- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുന്നണി കൺവീനറിൽ തീരുമാനത്തിന് സാധ്യത; 11 അംഗ ഏകോപന സമിതിയും വരും; സീറ്റ് വിഭജനത്തിലും ചർച്ച തുടങ്ങും; കേരളത്തിൽ കോൺഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കും; മറ്റ് സംസ്ഥാനങ്ങളിൽ ധാരണയ്ക്ക് സാധ്യത; പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കില്ല; പ്രതിപക്ഷത്തെ സഖ്യത്തെ ആരു നയിക്കും? രാഹുലിന് വേണ്ടി വാദമുയർത്താൻ കോൺഗ്രസ്
ന്യൂഡൽഹി: പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' ഉടൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ല. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആരേയും ഇപ്പോൾ ഉയർത്തിക്കാട്ടരുതെന്ന് കോൺഗ്രസിനോടും മറ്റ് പാർട്ടികൾ ആവശ്യപ്പെടും. 'ഇന്ത്യ'യുടെ മുംബൈയിൽ നടക്കുന്ന മൂന്നാംയോഗം സീറ്റുധാരണ സംബന്ധിച്ച് ചർച്ച ചെയ്യും. കൂട്ടായ്മയുടെ ഭാവി തന്ത്രങ്ങൾക്ക് യോഗം രൂപം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
കൂടുതൽ രാഷ്ട്രീയപാർട്ടികൾ കൂട്ടായ്മയുടെ ഭാഗമാകും. സീറ്റുധാരണ സംബന്ധിച്ചുള്ള ചർച്ചകളും നടത്തും. അതോടൊപ്പം മറ്റുചില അജൻഡകളുമുണ്ട്- നിതീഷ് പറഞ്ഞു. മുന്നണിയുടെ കൺവീനറേയും നിശ്ചയിക്കും. കൺവീനറായി കോൺഗ്രസ് മുമ്പോട്ട് വയ്ക്കുന്നത് രാഹുൽ ഗാന്ധിയുടെ പേരാണ്. ഫലത്തിൽ മുന്നണിയുടെ പ്രധാന നേതാവായി രാഹുലിനെ മാറ്റുകയാണ് ലക്ഷ്യം.
'ഇന്ത്യ' കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി 11 അംഗ ഏകോപനസമിതിക്ക് രൂപം നൽകും. കൂട്ടായ്മയുടെ ഭാവിപ്രവർത്തനങ്ങൾ നിയന്ത്രിക്കുക ഏകോപനസമിതിയാകും. ഇതോടൊപ്പം പ്രചാരണം, സംഘാടനം തുടങ്ങി കൂട്ടായ്മയുടെ വിവിധ പ്രവർത്തനങ്ങൾക്കായി അഞ്ച് ഉപസമിതിക്കും രൂപം നൽകും. ഇതിന് ശേഷം സീറ്റ് വിഭജനത്തിലേക്ക് കടക്കും. കേരളത്തിൽ സീറ്റ് വിഭജന ചർച്ചയുണ്ടാകില്ല. കേരളത്തിൽ കോൺഗ്രസും മുന്നണിയിലെ മറ്റൊരു പ്രധാന വിഭാഗവുമായ ഇടതുപക്ഷവും പരസ്പരം മത്സരിക്കും. മറ്റ് എല്ലാ സംസ്ഥാനത്തും സീറ്റ് വിഭജനം ഉണ്ടാകാനാണ് സാധ്യത.
അതേസമയം, മുംബൈ യോഗത്തിൽ കൺവീനറായി തെരഞ്ഞെടുക്കപ്പെടുമോയെന്ന ചോദ്യത്തോട് പ്രതികരിക്കവെ വ്യക്തിപരമായ ലക്ഷ്യങ്ങൾ തനിക്കില്ലെന്ന് നിതീഷ് പറഞ്ഞു. തുടക്കംമുതൽ താനിത് വ്യക്തമാക്കിയിട്ടുണ്ട്. കൺവീനർസ്ഥാനം മറ്റാർക്കെങ്കിലും കൊടുക്കാവുന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബിജെപിക്കെതിരെ പരമാവധി പാർട്ടികളെ യോജിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ നടക്കുന്ന യോഗത്തിൽ 'ഇന്ത്യ' കൂട്ടായ്മയുടെ ലോഗോ പുറത്തിറക്കുമെന്ന് ശിവസേനാ ഉദ്ധവ് വിഭാഗം നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റൗത്ത് പറഞ്ഞു. 140 കോടി ഇന്ത്യക്കാരിലേക്ക് എത്താനാണ് കൂട്ടായ്മ ശ്രമിക്കുന്നത്. ഇന്ത്യയെയും അതിന്റെ ഐക്യത്തെയും രാജ്യത്തെയാകെ യോജിപ്പിച്ച് നിർത്തുന്നതിന് ആവശ്യമായ ഊർജത്തെയും പ്രതിഫലിക്കുന്നതാകും ലോഗോയെന്നും റൗത്ത് പറഞ്ഞു.
ഓഗസ്റ്റ് 31ന് മുംബൈ ഗ്രാൻഡ് ഹയാട്ട് ഹോട്ടലിൽ നേതാക്കളുടെ അത്താഴവിരുന്നോടെയാണ് രണ്ടുദിവസത്തെ യോഗത്തിന് തുടക്കമാകുക. സെപ്റ്റംബർ ഒന്നിന് നേതാക്കൾ നാലു മണിക്കൂർ യോഗം ചേരും. തുടർന്ന് സംയുക്ത പ്രസ്താവനയുണ്ടാകും. വിവിധ പാർട്ടികളിൽനിന്നായി എൺപതോളം നേതാക്കൾ മുംബൈയിൽ എത്തും.
മറുനാടന് മലയാളി ബ്യൂറോ