- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അറിവുള്ളതായി നടിക്കുന്നവരിൽ ഒരാളാണ് നരേന്ദ്ര മോദി; ദൈവത്തോട് പോലും പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കും; ഇത് കേൾക്കുമ്പോൾ ദൈവം പോലും ആശയക്കുഴപ്പത്തിലെത്തും; കാലിഫോർണിയ സർവകലാശാലയിലായിരുന്നു പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധിയുടെ പ്രസംഗം
കാലിഫോർണിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേരിക്കയിൽ. കലിഫോർണിയ സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ പരിഹാസവും ആക്ഷേപവും അഴിച്ചുവിട്ടത്. 'അറിവുള്ളതായി നടിക്കുന്നവരിൽ ഒരാളാണ് നരേന്ദ്ര മോദിയെന്ന്' രാഹുൽ പരിഹസിച്ചു. 'ദൈവത്തോട് പോലും നരേന്ദ്ര മോദി, പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കും. ഇത് കേൾക്കുമ്പോൾ ദൈവം പോലും, താൻ എന്താണ് സൃഷ്ടിച്ചതെന്ന ആശയക്കുഴപ്പത്തിലെത്തുമെന്നും അദ്ദേഹം പരിഹസിച്ചു.
ചിലർ ശാസ്ത്രജ്ഞർ, സൈനികർ, ചരിത്രകാരന്മാർ തുടങ്ങി എല്ലാവരേയും ഉപദേശിക്കും'. എന്നാൽ അവർക്ക് കാര്യമായ അറിവുണ്ടാകണമെന്നില്ല. ഗുരുനാനാക്, മഹാത്മാ ഗാന്ധി, ബസവേശ്വരൻ തുടങ്ങിയവരൊന്നും തനിക്ക് എല്ലാമറിയുമെന്ന് വിചാരിച്ചല്ല കഴിഞ്ഞിരുന്നത്. ലോകം വളരെ വലുതാണെന്ന തിരിച്ചറവാണ് വേണ്ടത്'- രാഹുൽ ഗാന്ധി പറഞ്ഞു.
'ഇന്ത്യൻ രാഷ്ട്രീയത്തെ ആർഎസ്എസും ബിജെപിയുമാണ് നിയന്ത്രിക്കുന്നത്. നിലവിൽ ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന പൊതുയോഗങ്ങൾ, ചർച്ചകൾ എന്നിവ അവരുടെ നിയന്ത്രണത്തിലായി. അത് 'ഭാരത് ജോഡോ യാത്ര' ആരംഭിക്കുന്നതിന് മുൻപായി തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ് ജനങ്ങളുമായി, നടന്നുകൊണ്ട് സംവദിച്ചത്. ഇന്ത്യയിലെ രാഷ്ടീയ സാഹചര്യമെന്തെന്നാൽ ആളുകളെ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയെന്നതാണ്. ഇതിൽ രാഷ്ട്രീയപരമായി ഇടപെടുന്നതിന് പരിമിതികളുണ്ട്. അതിനാലാണ് ഇന്തയുടെ തെക്കെയറ്റത്ത് നിന്നും ശ്രീനഗർവരെ കാൽനടയായി യാത്ര സംഘിപ്പിച്ച് സംവാദം നടത്തിയത്'- രാഹുൽ ഗാന്ധി വ്യക്തമാക്കി.
'വെറുപ്പിന്റെ വിപണയിൽ സ്‌നേഹത്തിന്റെ കട തുറന്നെന്ന' ആശയത്തെക്കുറിച്ചും രാഹുൽഗാന്ധി വിശദീകരിച്ചു. എല്ലാദിവസവം 25 കിലോമീറ്ററായിരുന്നു യാത്ര. പുലർച്ചെ ആറിന് ആരംഭിക്കുന്ന യാത്ര രാത്രി എട്ടോടെയാണ് അവസാനിച്ചിരുന്നത്. മൂന്നാഴ്ച യാത്ര പിന്നിട്ടതോടെ തനിക്ക് ക്ഷീണം അനുഭവപ്പെടാതായി. കൂടെ ഉള്ളവരോട് ക്ഷീണം അനുഭവപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി.
ഇതിൽ നിന്നും രാജ്യം ഞങ്ങളോടൊപ്പം നടക്കുകയാണെന്ന് തിരിച്ചറിയുകയായിരുന്നു. വിവിധ മതവിഭാഗങ്ങളിൽ നിന്നായി കുട്ടികൾ മുതൽ പ്രായമായവരെ വരെ സ്‌നേഹംപങ്കിട്ട് യാത്രയിലേക്കെത്തി. ഇവർ സൃഷ്ടിച്ച സ്നേഹത്തിന്റെ അന്തരീക്ഷത്തിലാണ് വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറന്നെന്ന ആശയം പങ്കിട്ടതെന്നും രാഹുൽഗാന്ധി സംവാദത്തിനിടെ വ്യക്തമാക്കി.
പത്ത് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി അമേരിക്കയിലെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്കാണ് അദ്ദേഹം അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെത്തിയത്. എം പി സ്ഥാനം നഷ്ടമായതിന് ശേഷം രാഹുൽ ഗാന്ധി നടത്തുന്ന ആദ്യ വിദേശപര്യടനത്തിന് ഇതോടെ തുടക്കമായി. രാജ്യത്തെ ഇന്ത്യക്കാരോടുള്ള സംവാദമടക്കമുള്ള വിവിധ പരിപാടികൾ കോൺഗ്രസ് നേതാവിന്റെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമാണ്.
മാർച്ചിൽ നടന്ന ബ്രിട്ടൺ സന്ദർശനത്തിനിടയിൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ രാഹുൽ നടത്തിയ പ്രസംഗം വിവാദമായിരുന്നു. കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച രാഹുൽ ഗാന്ധി ഇന്ത്യാവിരുദ്ധനാണെന്ന് ബിജെപി ആരോപിച്ചിരുന്നു. അതേസമയം അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ പാസ്പോർട്ടിനായുള്ള അപേക്ഷ ഡൽഹി അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട് കോടതി ഭാഗികമായി അംഗീകരിച്ചിരുന്നു.
എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത കാരണം ഡിപ്ലോമാറ്റിക് പാസ്പോർട്ട് സമർപ്പിക്കേണ്ടി വന്നതിനാലാണ് രാഹുൽ ഗാന്ധി സാധാരണ പാസ്പോർട്ടിന് അപേക്ഷിച്ചത്. മൂന്ന് വർഷത്തേക്കുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റാണ് കോടതി നൽകിയത്. പത്തു വർഷമാണ് രാഹുൽ ഗാന്ധി ചോദിച്ചത്.രാഹുൽ പ്രതിപ്പട്ടികയിലുള്ള നാഷണൽ ഹെറാൾഡ് കേസിന്റെ തുടർ നടപടികളെ ഇത് ബാധിക്കുമെന്ന് പരാതിക്കാരനായ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി എതിർപ്പറിയിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചത്.




