ബെഗുസരായ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിലെ ബെഗുസരായ് ജില്ലയിൽ മത്സ്യത്തൊഴിലാളികളോടൊപ്പം കായത്തിൽ ചാടി മീൻ പിടിച്ച് രാഹുൽ ഗാന്ധി. വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവും മുൻ മന്ത്രിയുമായ മുകേഷ് സാഹാനിക്കൊപ്പമാണ് അദ്ദേഹം പ്രചാരണ പരിപാടിക്കിടെ അപ്രതീക്ഷിതമായി മീൻപിടിത്തത്തിനിറങ്ങിയത്.

വെള്ള ടീഷർട്ടും കാർഗോ പാന്റും ധരിച്ചെത്തിയ രാഹുൽ, പ്രവർത്തകരെ അഭിവാദ്യം ചെയ്ത് വരികയായിരുന്ന വാഹനത്തിൽ നിന്ന് പെട്ടെന്ന് ഇറങ്ങുകയായിരുന്നു. കായത്തിൽ മീൻ പിടിക്കുന്നവരെ കണ്ടതോടെയാണ് അദ്ദേഹം അങ്ങോട്ട് എത്തുന്നത്. തുടർന്ന് മുകേഷ് സാഹാനിക്കൊപ്പം വഞ്ചിയിൽ കായത്തിന്റെ നടുവിലേക്ക് പോയ രാഹുൽ, മീൻ പിടിക്കാൻ വലയെറിഞ്ഞ ശേഷം കായത്തിലേക്ക് ചാടുകയായിരുന്നു. ഇത് കൗതുകത്തോടെ നോക്കിനിന്ന മത്സ്യത്തൊഴിലാളികളും സംഘാംഗങ്ങളും "രാഹുൽ ഗാന്ധി സിന്ദാബാദ്" എന്ന മുദ്രാവാക്യം വിളിച്ചു.

മത്സ്യത്തൊഴിലാളികളുമായി ഏറെ സമയം ചെലവഴിച്ച രാഹുൽ, അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത ശേഷമാണ് മടങ്ങിയത്. സംഭവത്തിന്റെ വീഡിയോ കോൺഗ്രസ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.