ന്യൂഡൽഹി: യുഡിഎഫും ഇന്ത്യാ സഖ്യവും ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിനു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ബദൽ നേതാവിനെ അവതരിപ്പിക്കാനാണ് ഇത്. മോദി വീണ്ടും അധികാരമേൽക്കുമ്പോൾ പ്രതിപക്ഷത്തുള്ള ഏറ്റവും വലിയ ഒറ്റ കക്ഷിയുടെ നേതാവ് പ്രതിപക്ഷത്തെ നയിക്കാൻ യോഗ്യനാകും. പത്തുകൊല്ലമായി ലോക്‌സഭയ്ക്ക് ഔദ്യോഗിക പ്രതിപക്ഷ നേതാവില്ല. പ്രതിപക്ഷത്തുള്ള പാർട്ടികൾക്കൊന്നും പത്തു ശതമാനത്തിൽ കൂടുതൽ സീറ്റ് കിട്ടാത്തതു കൊണ്ടായിരുന്നു ഇത്. എന്നാൽ ഇത്തവണ കോൺഗ്രസിന് 99 സീറ്റ് കിട്ടി. ഇതോടെയാണ് പ്രതിപക്ഷത്തിന് നേതാവ് വരുന്നത്.

കോൺഗ്രസിൽ രാഹുലിന് അനുകൂല വികാരം ശക്തമാണ്. തൃണമൂൽ നേതാവ് മമതാ ബാനർജി പോലും ഇതിനെ അനുകൂലിക്കുന്നു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നേതാക്കൾ ആവശ്യം ഉന്നയിക്കും. രാഹുൽ ഗാന്ധി തയ്യാറായില്ലെങ്കിൽ മറ്റുപേരുകൾ പരിഗണിക്കും. എന്നാൽ രാഹുൽ സമ്മതിക്കുമെന്ന് തന്നെയാണ് ഏവരുടേയും പ്രതീക്ഷ. പ്രതിപക്ഷ നേതാവായി കെസി വേണുഗോപാലിന്റെ പേരും പരിഗണിക്കുന്നുണ്ട്. ശശി തരൂരിനെ പോലൊരു മുഖത്തെ പ്രതിപക്ഷത്തെ നയിക്കാൻ നിയോഗിക്കണമെന്ന ആവശ്യവുമുണ്ട്. എന്നാൽ രാജ്യസഭാ നേതാവ് മല്ലികാർജ്ജുന ഖാർഗെയാണ്. ഈ സാഹചര്യത്തിൽ ദക്ഷിണേന്ത്യൻ നേതാവ് ലോക്‌സഭയിലും കോൺഗ്രസിനെ നയിക്കുന്നത് വിമർശനത്തിന് വിധേയമാകും.

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം എറ്റെടുക്കാതിരുന്നാൽ ഉത്തരേന്ത്യൻ നേതാവിനെ പ്രതിപക്ഷ നേതൃസ്ഥാനം നൽകണമെന്ന നിർദ്ദേശവും സജീവം. എഐസിസി അധ്യക്ഷനായി മല്ലികാർജ്ജുന ഖാർഗെയും സംഘടനാ ജനറൽ സെക്രട്ടറിയായി കെസി വേണുഗോപാലും തുടരുന്ന സാഹചര്യത്തിലാണ് ഇത്. രാഹുലിന്റെ അതിവിശ്വസ്തനായി ഇനിയും കെസി തുടരും. സംഘടനയെ നയിക്കാനാണ് കെസിക്കും കൂടുതൽ താൽപ്പര്യം. ശശി തരൂരിനോട് ഔദ്യോഗിക പക്ഷത്തിന് ചില എതിർപ്പുണ്ട്. അതും പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും. ഇത്തരം ചർച്ചകൾ ഒഴിവാക്കാൻ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

ഇന്ത്യാ സഖ്യത്തിന്റെ മുഖമെന്ന നിലയിൽ രാഹുൽ ഗാന്ധി പ്രതിപക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഘടകകക്ഷികളുടെയും അഭിപ്രായം. അദ്ദേഹം പ്രതിപക്ഷ നേതാവായാൽ ഘടകക്ഷികളെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് നേതാക്കൾ പറയുന്നത്. ഭാവി പരിപാടികളെക്കുറിച്ച് പാർട്ടിയിലെയും ഘടകകക്ഷികളിലെയും നേതാക്കളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തുന്നുണ്ട്. ആര് പ്രതിപക്ഷ നേതാവാകണമെന്ന വിഷയത്തിൽ ഇന്ത്യാ സഖ്യം കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലും ചർച്ചയായില്ല.

സർക്കാരുണ്ടാക്കാൻ തൽക്കാലം ശ്രമിക്കേണ്ടെന്നാണ് യോഗം തീരുമാനിച്ചത്. ഭരണം നിലനിർത്താൻ ടിഡിപി, ജെഡിയു ഉൾപ്പെടെയുള്ള കക്ഷികളെ ആശ്രയിക്കേണ്ടതിനാൽ ബിജെപി സർക്കാർ ആടിയുലയുമെന്നാണ് കണക്കുകൂട്ടൽ. സർക്കാരിനെ വീഴ്‌ത്താൻ ഭാവിയിൽ അവസരം ലഭിച്ചാൽ അതുപയോഗിക്കും. ഇതു കൂടി മനസ്സിലാക്കിയാണ് രാഹുൽ പ്രതിപക്ഷത്തെ നയിക്കാൻ തയ്യാറാകുന്നത്. എൻഡിഎ തകർന്നാൽ രാഹുലിന് ഇതിലൂടെ പ്രധാനമന്ത്രിയായി മാറാനും കഴിയും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ 233 സീറ്റ് നേടിയ ഇന്ത്യാ സഖ്യം കേവല ഭൂരിപക്ഷത്തിൽ നിന്ന് 39 സീറ്റ് അകലെയാണ്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ഉചിത സമയത്തിനായി ക്ഷമയോടെ കാത്തിരിക്കാനും അതുവരെ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളാനും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.