ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞടുപ്പിന് മുൻപ് സാധാരണജനങ്ങൾക്കിടയിൽ കൂടുതൽ സജീവമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ഡൽഹി ആനന്ദ് വിഹാർ ടെർമിനലിൽ പോർട്ടറുടെ വേഷത്തിലാണ് രാഹുൽ എത്തിയത്. പെട്ടിചുമന്ന രാഹുൽ പോർട്ടർമാർക്കൊപ്പം ഏറെ നേരം ചെലവിട്ടു. ഭാരത് ജോഢോ യാത്രയുടെ രണ്ടാം ഘട്ടത്തെ കുറിച്ച് ആലോചിക്കവേയാണ് രാഹുൽ വീണ്ടും ജനങ്ങൾക്കിടയിൽ സജീവമാകുന്നത്.

തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുക ലക്ഷ്യമിട്ട് രാഹുൽ നേരത്തെയും ഇത്തരത്തിൽ വിവിധ സ്ഥലങ്ങളിൽ നേരിട്ട് എത്തിയിരുന്നു. ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധി ഐസ്ബിടി റെയിൽവേ ടെർമിനലിൽ പോർട്ടറുടെ വേഷത്തിൽ എത്തിയത്. രാഹുൽ പോർട്ടറുടെ വേഷത്തിലെത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയത്ു

കഴിഞ്ഞ മാസം ആസാദ്പുരിലെ പച്ചക്കറി മാർക്കറ്റിൽ രാഹുൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ആസാദ്പുരിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ന് രാഹുലെത്തിയത്. വിലക്കയറ്റത്തെ കുറിച്ച് വ്യാപാരികളോട് സംസാരിച്ച രാഹുൽ പച്ചക്കറികളുടെ നിലവിലെ വിപണിവിലനിലവാരം ചോദിച്ചറിയുകയും ചെയ്തിരുന്നു.

നേരത്തെ ഹരിയാനയിലെ സോനിപ്പട്ടിലെ മദിന ഗ്രാമത്തിൽ കർഷകരൊത്തു രാഹുൽ ചെലവഴിച്ചതിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങിൽ പ്രചരിച്ചിരുന്നു. കർഷകർക്കൊത്തു രാഹുൽ നിലമുഴുന്നതും ഞാറു നടുന്നതും ഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. കർഷകരാണ് ഇന്ത്യയുടെ ശക്തിയെന്നും അവരുടെ കാഴ്ചപ്പാടുകൾ കേൾക്കാനും മനസ്സിലാക്കാനും കഴിഞ്ഞാൽ ഇന്ത്യയുടെ പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.