കോഴിക്കോട്: വയനാട് എംപി രാഹുൽ ഗാന്ധിയുടെ നാമ നിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലം ചർച്ചകളിലേക്ക്. സത്യവാങ്മൂലം പ്രകാരം രാഹുൽ ഗാന്ധിയുടെ സമ്പാദ്യം 5 കോടി 80 ലക്ഷം രൂപയാണ്. നിക്ഷേപങ്ങളും , ഭൂമിയും കെട്ടിടങ്ങളും അടക്കമുള്ള സ്താവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം പതിനഞ്ച് കോടി 88 ലക്ഷം രൂപയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഈ സത്യവാങ്മൂലം വൈറലാക്കുകയാണ് ബിജെപി. തനിക്ക് 52 വയസ്സായെന്നും ഇതുവരെ ഒരു വീടു പോലുമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതിനെ പരിഹസിച്ച് ബിജെപി ഈ സത്യവാങ്മൂലം ചർച്ചയാക്കുകയാണ്.

സ്വന്തമായി വീടില്ല എന്ന അനുഭവം ആണ് ഭാരത് ജോഡോ യാത്രയെ മാറ്റിയതും ജനങ്ങളുമായി ബന്ധമുള്ളതാക്കുകയും ചെയ്തതെന്നും അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ 85ാം പ്ലീനറി സമ്മേളനത്തിന്റെ മൂന്നാം ദിനം പ്രതിനിധികളെ അഭിസംബോധന ചെയ്യവെ പറഞ്ഞിരുന്നു. എന്നാൽ 52 വർഷങ്ങൾക്കുശേഷമാണ് രാഹുൽ ഉത്തരവാദിത്തങ്ങളെക്കുറിച്ചു ചിന്തിക്കുന്നതെന്നാണ് ബിജെപി നേതാവ് സാംബിത് പാത്ര പരിഹസിച്ചത്. ''എന്റെ അമ്മ പറഞ്ഞു. ഇതു നമ്മുടെ വീടല്ല. സർക്കാരിന്റേതാണ്. നമ്മൾ ഇറങ്ങിക്കൊടുക്കണം. എവിടെപ്പോകുമെന്ന് ഞാൻ അവരോടു ചോദിച്ചു. അറിയില്ലെന്നായിരുന്നു അവരുടെ മറുപടി'' 1999ലെ തിരഞ്ഞെടുപ്പിനുശേഷമുള്ള ഒരു സംഭവം പരാമർശിക്കുകയായിരുന്നു രാഹുൽ. താൻ താമസിച്ച വീട് തങ്ങളുടേതാണെന്നായിരുന്നു അന്ന് ചിന്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

''ഇപ്പോഴെനിക്ക് 52 വയസ്സായി, സ്വന്തമായി ഒരു വീടുപോലും ഇല്ല. അലഹാബാദിലെ കുടുംബ വീട് ഞങ്ങളുടേതല്ല. ഞാൻ തുഗ്ലക് ലെയ്‌നിലെ 12ാം നമ്പർ വീട്ടിൽ താമസിക്കുന്നു. പക്ഷേ ആ വീട് എന്റേതല്ല. ഭാരത് ജോഡ!!ോ യാത്ര ആരംഭിച്ചപ്പോൾ യാത്രയിൽ പങ്കെടുക്കുന്ന എല്ലാവരോടുമുള്ള എന്റെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയെന്ന് എന്നോടുതന്നെ ഞാൻ ചോദിച്ചു. ഇക്കാര്യം ഞാനെന്റെ ഓഫിസിൽ ഉള്ളവരോടു പറഞ്ഞു. യാത്രയിൽ എത്തുന്നവർക്ക് അതൊരു ഭവനമായി തോന്നണം. യാത്രയാണ് നമ്മുടെ ഭവനം. അതിന്റെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കണം സമ്പന്നർക്ക്, പാവപ്പെട്ടവർക്ക്, മൃഗങ്ങൾക്ക്... അങ്ങനെ എല്ലാവർക്കും. അതു ചെറിയ ആശയമായിരുന്നു. പക്ഷേ, അതിന്റെ ആഴം പിന്നീടെനിക്കു വ്യക്തമായി. യാത്ര ഒരു ഭവനമായി മാറിയ ദിവസം യാത്രയ്ക്കു തന്നെ മാറ്റമുണ്ടായി. ആളുകൾ എന്നോടു രാഷ്ട്രീയം സംസാരിച്ചില്ല. നമ്മളുടെ ചെറിയ ഭവനം കശ്മീരിൽ എത്തിയപ്പോൾ എന്റെ വീട്ടിൽ എത്തിയതായി എനിക്ക് അനുഭവപ്പെട്ടു'' -ഇതായിരുന്നു രാഹുൽ പറഞ്ഞത്.

എന്നാൽ 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ അഞ്ച് വർഷത്തിനിടയിൽ രാഹുൽ ഗാന്ധിയുടെ ആകെ ആസ്തിയിൽ 7 കോടിയോളം രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. 2014ലെ തിരഞ്ഞെടുപ്പിൽ 9.4 കോടിയായിരുന്നു ആകെ ആസ്തിയായി കാണിച്ചിരുന്നത്. വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ നാൽപ്പതിനായിരം രൂപയാണ് കൈവശമുള്ളത്. വിവിധ ബാങ്കുകളിലായി 17.93 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. ഓഹരി , ബോണ്ട് തുടങ്ങിയവയിലുള്ള നിക്ഷേപം 5 കോടിയിൽ പരം രൂപയുടേതായിരുന്നു.

പോസ്റ്റൽ നിക്ഷേപം, ഇൻഷുറൻസ് തുടങ്ങിയവയിലായി 40 ലക്ഷം രൂപയും മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വർണവും അടക്കമാണ് അഞ്ച് കോടി 80 ലക്ഷം രൂപ. ഡൽഹിയിലെ സുൽത്താൻപൂരിലുള്ള കൃഷിഭൂമിയിൽ രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്ക്കും അവകാശമുണ്ട്. ഒരു കോടി 32 ലക്ഷം രൂപ വിപണി വിലയുള്ള ഭൂമിയാണിത്. ഗുരുഗ്രാമിൽ വാണിജ്യാവശ്യത്തിനായുള്ള രണ്ട് കെട്ടിടങ്ങളും രാഹുൽ ഗാന്ധിയുടെ പേരിലുണ്ട്. 8,75,70,000.00 ആണ് ഇതിന്റെ 2019ലെ വില. വീടില്ലെങ്കിലും ആവശ്യത്തിന് സമ്പാദ്യം രാഹുലിന് ഉണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി പരിഹാസവുമായി എത്തുന്നത്.

ബിജെപിയുടെ പരിഹാസം കടന്നാക്രമണം കൂടിയാണ്. ''52 വർഷങ്ങൾക്കുശേഷമാണ് രാഹുൽ തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചു ചിന്തിക്കുന്നത്. പാർട്ടി അധ്യക്ഷസ്ഥാനം വെടിഞ്ഞു എന്നിട്ടാണ് ഉത്തരവാദിത്തങ്ങളെക്കുറിച്ചു ചിന്തിക്കുന്നത്. രാഹുൽ, എനിക്കു പറയാനുള്ളത്, മറ്റെല്ലാ ഗാന്ധി കുടുംബാംഗങ്ങളെയുമെന്നതുപോലെ നിങ്ങളുടെ ഉത്തരവാദിത്തമെന്നത് ഉത്തരവാദിത്തമില്ലാത്ത അധികാരമെന്നതാണ്. നിങ്ങൾ 52 വർഷത്തിനുശേഷം മനസ്സിലാക്കിയത് ഞങ്ങളുടെ രണ്ടു പ്രധാനമന്ത്രിമാർക്കും അവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ വ്യക്തമായിരുന്നു. എല്ലാ സർക്കാർ വീടുകളും നിങ്ങളുടേതാണെന്നാണ് നിങ്ങൾ ചിന്തിച്ചിരുന്നത്.'' സാംബിത് പാത്ര വ്യക്തമാക്കി.