ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നമ്മള്‍ ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ രണ്ടാളും സുരക്ഷിതരാണെന്നാണ് മോദി അദാനിയോട് പറയുന്നത്. ഗൗതം അദാനിയുടെ താല്‍പര്യങ്ങളാണ് മോദി സംരക്ഷിക്കുന്നതെന്നും രാഹുല്‍ ആവര്‍ത്തിച്ചു.ഇന്ന് മഹാരാഷ്ട്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി വീണ്ടും അദാനിക്കെതിരെ ആഞ്ഞടിച്ചു രംഗത്തുവന്നത്.

രണ്ട് ബാനറുകളുമായിട്ടാണ് രാഹുല്‍ ഇന്ന് വാര്‍ത്ത സമ്മേളനത്തിന് എത്തിയത്. ഇതിലൊന്ന് അവര്‍ ഒരുമിച്ച് നില്‍ക്കുന്നിടത്തോളം കാലം അവര്‍ സുരക്ഷിതരായിരിക്കുമെന്ന ബാനറാണ്. രണ്ടാമത്തേതില്‍ ധാരാവി ചേരിയുടെ പുനര്‍വികസന പദ്ധതിയുടെ മാപ്പാണ്.

മഹാരാഷ്ട്രയിലെ മുഴുവന്‍ രാഷ്രടീയ സംവിധാനവും ധാരാവി ചേരി പുനര്‍ വികസന പദ്ധതി അദാനിക്ക് നല്‍കാന്‍ വേണ്ടി പ്രവര്‍ത്തിച്ചു. ധാരാവി പുനര്‍വികസന കരാര്‍ ഒരാള്‍ക്ക് മാത്രം നല്‍കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. രാജ്യത്തെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ മറ്റ് സ്വത്തുക്കള്‍ എന്നിവയെല്ലാം ഒരാള്‍ക്ക് നല്‍കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നതെന്നും രാഹുല്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചില ശതകോടീശ്വരന്‍മാരും പാവപ്പെട്ടവരും തമ്മിലുള്ള പോരാട്ടാമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഖാഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ധാരാവി ചേരി നവീകരണത്തിനായി അദാനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ മഹാരാഷ്ട്ര സര്‍ക്കാരും അദാനി ഗ്രൂപ്പും കൈകോര്‍ക്കുന്ന ധാരാവി പുനര്‍വികസന പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ ലക്ഷക്കണക്കിന് താമസക്കാരുടെ വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. സര്‍വേയിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ പുനരധിവാസം സംബന്ധിച്ച വിഷയങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചേരിപ്രദേശങ്ങളിലൊന്നായ ധാരാവിയുടെ സമ്പൂര്‍ണവിവരങ്ങളടങ്ങുന്ന 'ഡിജിറ്റല്‍ ധാരാവി' എന്ന ലൈബ്രറിയും ഈ സര്‍വേവിവരങ്ങള്‍ ഉപയോഗപ്പെടുത്തി സജ്ജീകരിക്കും.

ധാരാവിയില്‍ നിലവില്‍ താമസിച്ചുവരുന്നവരുടേയും നിലവിലുള്ള വാണിജ്യ-വ്യവസായസംരംഭങ്ങളുടേയും വികസനം ലക്ഷ്യമാക്കുന്ന പദ്ധതിയ്ക്ക് മൂന്ന് ബില്യണ്‍ ഡോളര്‍ ( ഏകദേശം 25,000 കോടി രൂപ) വകയിരുത്തിയിട്ടുള്ളത്. ഏഴ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ചേരി നിവാസികള്‍ക്ക് ഇതിനോടകം തന്നെ നിരവധി വാഗ്ദാനങ്ങളാണ് നല്‍കിയിട്ടുള്ളത്. പത്തുലക്ഷത്തിലധികം താമസക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ കളിമണ്‍, വസ്ത്രം, തുകല്‍, മാലിന്യപുനചംക്രമണം തുടങ്ങി വിവിധ വ്യവസായസംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ കൊല്ലമാണ് ധാരാവിയുടെ പുനര്‍വികസനത്തിനായുള്ള കരാര്‍ ഗൗതം അദാനി നേടിയത്. ധാരാവിയുടെ പുനര്‍വികസനപദ്ധതികള്‍ രണ്ട് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയായിരുന്നു. സിങ്കപ്പൂരില്‍ പിന്തുടര്‍ന്നുപോരുന്ന ഏറ്റവും മികച്ച വികസനനടപടികളാണ് പുനര്‍നവീകരണത്തിന് ഉപയോഗപ്പെടുത്തുന്നത്.