ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ വീണ്ടും സസ്‌പെൻസ് നിലനിർത്തി രാഹുൽ ഗാന്ധി. എന്താണ് ചെയ്യേണ്ടതെന്ന് താൻ തീരുമാനിച്ചിട്ടുണ്ടെന്നും തന്റെ മനസിൽ യാതൊരുവിധത്തിലുള്ള ആശയക്കുഴപ്പങ്ങളുമില്ലെന്നും രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ താൻ കോൺഗ്രസ് അധ്യക്ഷനാകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാകൂ എന്നും രാഹുൽ കൂട്ടിച്ചേർത്തു.

2024-ൽ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ടപ്രചാരണ പരിപാടികളുടെ ഭാഗമായ ഭാരത് ജോഡോ യാത്രക്കിടെ വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് രാഹുൽ വീണ്ടും തന്റെ നിലപാട് അറിയിച്ചത്. 'ചെയ്യേണ്ട കാര്യത്തെ കുറിച്ച് എനിക്ക് വ്യക്തമായ തീരുമാനമുണ്ട്. ഒരുതരത്തിലുള്ള ആശയക്കുഴപ്പവും എന്റെ മനസിലില്ല. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്നതോടെ ഞാൻ മത്സരരംഗത്തുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരും. ഞാൻ തിരഞ്ഞെടുപ്പിൽ നിൽക്കുന്നില്ലെങ്കിൽ കാരണമെന്താണെന്ന് നിങ്ങൾക്ക് എന്നോട് ചോദിക്കാം. അതിനുള്ള മറുപടി ഞാൻ അപ്പോൾ നൽകാമെന്നും രാഹുൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് വരെ നിങ്ങൾ കാത്തിരിക്കൂ... ഞാൻ പാർട്ടി പ്രസിഡന്റാകുമോ ഇല്ലയോ എന്ന് അപ്പോൾ അറിയാമെന്നും രാഹുൽ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയിലൂടെ തന്നേക്കുറിച്ചുതന്നെയും രാജ്യത്തേക്കുറിച്ചും മനസിലാക്കാനാവുമെന്നും രണ്ട്-മൂന്ന് മാസത്തിനുള്ളിൽ താൻ കുറച്ചുകൂടി വിവേകിയായിത്തീരുമെന്നും രാഹുൽ പറഞ്ഞു.

'ജനങ്ങളെ ബന്ധിപ്പിക്കാനുള്ള ഉദ്യമം' എന്നാണ് രാഹുൽ ഭാരത് ജോഡോ യാത്രയെ വിശേഷിപ്പിക്കുന്നത്. മതം, സംസ്ഥാനം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കി ബിജെപിയും ആർഎസ്എസും ചേർന്ന് രാജ്യത്തുണ്ടാക്കിയ വിള്ളലുകളില്ലാതാക്കുന്നതിനും ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുന്നതിനും വേണ്ടിയാണ് ഭാരത് ജോഡോ യാത്രയെന്ന് രാഹുൽ പറഞ്ഞു.

കോൺഗ്രസിൽ നിന്നുള്ള മുതിർന്നതും അല്ലാത്തതുമായ നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് രാഹുൽ ബിജെപിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകരിൽ പലതരത്തിലൂടെയുള്ള സമ്മർദം ചെലുത്തിയാണ് ബിജെപി ഇക്കാര്യം ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു. തങ്ങൾക്ക് പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ബിജെപിയുമായി രമ്യതയിൽ പോകുന്നതാണ് നല്ലതെന്ന് നിരവധി പേർ കരുതുന്നതായും അതിന് വേണ്ടി ബിജെപിക്ക് മുമ്പാകെ കൈകൂപ്പി നിൽക്കുന്നവരുണ്ടാകുമെങ്കിലും താൻ അത്തരക്കാരനല്ലെന്നും ഇന്ത്യയ്ക്ക് വേണ്ടി പോരാട്ടം തുടരുമെന്നും രാഹുൽ വ്യക്തമാക്കി.

അതേസമയം ശശി തരൂർ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് അശോക് ഗെലോട്ടിനെ നിർദ്ദേശിക്കുകയാണെങ്കിൽ മത്സരിക്കാനാണ് തരൂരിന്റെ നീക്കം. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം മാതൃഭൂമി പത്രത്തിൽ എഴുതിയ ലേഖനത്തിൽ ശശി തരൂർ മുന്നോട്ടുവെച്ചിരുന്നു.

അധ്യക്ഷസ്ഥാനത്തേക്ക് മാത്രമല്ല, പ്രവർത്തകസമിതിയിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നതാണ് ശശി തരൂർ ആവശ്യപ്പെടുന്നത്. എഐസിസി, പിസിസി പ്രതിനിധികളിൽ നിന്നുള്ള അംഗങ്ങളെ പാർട്ടിയെ ഈ സുപ്രധാന സ്ഥാനങ്ങളിൽ നിന്ന് നയിക്കാൻ അനുവദിക്കുന്നത്, വരുന്ന നേതാക്കളെ നിയമാനുസൃതമാക്കാനും അവർക്ക് പാർട്ടിയെ നയിക്കാനുള്ള വിശ്വസനീയമായ അധികാരം നൽകാനും സഹായിക്കുമായിരുന്നുവെന്ന് തരൂർ പറഞ്ഞു. സംഘടനാ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് 2020ൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ ഒരാളാണ് ശശി തരൂർ.

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് കോൺഗ്രസിന് ആവശ്യമായ പുനരുജ്ജീവനത്തിലേക്കുള്ള തുടക്കമാകുമെന്ന് ശശി തരൂർ പറഞ്ഞു. തെരഞ്ഞെടുപ്പിന് മറ്റ് ഗുണകരമായ ഫലങ്ങളും ഉണ്ടെന്ന് തരൂർ പറഞ്ഞു - ഉദാഹരണത്തിന്, 'ബ്രിട്ടീഷ് കൺസർവേറ്റീവ് പാർട്ടിക്ക് അവരുടെ സമീപകാല നേതൃ മത്സരത്തിനിടെ ഉണ്ടായ സംഭവങ്ങൾ ഏറെ ഗുണപരമായതായിരുന്നു. 2019 ൽ തെരേസ മെയ്‌ക്ക് പകരം ഒരു ഡസൻ സ്ഥാനാർത്ഥികൾ മത്സരിച്ചപ്പോഴാണ് ബോറിസ് ജോൺസൺ ഒന്നാമതെത്തിയത്.

കോൺഗ്രസിന് സമാനമായ സാഹചര്യം ആവർത്തിക്കുന്നത് പാർട്ടിയോടുള്ള ദേശീയ താൽപ്പര്യം വർധിപ്പിക്കുമെന്നും കൂടുതൽ വോട്ടർമാരെ വീണ്ടും കോൺഗ്രസ് പാർട്ടിയിലേക്ക് ആകർഷിക്കുമെന്നും അദ്ദേഹം ലേഖനത്തിൽ പറഞ്ഞിരുന്നു. ''ഇക്കാരണത്താൽ, പാർട്ടിയിലെ ഉന്നത പദവികളിലേക്ക് നിരവധിപ്പേരെ പരിഗണിക്കപ്പെടണം. പാർട്ടിക്കും രാഷ്ട്രത്തിനുമായി അവരുടെ കാഴ്ചപ്പാടുകൾ മുന്നോട്ട് വയ്ക്കുന്നത് തീർച്ചയായും പൊതുതാൽപ്പര്യത്തെ ഉണർത്തുമെന്നും ശശി തരൂർ ലേഖനത്തിൽ പറയുന്നു. പാർട്ടിക്ക് മൊത്തത്തിൽ നവീകരണം ആവശ്യമാണെങ്കിലും, നികത്തേണ്ട ഏറ്റവും അടിയന്തിര നേതൃസ്ഥാനം സ്വാഭാവികമായും കോൺഗ്രസ് അധ്യക്ഷന്റേതാണെന്നും തരൂർ പറഞ്ഞു.

പാർട്ടിയുടെ നിലവിലെ അവസ്ഥയും പ്രതിസന്ധിയെക്കുറിച്ചുള്ള ധാരണയും ദേശീയ ചിത്രവും കണക്കിലെടുക്കുമ്പോൾ, ആരാണ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്, കോൺഗ്രസ് പാർട്ടി പ്രവർത്തകരെ ഉത്തേജിപ്പിക്കുകയും വോട്ടർമാരെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ഇരട്ട ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുണ്ടെന്നുമാണഅ തരൂരിന്റെ നിലപാട്.