ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായി ഗൗതം അദാനിക്കുമെതിരെ ആഞ്ഞടിച്ചു കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗൗതം അദാനിയും നരേന്ദ്ര മോദിയും ഒന്നാണെന്ന് കോൺഗ്രസ് പ്ലീനറി വേദിയിൽ രാഹുൽ ഗാന്ധി വിമർശിച്ചു. ഇത്തരമൊരു വിമർശനം ഉന്നയിച്ച പവൻ ഖേരയെ അറസ്റ്റു ചെയ്ത സംഭവം അടക്കം പരാമർശിക്കും വിധത്തിലായിരുന്നു രാഹുലിന്റെ വിമർശനം. ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങൾ പങ്കുവെച്ചതിന് ശേഷമാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ചത്.

അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തന്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. പ്രധാനമന്ത്രിയും, മന്ത്രിമാരും, സർക്കാരും അദാനിയുടെ രക്ഷകരാകുന്നു. വിമർശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നു. ഷെൽ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ലളിതമായ ചോദ്യങ്ങളാണ് താൻ പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. ഒന്നിനും മറുപടി കിട്ടിയില്ല. അതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല. സത്യം പുറത്ത് വരുന്നത് വരെ പോരാട്ടം തുടരും. ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോൺഗ്രസ് അദാനിയെ നേരിടും. അത് ഒരു തപസ്യയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ലക്ഷക്കണക്കിന് ജനം ഇന്ത്യയിലുടനീളം ഭാരത് ജോഡോ യാത്രയിൽ അണിചേർന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതികൂല കാലാവസ്ഥകൾ അവഗണിച്ചായിരുന്നു യാത്രയിൽ ഉടനീളം ജനം അണിനിരന്നത്. കേരളത്തിലൂടെ നടന്നപ്പോൾ അസഹനീയമായ കാൽമുട്ട് വേദനയുണ്ടായി. മുൻപോട്ട് പോകാനാകുമെന്ന് കരുതിയില്ല. കോളേജ് കാലത്ത് ഫുട്‌ബോൾ കളിച്ചപ്പോഴുണ്ടായ പരിക്കായിരുന്നു കാരണം. ജനങ്ങളെ കേൾക്കണമായിരുന്നു. അതു കൊണ്ട് അത്തരം പ്രതിസന്ധികളെ അവഗണിച്ചു.

കൃഷി, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, രാസവള ലഭ്യത ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ ഉണ്ടെന്ന് കർഷകരോട് സംസാരിച്ചപ്പോൾ മനസിലായി. വിശപ്പും, ദാഹവുമൊക്കെ മറന്ന് ആയിരങ്ങൾ ഒപ്പം നടന്നു. കശ്മീരിലെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ ഇപ്പോൾ പ്രധാനമന്ത്രിക്ക് കഴിയുമോ? കശ്മീരിലെ യുവാക്കളുടെ ഹൃദയം കവർന്നതുകൊണ്ടാണ് തനിക്ക് അതിന് സാധിച്ചത്. കശ്മീരിലെ യുവാക്കൾ തീവ്രവാദികളല്ല.

ചൈനയുടെ സമ്പദ് വ്യവസ്ഥ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയേക്കാൾ വലുതാണെന്നാണ് വിദേശകാര്യ മന്ത്രി പറയുന്നത്. സവർക്കർ സ്വീകരിച്ച നിലപാടിന് തുല്യമാണിത്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയേക്കാൾ വലുതാണെന്നാണ് സവർക്കർ പണ്ട് പറഞ്ഞതെന്നും രാഹുൽ പ്രസംഗത്തിനിടെ വിമർശിച്ചു.

അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് റായ്പൂരിൽ നടക്കുന്ന എഐസിസി സമ്മേളനം. തെരഞ്ഞെടുപ്പിൽ എന്താണ് പ്രചരണ വിഷയം ആക്കേണ്ടെന്ന് സൂചിപ്പിക്കുന്നതായി പ്ലീനറി സമ്മേളനത്തിൽ പാസാക്കിയ രാഷ്ട്രീയ പ്രമേയത്തിലൂടെ കോൺഗ്രസ് ചെയ്തത്. ബിജെപിക്കെതിരെ 2004 ലെ മാതൃകയിൽ കൂട്ടുകെട്ടുണ്ടാക്കുമെന്ന പ്രഖ്യാപനത്തിനൊപ്പം, കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ ചെറുപട്ടികയും അവതരിപ്പിച്ചു. ഇത് ഇപ്പോൾ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ അക്കമിട്ടു പറഞ്ഞു കൊണ്ടുള്ളതാണ്.

ഇതുവരെ ജയിക്കാൻ സാധിക്കാത്ത മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ഇപ്പോൾ ബിജെപി നടത്തുന്നത്. തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ആദ്യം ബിജെപി കളം പിടിക്കുകയും കോൺഗ്രസ് അതിന് മറുപടിയുമായി രംഗത്തെത്തുകയും ചെയ്യുകയെന്നതാണ് രീതി. അതു മാറണമെന്നായിരുന്നു നേതൃനിരയിലുണ്ടായ അഭിപ്രായം. ഇപ്പോൾ നടത്തിയ ആദ്യ കരുനീക്കം ഈ വർഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷ പാർട്ടിക്കുണ്ട്.

അതേസമയം, അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അടക്കം സൂചിപ്പിച്ച് സമാനഹൃദയരെ ഒപ്പംകൂട്ടാൻ ഇനി കോൺഗ്രസ് നടത്തുന്ന ശ്രമത്തിനോട് ശ്രീനഗർ മാതൃകയിലാവില്ല മറ്റു കക്ഷികളുടെ പ്രതികരണം. എന്നാൽ മൂന്നാം മുന്നണി ബിജെപിക്കാവും ഗുണം ചെയ്യുകയെന്ന് കോൺഗ്രസ് നൽകിയ മുന്നറിയിപ്പിനോട് നിതീഷ് കുമാർ ഉൾപ്പെടെയുള്ളവർ എങ്ങനെ പ്രതികരിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.