ഇംഫാൽ: നാടകീയരംഗങ്ങൾക്ക് ഒടുവിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി മണിപ്പൂരിൽ കലാപം ആദ്യം പൊട്ടിപുറപ്പെട്ട ചുരാചന്ദ്പ്പൂര് സന്ദർശിച്ചു. മണിപ്പുരിലെ സംഭവവികാസങ്ങൾ ദൗർഭാഗ്യകരമെന്ന് രാഹുൽ പറഞ്ഞു. ചുരാചന്ദ്പുരിലെ ഗ്രീൻവുഡ് ദുരിതാശ്വാസ ക്യാംപിലെത്തി കലാപബാധിതരെ സന്ദർശിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞത്. മണിപ്പുരിൽ തന്നെ തടഞ്ഞത് ദൗർഭാഗ്യകരമാണ്. മണിപ്പുരിലെ സഹോദരീസഹോദരന്മാരെ കാണാനാണ് എത്തിയത്. സമാധാനത്തിനാണ് ആദ്യ പരിഗണന നൽകേണ്ടതെന്നും രാഹുൽ വ്യക്തമാക്കി. കുട്ടികൾക്കൊപ്പം ഭക്ഷണവും കഴിച്ചു. സന്ദർശനം പൂർത്തിയാക്കിയ രാഹുൽ ഇംഫാലിലേക്ക് മടങ്ങി.

ചുരാചന്ദ്പുരിൽ കുക്കി വിഭാഗത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയാണ് രാഹുൽ ഗാന്ധി സന്ദർശിച്ചത്. ഇംഫാലിലെ മെയ്‌തെയ് ക്യാംപുകളും രാഹുൽ സന്ദർശിച്ചു. ഐഡിൽ വനിതാ കോളജിലാണ് സന്ദർശനം നടത്തിയത്. രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞതിനെത്തുടർന്ന് സംഘർഷമുണ്ടായിരുന്നു. ആകാശത്തേക്ക് വെടിവച്ച പൊലീസ്, കണ്ണീർവാതകവും പ്രയോഗിച്ചു. തുടർന്ന് ഇംഫാലിൽ നിന്ന് ഹെലികോപ്ടറിലാണ് ചുരാചന്ദ്പുരിലെത്തിയത്.

രാഹുലിനു വഴിയൊരുക്കാനെത്തിയ നൂറുകണക്കിനു സ്ത്രീകൾ പൊലീസുമായി ഏറ്റുമുട്ടിയതോടെയാണ് പ്രദേശത്തു സംഘർഷം രൂക്ഷമായത്. ഇവരെ തുരത്താനായാണു പൊലീസ് ആകാശത്തേക്കു വെടിവച്ചത്. ഇംഫാൽ വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ അകലെ ബിഷ്ണുപുരിൽ ബാരിക്കേഡ് സ്ഥാപിച്ച് രാഹുലിന്റെ വാഹനം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നിൽക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഉച്ചയ്ക്ക് 12.30 മുതൽ രണ്ടു മണിക്കൂറോളം രാഹുൽ വാഹനത്തിൽ തുടർന്നു. ബിഷ്ണുപുരിൽ പൊലീസ് തടഞ്ഞതായും കടത്തിവിടാൻ പറ്റാവുന്ന സാഹചര്യമല്ലെന്നു പറഞ്ഞതായും കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. രാഹുലിനെ കൈവീശി അഭിവാദ്യം ചെയ്യാനായി റോഡിന്റെ ഇരുവശങ്ങളിലും ജനം കൂടി നിൽക്കുകയാണ്. എന്തുകൊണ്ടാണ് ഞങ്ങളുടെ യാത്ര തടഞ്ഞതെന്നു മനസ്സിലാകുന്നില്ലെന്നും വേണുഗോപാൽ പ്രതികരിച്ചു. രാഹുലിനെ തടഞ്ഞതിനെ തുടർന്നു പൊലീസും കോൺഗ്രസ് നേതാക്കളുമായി വാക്കുതർക്കമുണ്ടായി.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇംഫാലിൽ രാഹുൽ വിമാനമിറങ്ങിയത്. യാത്ര തുടരുന്നതിലെ സുരക്ഷാ പ്രശ്നങ്ങൾ അപ്പോൾ തന്നെ പൊലീസ് രാഹുലിനെ അറിയിച്ചിരുന്നു. എന്നാൽ സന്ദർശനം തുടരുമെന്ന് വ്യക്തമാക്കി രാഹുൽ മുന്നോട്ടുനീങ്ങുകയായിരുന്നു. ഇതിനിടെയാണ് ബിഷ്ണുപുരിൽവെച്ച് പൊലീസ് രാഹുലിനെ തടഞ്ഞത്. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

രാഹുലിനെ അഭിവാദ്യ ചെയ്യാനായി റോഡിന്റെ ഇരുവശങ്ങളിലും ജനം കൂടി നിൽക്കുകണെന്നും എന്തുകൊണ്ടാണ് യാത്ര തടഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും കെ.സി വേണുഗോപാൽ പ്രതികരിച്ചു. രാഹുലിനെ തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് പൊലീസും കോൺഗ്രസ് നേതാക്കളുമായി വാക്കുതർക്കമുണ്ടായി. രാഹുലി്ന് വഴിയൊരുക്കാനെത്തിയ നൂറുകണക്കിന് ജനങ്ങളും പൊലീസുമായി ഏറ്റുമുട്ടി. ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

മണിപ്പൂരിൽ കലാപം തുടർന്നിട്ടും പ്രധാനമന്ത്രി വിഷയത്തിൽ മൗനം തുടരുന്ന സാഹചര്യത്തിൽ രാഹുലിന്റെ മണിപ്പൂർ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതിനിടെ രാഹുൽ സമാധാനത്തിന്റെ മിശിഹയല്ലെന്നും രാഷ്ട്രീയ അജണ്ടയുമായാണ് മണിപ്പൂരിലെത്തിയതെന്നും ബിജെപി വിമർശിച്ചു.