ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ തെരഞ്ഞെുടുപ്പാണ്. ഇന്ത്യാ മുന്നണിയുമായി ചേർന്നുള്ള രാഷ്ട്രീയ പോരാട്ടം മോദിയുടെ മൂന്നാമൂഴം തടയുമോ എന്നാതാണ് അറിയേണ്ട്. അതിന് ഉതകുന്ന വിധത്തിൽ രാഷ്ട്രീയ പോരാട്ടം നടത്തണമെങ്കിൽ ഹിന്ദി ബെൽറ്റിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നേടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മത്സരിക്കുക എന്ന ഫോർമുലയാകും രൂപപ്പെടുക. ഇന്ത്യ മുന്നണിയുമായി ചേർന്നുള്ള ധാരണ കൂടിയാകുമ്പോൾ വിജയസാധ്യതയുള്ളിടങ്ങളിൽ വിജയിച്ചു കയരാനാകുമെന്നുമാണ് പ്രതീക്ഷ.

ഇതിനിടെ രാഹുൽ തന്റെ മുൻ മണ്ഡലമായ അമേഠിയിൽ നിന്നും വീണ്ടും മത്സരിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വയനാട് മണ്ഡലത്തെ കൈവിടാതെ തന്നെ അമേഠിയെ രണ്ടാം മണ്ഡലമാക്കാനാണ് നീക്കം. കൈമോശം വന്ന മണ്ഡലം തിരികെ പിടിക്കാൻ രാഹുൽ തന്നെ വേണമെന്ന വികാരമാണ് ഉത്തർപ്രദേശിലെ കോൺഗ്രസിനുള്ളത്. അതുകൊണ്ട് തന്നെ രാഹുൽ വീണ്ടും അമേഠിയിൽ വരണമെന്ന ആഗ്രഹം അവർക്കുണ്ട്.

രാഹുൽഗാന്ധി ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷൻ അജയ് റായ് ഇന്ന് വ്യക്തമാക്കുകയും ചെയ്തു. ഉത്തർപ്രദേശ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പ്രിയങ്ക യുപിയിൽ എവിടെ മത്സരിക്കാൻ താൽപ്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നും അജയ് റായ് പറഞ്ഞു. വാരണാസിയിൽ പ്രിയങ്ക മത്സരിക്കുമോയെന്ന ചോദ്യത്തിലാണ് അജയ് റായുടെ പ്രതികരണം വന്നത്.

കഴിഞ്ഞ തവണ രാഹുൽഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിച്ചിരുന്നു. അമേഠിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് രാഹുൽ പരാജയപ്പെടുകയായിരുന്നു. വയനാട്ടിലെ എംപിയാണ് നിലവിൽ രാഹുൽഗാന്ധി. അതേസമയം, വയനാട് മണ്ഡലത്തിൽ രാഹുൽ മത്സരിക്കുമോയെന്ന് അജയ് രായ് വ്യക്തമാക്കിയില്ല. വിഷയം വാർത്തയായതോടെ അജയ് റായ് യുടെ പരാമർശത്തോട് പ്രതികരണവുമായി എഐസിസി രംഗത്തെത്തി.

രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് എഐസിസി അറിയിച്ചു. യുപി അധ്യക്ഷൻ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചത്. എന്നാൽ അമേഠിയോട് ഇപ്പോഴും രാഹുലിന് അടുത്ത ബന്ധമാണുള്ളതെന്നും എഐസിസി പറയുന്നു.

ഭാരത് ജോഡോ യാത്ര അടക്കം യുവജനങ്ങളിൽ രാഹുലിന്റെ ജനപ്രീതി ഉയർത്താൻ കാരണമായിട്ടുണ്ട്. കേന്ദ്രസർക്കാറിന് എതിരായ രാഷ്ട്രീയ പോരാട്ടങ്ങളും അദ്ദേഹത്തിന്റെ ജനപ്രീതി ഉയരാൻ കാരണമായി. ഇതിന് പിന്നാലെയാണ് ഹിന്ദി മേഖലയിലെ കോൺഗ്രസിന്റെ വീണ്ടെടുപ്പിന് അമേഠി വീണ്ടും ചർച്ചയാകുന്നത്. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയാകും മത്സരിക്കുക എന്ന സൂചനകളുണ്ട്.

അതിനിടെ, മോദി പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ രാഹുൽഗാന്ധി നേരിട്ട് ഹാജരാകണ്ടെന്ന് ജാർഖണ്ഡ് ഹൈക്കോടതി നിർദ്ദേശിച്ചു.സിറ്റിങ് എം പി എന്ന നിലയിലുള്ള തിരക്ക് കണക്കിലെടുത്താണ് കോടതി നിർദ്ദേശം.നേരിട്ട് ഹാജരാകണമെന്ന റാഞ്ചി കോടതി ഉത്തരവിനെതിരെയുള്ള അപ്പിലീലാണ് തീരുമാനം.രാഹുലിനെ രണ്ട് വർഷത്തേക്ക് ശിക്ഷിച്ച ഗുജറാത്ത് മജിസ്‌ട്രേറ്റ് കോടതി വിധി സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.

അയോഗ്യത നീങ്ങിയതോടെ രാഹുൽ വയനാട് എംപി സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. രാഹുലിന് പരാമവധി ശിക്ഷ നൽകാനുള്ള കാരണം മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതിക്കോ വിശദീകരിക്കാനായില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചിരുന്നു.