- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം നടന്നത് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത്; അമിത് ഷായ്ക്കെതിരായ വിവാദ പരാമർശം; രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി

ലഖ്നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ സുൽത്താൻപുർ എം.പി-എം.എൽ.എ പ്രത്യേക കോടതിയിൽ ഹാജരായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ 2018-ൽ നടത്തിയ ആക്ഷേപകരമായ പരാമർശവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് അദ്ദേഹത്തിന്റെ നേരിട്ടുള്ള ഈ ഹാജരാകൽ.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018-ൽ ബെംഗളൂരുവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. ഇതിനെത്തുടർന്ന് അതേ വർഷം ഓഗസ്റ്റ് നാലിനാണ് സുൽത്താൻപുരിലെ എം.പി-എം.എൽ.എ പ്രത്യേക കോടതിയിൽ കേസ് ഫയൽ ചെയ്തത്. ആറുവർഷം പഴക്കമുള്ള ഈ കേസിൽ കോടതിയുടെ നിർദ്ദേശപ്രകാരമാണ് രാഹുൽ ഗാന്ധി ഇപ്പോൾ നേരിട്ട് ഹാജരായത്.
രാജ്യസഭാ എം.പി പ്രമോദ് തിവാരി, കോൺഗ്രസ് എം.എൽ.എ ആരാധന മിശ്ര, ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് തുടങ്ങിയ പ്രമുഖ നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം കോടതിയിലെത്തി. ബി.ജെ.പി രാജ്യത്തുടനീളം രാഹുലിനെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ കേസുകൾ ഫയൽ ചെയ്യുകയാണെന്ന് പ്രമോദ് തിവാരി ആരോപിച്ചു. സുൽത്താൻപുരിലെ കേസും ഇത്തരത്തിൽ ഒന്നാണെന്നും എന്നാൽ നീതിന്യായ വ്യവസ്ഥയിൽ പാർട്ടിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം എ.എൻ.ഐയോട് പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാലാണ് ഇത്തരം കേസുകൾ നൽകുന്നതെന്നും തിവാരി കൂട്ടിച്ചേർത്തു.


