- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കും; പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള പുരോഗമനപരമായി ചുവടുവെപ്പാണിത്; ചരിത്ര തീരുമാനമെന്ന് രാഹുൽ ഗാന്ധി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് ആയുധമാക്കാൻ കോൺഗ്രസ്
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് ആയുധമാക്കി ബിജെപിയെ നേരിടാൻ ഒരുങ്ങി കോൺഗ്രസ്, അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ജാതി സെൻസസ് അനുകൂല നിലപാടുമായി കോൺഗ്രസ് രംഗത്തു വന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കാൻ തീരുമാനിച്ചതായി രാഹുൽ ഗാന്ധി എംപി വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'കോൺഗ്രസ് പ്രവർത്തക സമിതി ഒരു ചരിത്ര തീരുമാനമെടുത്തു. ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, കർണാടക, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ മുഖ്യമന്ത്രിമാർ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള പുരോഗമനപരമായി ചുവടുവെപ്പാണിത്', രാഹുൽ വിശദീകരിച്ചു.
രാജ്യത്തിന്റെ പുരോഗതിക്ക് ജാതി സെൻസസ് അനിവാര്യമാണ്. 'ഇന്ത്യ' മുന്നണിയിലെ മിക്ക പാർട്ടികൾക്കും ഇതിൽ അനുകൂല നിലപാടാണ്. ചില പാർട്ടികൾക്ക് എതിർപ്പുണ്ടെങ്കിലും അത് ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെയോ മതത്തിന്റെയോ പരിഗണനയിലല്ല ഈ ഉദ്യമം. മറിച്ച്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ടവർക്ക് പ്രയോജനപ്പെടാൻ വേണ്ടിയുള്ളതാണ്.
ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താൻ ബിജെപിയെ സമ്മർദത്തിലാക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. ബിജെപിക്ക് കഴിയില്ലെങ്കിൽ, ഇക്കാര്യത്തിൽ നേതൃത്വം നൽകാനുള്ള അധികാരം കോൺഗ്രസിന് നൽകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസിന് നിലവിലുള്ള നാല് മുഖ്യമന്ത്രിമാരിൽ മൂന്നുപേരും ഒ.ബി.സി വിഭാഗത്തിൽനിന്നുള്ളവരാണ്. എന്നാൽ, ബിജെപിക്കുള്ള 10 മുഖ്യമന്ത്രിമാരിൽ ഒരാൾ മാത്രമാണ് ഒ.ബി.സി വിഭാഗത്തിൽനിന്നുള്ളത്. പ്രധാനമന്ത്രി ഒ.ബി.സി വിഭാഗങ്ങൾക്കായി ഒന്നും ചെയ്യുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ബിഹാറിൽ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിറകെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ജാതി സെൻസസ് നടപ്പാക്കാൻ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.
ജാതി സെൻസസ് ലോക്‌സഭയിലേക്കുള്ള ആയുധമാക്കാൻ കോൺഗ്രസ് തീരുമാനിക്കുമ്പോൾ ബിജെപി ഇതിനെ എങ്ങനെ നേരിടുമെന്നാണ് അരിയേണ്ടത്. എൻഡിഎ മുന്നണക്കുള്ളിൽ നിന്നും ജാതിസെൻസസ് എന്ന സമ്മർദ്ദം ബിജെപി നേരിടുന്നുണ്ട്. സെൻസസ് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, പ്രതിപക്ഷം ജാതി അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്നുവെന്ന് ആരോപിച്ച് രംഗത്ത് വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തു വന്നിരുന്നു. സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി, നിഷാദ് പാർട്ടി, അപ്നദൾ, ഹിന്ദുസ്ഥാനി അവാം മോർച്ച എന്നീ പാർട്ടികളാണ് ജാതി സെൻസസ് വേണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.
ജാതി സെൻസസ് പിന്നാക്ക ജനങ്ങളുടെ വികസനം എത്രമാത്രം സാധ്യമായി എന്ന് തിരിച്ചറിയാൻ വഴിതുറക്കുമെന്ന് നാലുവർഷത്തെ ഇടവേളയ്ക്കു ശേഷം എൻഡിഎയിൽ മടങ്ങിയെത്തിയ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി അധ്യക്ഷൻ ഓം പ്രകാശ് രാജ്ബർ പറഞ്ഞു. ബി ആർ അംബേദ്കർ അഭിപ്രായപ്പെട്ടതുപോലെ ഓരോ 10 വർഷം കൂടുമ്പോഴും ജാതി സെൻസസ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപി സർക്കാരിൽ സഖ്യകക്ഷിയായ നിഷാദ് പാർട്ടിയും ജാതി സെൻസസിനെ സ്വാഗതം ചെയ്ത് രംഗത്ത് വന്നു.
ആദിത്യനാഥ് മന്ത്രിസഭയിൽ അംഗമായ സഞ്ജയ് നിഷാദ് പിന്നാക്കാരുടെ യഥാർത്ഥ സ്ഥിതിവിവരം പുറത്തുവരുന്നത് ഓരോ ജാതി വിഭാഗത്തിന്റെയും വികസനം സാധ്യമാക്കുമെന്നും ബിജെപി നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം ബിഹാറിൽ ജാതി സെൻസസ് വിവരങ്ങൾ ശേഖരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. സംസ്ഥാന സർക്കാരിന്റെ നടപടി തടസപ്പെടുത്താനാകില്ലെന്നും സർക്കാർ നയങ്ങൾ ഇത്തരം വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നടത്തുന്നതെന്നും നിരീക്ഷിച്ച കോടതി സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്നും പറഞ്ഞു.
മറുനാടന് ഡെസ്ക്