ന്യൂഡൽഹി: പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോക്സഭയ്ക്കു പ്രതിപക്ഷനേതാവിനെ ലഭിക്കുന്നത്. ആ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നും ഒരാൾ വരുന്നു എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ രാഹുലിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ നിറഞ്ഞ ദിനങ്ങളാണ്. നരേന്ദ്ര മോദിയുമായി നേർക്കുനേർ കൂടിക്കാഴ്‌ച്ച്ക്ക് ഇനി അവസരങ്ങൾ കൂടും. ചില തീരുമാനങ്ങൾ എടുക്കുന്നതിലും നിർണായക റോളിലേക്ക് രാഹുൽ എത്തുമെന്നതും ശ്രദ്ധേയമാണ്.

2014, 2019 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആകെ സീറ്റിന്റെ 10 ശതമാനം അംഗബലമില്ലാതിരുന്നതിനാൽ പാർട്ടിയുടെ ലോക്‌സഭാ കക്ഷിനേതാവിന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക പദവി ലഭിച്ചിരുന്നില്ല. ഇക്കുറി കോൺഗ്രസ് 99 സീറ്റിൽ വിജയിച്ചതോടെയാണ് പ്രതിപക്ഷ നേതൃപദവി കോൺഗ്രസിന് ലഭിക്കുന്നത്. പ്രതിപക്ഷനേതാവെന്ന നിലയിൽ രാഹുലിനു കാബിനറ്റ് റാങ്ക് ലഭിക്കും. പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനവും ലഭിക്കാം.

വിവിധ അന്വേഷണ ഏജൻസി മേധാവികൾ, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ, വിവരാവകാശ കമ്മിഷണർ എന്നിവരെയടക്കം നിയമിക്കുന്ന സമിതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രാഹുലും ഇടംപിടിക്കും. പാർലമെന്റിൽ ഭരണ ബെഞ്ചിന്റെ നടപടികൾക്ക് നേരെ ചൂണ്ടുവിരൽ ഉയർത്തി രാഹുൽ കൂടുതൽ സജീവമാകേണ്ടി വരും. അതുകൊണ്ട് തന്നെ കൂടുതൽ ഉത്തരവാദിത്തങ്ങളാണ് രാഹുലിനെ കാത്തിരിക്കുന്നത്.

ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യയോഗത്തിലാണ് രാഹുലിനെ പ്രതിപക്ഷ നേതാവാക്കാൻ തീരുമാനിച്ചത്. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകിയതായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. മറ്റ് ഭാരവാഹികളെ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം ചേർന്നത്. രാഹുലിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തുവെന്ന് വ്യക്തമാക്കുന്ന കത്ത് പ്രോ ടൈം സ്പീക്കർക്ക് നൽകി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസിന്റെ വിശാല പ്രവർത്തകസമിതിയോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇക്കാര്യമാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങാണ് പ്രമേയം അവതരിപ്പിച്ചത്. എല്ലാവരും കയ്യുയർത്തി പിന്താങ്ങുകയായിരുന്നു.

പൊതുതിരഞ്ഞെടുപ്പിൽ, വയനാട്ടിൽ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയിൽ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുൽ ഗാന്ധിയുടെ വിജയം. പിന്നീട്, വയനാട് എംപി. സ്ഥാനം രാജിവെച്ച് റായ്ബറേലിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയെ ലോക്‌സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് പ്രവർത്തക സമിതി (സി.ഡബ്ല്യു.സി.) നേരത്തെ പ്രമേയം പാസാക്കിയിരുന്നു.

രാഹുൽ നയിച്ച ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് വഴിത്തിരിവുകളായിരുന്നു എന്ന നിലപാടായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്. പതിനെട്ടാം ലോക്‌സഭാംഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തിരുന്നു. റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടന ഉയർത്തിപ്പിടിച്ച് സഭാംഗങ്ങളെ എല്ലാം കാണിച്ച ശേഷമായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ.

രാഹുൽ സത്യപ്രതിജ്ഞയ്ക്കായെത്തിയപ്പോൾ 'ഭാരത് ജോഡോ', 'ഇന്ത്യ' എന്ന വിളികളും കരഘോഷങ്ങളും ഉയർന്നു. 'ജയ് ഹിന്ദ്, ജയ് സംവിധാൻ' എന്ന് പറഞ്ഞായിരുന്നു സത്യപ്രതജ്ഞ അദ്ദേഹം അവസാനിപ്പിച്ചത്.