ്പിടുന്നു. കൂടാതെ രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നു. പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് ഇതിനെല്ലാം അടിസ്ഥാനമെന്നും താൻ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമാണെന്നും രാഹുൽ ആവർത്തിച്ചിരുന്നു.

മോദി-അദാനി ബന്ധത്തെ കുറിച്ച് പാർലനമെന്റിൽ വളരെ മാന്യമായ ഭാഷയിലാണ് സംസാരിച്ചത്. ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. എന്നാൽ പ്രധാനമന്ത്രി മറുപടി പറയുന്നതിന് പകരം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തത്. തന്റെ പ്രസംഗം നീക്കം ചെയ്തെങ്കിലും മോദിയുടെ പ്രസംഗം നീക്കം ചെയ്തില്ലെന്നും രാഹുൽ ആരോപിച്ചു. സത്യം മോദിയുടെ കൂടെയില്ല. മോദിയുടെ ധാരണ എല്ലാവർക്കും അദ്ദേഹത്തെ പേടിയാണെന്നാണ്. എനിക്ക് അദ്ദേഹത്തെ ഭയമില്ല. ഒരു ദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും രാഹുൽ പറഞ്ഞിരുന്നു. വയനാട്ടിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് പാർലമെന്റിലെ പരാമർശങ്ങൾ രാഹുൽ ആവർത്തിച്ചത്.