- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർലമെന്റിൽ മോദി-അദാനി ബന്ധം പരാമർശിച്ചു കടന്നാക്രമിച്ച രാഹുൽ ഗാന്ധിക്ക് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നോട്ടീസ്; സഭയിൽ കള്ളം പറഞ്ഞെന്ന പരാതിയിൽ ബുധനാഴ്ച്ചക്കകം മറുപടി നൽകാൻ നിർദ്ദേശം; പ്രസംഗം നീക്കം ചെയ്തതിനെ രാഷ്ട്രീയമായി വിമർശിച്ചു കോൺഗ്രസ്; വിജയകരമായ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കേരളത്തിലെത്തിയ രാഹുലിന് വൻ വരവേൽപ്പ്
ന്യൂഡൽഹി: മോദി- അദാനി ബന്ധം സംബന്ധിച്ച് രൂക്ഷ വിമർശനം ഉയർന്നപ്പോഴും മൗനം പാലിച്ച കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ വിഷയത്തിൽ മോദി മൗനം തുടരുകയാണ്. പാർലമെന്റിൽ മറ്റു വിഷയങ്ങളിൽ മറുപടി പറഞ്ഞ മോദി ഈ വിഷത്തിൽ ഒന്നും മിണ്ടിയില്ല. ഇപ്പോൾ വിഷയം സഭയിൽ ഉന്നയിച്ച രാഹുൽ ഗാന്ധിക്കെതിരെ നടപടികളുമായി രംഗത്തുവന്നു.
പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ കോൺഗ്രസ് എംപി. രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചു. പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി. എംപി. നിഷികാന്ത് ദുബെ എന്നിവർ രാഹുലിനെതിരെ അവകാശ ലംഘനത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.
പ്രധാനമന്ത്രിക്കെതിരെ സഭയിൽ കള്ളം പറഞ്ഞുവെന്നായിരുന്നു പരാതി. ബുധനാഴ്ചക്കകം മറുപടി നൽകാനാണ് നോട്ടീസിലെ നിർദ്ദേശം. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചിരുന്നു. അദാനിയുമായുള്ള ബന്ധത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. എന്നാൽ ഇത് തെറ്റിദ്ധാരണ പരത്തുന്നതും ആക്ഷേപകരവുമാണ് എന്നാരോപിച്ച് ബിജെപി. രംഗത്തെത്തുകയും പരാതി നൽകുകയുമായിരുന്നു. തെളിവുകളില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചു എന്നായിരുന്നു ബിജെപിയുടെ പരാതി.
തുടർന്ന് മോദിക്കെതിരായ രാഹുൽ ഗാന്ധിയുടേയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടേയും പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കംചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗവും സഭാ രേഖയിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇതിനെയും രൂക്ഷഭാഷയിൽ വിമർശിച്ചു കോൺഗ്രസ് രംഗത്തു വന്നിരുന്നു.
നേതാക്കൾ പാർലമെന്റിൽ നടത്തിയ പരാമർശം നീക്കം ചെയ്യാൻ തക്കതായ ഒന്നുംതന്നെ അതിൽ ഉണ്ടായിരുന്നില്ലെന്നും കോൺഗ്രസ് പ്രസ്താവനയിൽ വ്യക്തമാക്കി. സമവായത്തിലൂടെയും സഹകരണത്തിലൂടെയും ഐക്യത്തിലൂടെയുമല്ല, ഏറ്റുമുട്ടലിലൂടെയും സംഘർഷത്തിലൂടെയുമാണ് ബിജെപി പാർലമെന്റിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നത്. മറ്റുള്ളവർക്കുമേൽ അമിത നിയന്ത്രണങ്ങളും അധികാരപ്രയോഗവും നടത്തുന്ന പ്രത്യേക മാനസികനിലയാണ് സർക്കാരിനുള്ളതെന്നും കോൺഗ്രസ് ആരോപിച്ചു.
രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് ഖാർഗെയും വിമർശനം ഉയർത്തിയത്. പ്രധാനമന്ത്രിയുടെ ഉറ്റസുഹൃത്തിന്റെ സമ്പത്ത് രണ്ടു വർഷത്തിനുള്ളിൽ പതിമൂന്നിരട്ടിയാണ് വർധിച്ചതെന്ന് അദാനിയുടെ പേരെടുത്തുപറയാതെ ഖാർഗെ കുറ്റപ്പെടുത്തി. അഴിമതി നടത്തുകയുമില്ല, നടത്തിക്കുകയുമില്ല എന്ന് പ്രധാനമന്ത്രി 2014-ൽ നടത്തിയ പ്രസ്താവന തട്ടിപ്പായിരുന്നോ എന്നും ഈ അതിവേഗവളർച്ച സൗഹൃദം കാരണമാണോ എന്നും ഖാർഗെ ചോദിച്ചിരുന്നു. ഈ പരാമർശത്തിൽ ഭരണപക്ഷം പ്രതിഷേധം ഉയർത്തിയതോടെ സഭാ രേഖകളിൽനിന്ന് പരാമർശം നീക്കം ചെയ്യുകയായിരുന്നു.
രാഹുൽ ഗാന്ധിയുടേയും മല്ലികാർജുൻ ഖാർഗെയുടേയും പ്രസംഗത്തിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളോ അസഭ്യമായതോ ലജ്ജാകരമായതോ വാക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി പറഞ്ഞു. തീർത്തും ബഹുമാനത്തോടെയും വിനയത്തോടു കൂടിയുമായിരുന്നു രണ്ടുപേരും സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീക്കംചെയ്ത പരാമർശങ്ങളിൽ ചോദിച്ച ചോദ്യങ്ങൾ പോലും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം അത്യന്തം വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്. ഭാരത് ജോഡോ യാത്ര കേരളത്തിലും ദേശീയ തലത്തിലും വൻ വിജയമാണെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ രാഹുലിനെ കെ. സുധാകരൻ, കെ.സി. വേണുഗോപാൽ എന്നിവർ ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. ഞായറാഴ്ച രാത്രി വയനാട്ടിലേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി, തിങ്കളാഴ്ച വയനാട്ടിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. ശേഷം തിങ്കളാഴ്ച രാത്രിയോടെ ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം.
മറുനാടന് ഡെസ്ക്