ബെംഗളൂരു: ബിജെപിക്കെതിരെ പോരാട്ടത്തിന്റെ പോർമുഖം തുറന്ന പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മക്ക് 'INDIA' എന്ന പേരും നൽകിയതാണ് ബംഗളുരുവിലെ സമ്മേളനം അവസാനിച്ചത്. ഇന്ത്യയുടെ ശബ്ദം വീണ്ടെടുക്കാനുള്ള പോരാട്ടമായതിനാലാണ് വിശാല പ്രതിപക്ഷ സഖ്യത്തിന് 'INDIA' എന്ന പേര് തിരഞ്ഞെടുത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്.

ബിജെപി ഭരണത്തിന് കീഴിൽ ഇന്ത്യ എന്ന ആശയം അക്രമിക്കപ്പെടുകയാണെന്നും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിൽനിന്ന് രാജ്യത്തിന്റെ ശബ്ദം തട്ടിയെടുക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ബെംഗളൂരുവിലെ വിശാല പ്രതിപക്ഷ യോഗത്തിനുശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

'ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമായതിനാലാണ് ഞങ്ങൾ INDIA (ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെന്റൽ ഇൻക്ല്യൂസിവ് അലയൻസ്) എന്ന പേര് തിരഞ്ഞെടുത്തത്. ഈ പോരാട്ടം എൻഡിഎയും ഇന്ത്യയും തമ്മിലാണ്, നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലാണ്, ബിജെപിയുടെ പ്രതിയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. ഇന്ത്യയുടെ ഭരണഘടനയേയും ജനങ്ങളുടെ ശബ്ദത്തേയും ഈ മഹത്തായ രാജ്യത്തിന്റെ ആശയത്തേയും ഞങ്ങൾ സംരക്ഷിക്കും. ഇന്ത്യ എന്ന ആശയത്തെ ആരെങ്കിലും ഏറ്റെടുക്കുമ്പോൾ ആരാണ് വിജയിക്കുകയെന്ന് നമുക്കെല്ലാവർക്കും അറിയാം', രാഹുൽ പറഞ്ഞു.

പ്രതിപക്ഷ യോഗം ഏറെ ക്രിയാത്മകവും ഫലപ്രദവുമായിരുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യത്തെ വിലയ്ക്കുവാങ്ങാൻ രാജ്യത്തെ വിൽക്കാനുള്ള ഇടപാടുകളാണ് ബിജെപി നടത്തുന്നത്. അതുകൊണ്ടാണ് സ്വതന്ത്ര ഏജൻസികളെ അവർ പ്രവർത്തിക്കാൻ അനുവദിക്കാത്തതെന്നും മമത ആരോപിച്ചു.

'ഞങ്ങൾ യഥാർഥ വെല്ലുവിളി ഏറ്റെടുക്കുന്നു. എൻഡിഎ, ഇന്ത്യയെ നിങ്ങൾ വെല്ലുവിളിക്കുമോ? ബിജെപി, ഇന്ത്യയെ നിങ്ങൾ വെല്ലുവിളിക്കുമോ?. മാതൃരാജ്യത്തെ ഞങ്ങൾ സ്നേഹിക്കുന്നു. ഞങ്ങൾ രാജ്യസ്നേഹികളാണ്. ഈ രാജ്യത്തിനുവേണ്ടിയും യുവാക്കൾക്കും കർഷകർക്കും ദളിതർക്കുമെല്ലാം വേണ്ടിയുമാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഞങ്ങളുടെ എല്ലാ പ്രവർത്തനവും പ്രചാരണവും ഇന്ത്യ എന്ന ബാനറിന് കീഴിലാണ്. ആർക്കെങ്കിലും ഞങ്ങളെ വെല്ലുവിളിക്കാൻ സാധിക്കുമെങ്കിൽ അതിന് ശ്രമിക്കാം. ഇന്ത്യ ജയിക്കും ബിജെപി നശിക്കും', മമത പറഞ്ഞു

ബെംഗളൂരുവിൽ ഇന്ന് സമാപിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാം സമ്മേളനത്തിലാണ് സഖ്യത്തിന് കചഉകഅ എന്ന് പേരിടാൻ തീരുമാനിച്ചത്. സഖ്യത്തെ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി തന്നെ നയിച്ചേക്കുമെന്നാണ് വിവരം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൺവീനറായും പ്രവർത്തിക്കും. രണ്ട് സബ് കമ്മറ്റികളും രൂപവത്കരിക്കും. അടുത്ത പ്രതിപക്ഷ യോഗം മുംബൈയിൽ ചേരാനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി. ഈ യോഗത്തിലായിരിക്കും അധ്യക്ഷൻ ഉൾപ്പെടെയുള്ള കാര്യത്തിൽ അന്തിമ തീരുമാനമാകുകയെന്നാണ് വിവരം.

കഴിഞ്ഞമാസം 23-ന് പട്നയിൽചേർന്ന കൂട്ടായ്മയുടെ തുടർച്ചയായാണ് ബെംഗളൂരുവിൽ പ്രതിപക്ഷപാർട്ടികളുടെ രണ്ടാം യോഗം നടന്നത്.