ജമ്മു: ബാലാക്കോട്ടെ സർജിക്കൽ സ്‌ട്രൈക്കിന് തെളിവില്ലെന്ന ദിഗ് വിജയ് സിങ്ങിന്റെ പരാമർശത്തെ തള്ളി രാഹുൽ ഗാന്ധി. ' ദിഗ് വിജയ് സിങ്ങിന്റെ അഭിപ്രായത്തോട് ഞങ്ങൾ വിയോജിക്കുന്നു. കോൺഗ്രസിന് അങ്ങനെ ഒരു അഭിപ്രായമില്ല. ഭാരത് ജോഡോ യാത്രയോട് അനുബന്ധിച്ച് ജമ്മുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' കേൺഗ്രസിന്റെ കാഴ്ചപാട് സംവാദത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ദിഗ് വിജയ് സിങ്ങിന്റെ അഭിപ്രായമല്ല കോൺഗ്രസിന് ഇക്കാര്യത്തിൽ ഉള്ളത്. ഞങ്ങൾക്ക് വ്യക്തമായ അഭിപ്രായമുണ്ട്. സൈന്യം അവരുടെ ജോലി ഏറ്റവും നന്നായി ചെയ്യുന്നു. അതിന് തെളിവുകൾ ഹാജരാക്കേണ്ട ആവശ്യമില്ല'.

2019ൽ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ, ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമത്തിന്റെ ആധികാരികത കഴിഞ്ഞദിവസം ദിഗ് വിജയ് സിങ് ചോദ്യം ചെയ്തിരുന്നു. സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു ദിഗ് വിജയ്ം സിംഗിന്റെ പ്രസ്താവന. കേന്ദ്ര സർക്കാർ സർജിക്കൽ സ്‌ട്രൈക്കുകളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു. പലരേയും കൊന്നു എന്ന് പറയുന്നുണ്ടെങ്കിലും അതിന് തെളിവുകളൊന്നുമില്ല. അവർ ചെയ്യുന്നത് കള്ളം പ്രചരിപ്പിക്കുക മാത്രമാണ് എന്നും സിങ് പറഞ്ഞു. നേരത്തെ ജയ്‌റാം രമേശും സിങ്ങിന്റെ പ്രസ്താവനയെ തള്ളി പറഞ്ഞിരുന്നു.

അതേസമയെ, ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ സത്യം ഒരിക്കലും മറച്ച് വയ്ക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിരോധിച്ചാലും സത്യം കൂടുതൽ പ്രകാശത്തോടെ പുറത്ത് വരും. മാധ്യമങ്ങളെയും, ഭരണഘടന സ്ഥാപനങ്ങളെയും അടിച്ചമർത്താം. എന്നാൽ സത്യത്തെ അടിച്ചമർത്താനാവില്ല. ജനങ്ങളെ ഭയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.