ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടെയാണ് ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പരാമര്‍ശം രാജ്യദ്രോഹമാണെന്നും മറ്റേതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കില്‍ ഭാഗവതിനെ അറസ്റ്റ് ചെയ്യുമായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വളരെ സവിശേഷമായ സമയത്താണ് ഞങ്ങള്‍ക്ക് പുതിയ ഓഫീസ് ലഭിക്കുന്നത്. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നാണ് ആര്‍എസ്എസ് തലവന്‍ പറയുന്നത്. രാമക്ഷേത്രം നിര്‍മിച്ചപ്പോഴാണ് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നും ഭരണഘടനയെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നും രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ രാജ്യത്തെ അറിയിക്കാന്‍ ആര്‍എസ്എസ് തലവന് കഴിയുന്നുണ്ട്. ഭരണഘടന അസാധുവാണെന്ന അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന രാജ്യദ്രോഹമാണ്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ചെയ്തതെല്ലാം അസാധുവാണെന്നാണ് ആര്‍എസ്എസ് മേധാവി പറയുന്നത്. അത് പരസ്യമായി പറയാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ട്. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു''-രാഹുല്‍ ഗാന്ധി പറഞ്ഞു.

1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന പ്രസ്താവന ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണ്. ഇത്തരം അസംബന്ധങ്ങള്‍ വിളിച്ചുപറയുന്നത് അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ഇന്‍ഡോറില്‍ ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ദേവി അഹല്യ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കുമ്പോഴാണ് മോഹന്‍ ഭാഗവത് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യ യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടെയാണ്. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച ഇസ്രായേല്‍ ഏറെ മുന്നേറി. ഇന്ത്യ അപ്പോഴും ദാരിദ്ര്യത്തില്‍ തുടര്‍ന്നു. ഇന്ത്യയുടെ അതിജീവനം രാമക്ഷേത്രത്തിലൂടെ യാഥാര്‍ഥ്യമാകും. രാമക്ഷേത്ര പ്രതിഷ്ഠാദിനം 'പ്രതിഷ്ഠാ ദ്വാദശി'യായി ആഘോഷിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടിരുന്നു.