- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മുസ്ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്, അതിൽ മതേതരമല്ലാത്തതായി ഒന്നുമില്ല; ചോദ്യകർത്താവ് മുസ്ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു'; ലീഗിനെ കുറച്ചുള്ള ചോദ്യത്തിന് മറുപടി നൽകി രാഹുൽ ഗാന്ധി; വിമർശനവുമായി ബിജെപിയും
വാഷിങ്ടൺ: കേരളത്തിലെ മുസ്ലിംലീഗിനെ കുറിച്ചുള്ള ചോദ്യത്തിന് അമേരിക്കയിൽ മറുപടിയുമായി രാഹുൽ ഗാന്ധി. മുസ്ലിം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. വ്യാഴാഴ്ച വാഷിങ്ടൻ ഡിസിയിലെ നാഷനൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെ, കേരളത്തിൽ മുസ്ലിം ലീഗുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ''മുസ്ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്. അതിൽ മതേതരമല്ലാത്തതായി ഒന്നുമില്ല. ചോദ്യകർത്താവ് മുസ്ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു'' രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുലിന്റെ പരാമർശത്തിനു പിന്നാലെ വിമർശനവുമായി ബിജെപി രംഗത്തെത്തി. മുസ്ലിം ലീഗിനെ മതേതര പാർട്ടി എന്ന് വിശേഷിപ്പിച്ചത് വയനാട്ടിൽ സ്വീകാര്യത നിലനിർത്താനുള്ള രാഹുൽ ഗാന്ധിയുടെ ആവശ്യകത കൊണ്ടാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദികളായ 'ജിന്നയുടെ മുസ്ലിം ലീഗ്', രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിൽ, ഒരു 'മതേതര പാർട്ടി'യാണെന്നും മാളവ്യ കുറ്റപ്പെടുത്തി.
അതേസമയം വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് പ്രതിപക്ഷ സഖ്യം അധികാരം പിടിച്ചെടുക്കുമെന്നും രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷസഖ്യം അട്ടിമറി വിജയം നേടുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി. വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം വൻവിജയമുറപ്പാക്കുമെന്നാണ് എന്റെ വിശ്വാസം. ആരും പ്രതീക്ഷിക്കാത്ത ഒരു വിജയമാകുമത്. പ്രതിപക്ഷ ഐക്യം ശക്തമായി തന്നെ ബിജെപിയെ നേരിടും. വിജയം സുനിശ്ചിതം തന്നെയാണ്.- രാഹുൽ വ്യക്തമാക്കി.
പ്രതിപക്ഷ ഐക്യം സാധ്യമാക്കുന്നതിനായി സുശക്തമായ ചർച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിനായി നിരന്തര ഇടപെടലുകളാണ് നടത്തുന്നത്. ചർച്ചകൾ സങ്കീർണമാണ്. ചിലയിടത്ത് സഖ്യകക്ഷികൾ എതിർ സ്ഥാനാർത്ഥികളായി വന്നേക്കാം. പല വിട്ടുവീഴ്ചകളും ചെയ്യേണ്ടതായി വരാം. - രാഹുൽ പറഞ്ഞു. പക്ഷേ എന്തു സംഭവിച്ചാലും പ്രതിപക്ഷ ഐക്യരൂപീകരണം വിജയമായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അപകീർത്തിക്കേസ് തനിക്ക് ഗുണകരമായാണ് മാറിയതെന്നും പുനർനിർവചനത്തിനുള്ള അവസാരമാണ് ആ കേസ് നൽകിയതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ബിജെപി തന്നോടു ചെയ്ത ഏറ്റവും വലിയ ഉപകാരമാണ് ആ കേസെന്നും രാഹുൽ വ്യക്തമാക്കി. അതേസമയം രാഹുലിനെ കടന്നാക്രമിച്ച ബിജെപി. രാഹുൽ ഗാന്ധിക്ക് വിദേശത്ത് മാത്രമാണ് വേദികൾ ലഭിക്കുന്നതെന്നും ഇന്ത്യയിൽ അദ്ദേഹത്തെ ആരും ക്ഷണിക്കാത്തതിന്റെ കാരണം വിവേകത്തോടെ ചിന്തിച്ചാൽ മനസ്സിലാകുമെന്നും ബിജെപി ആരോപിച്ചു.




