നാഗ്പൂര്‍: രാജ്യത്ത് ജാതി സെന്‍സസ് നടക്കുമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് ദലിത്, ഒ.ബി.സി, ആദിവാസി എന്നീ വിഭാഗക്കാരോട് കാണിക്കുന്ന അനീതി പുറത്തുകൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. നാഗ്പൂരില്‍ നടന്ന സംവിധാന്‍ സമ്മാന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി സെന്‍സസിലൂടെ എല്ലാം വ്യക്തമാകും. ബി.ജെ.പി എത്രമാത്രം അധികാരം കൈയാളുന്നുവെന്നും നമ്മുടെ പങ്ക് എന്താണെന്നും എല്ലാവര്‍ക്കും മനസ്സിലാകുമെന്നും രാഹുല്‍ പറഞ്ഞു. ജാതി സെന്‍സസ് വികസനത്തിന്റെ മാതൃകയാണ്. 50 ശതമാനം സംവരണ പരിധിയും നമ്മള്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 90 ശതമാനത്തിലധികം വരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനാണ് തങ്ങള്‍ പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ ബി.ആര്‍ അംബേദ്കര്‍ തയാറാക്കിയ ഭരണഘടന വെറുമൊരു പുസ്തകമല്ല, ഒരു ജീവിത രീതിയാണ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആളുകള്‍ ഭരണഘടനയെ ആക്രമിക്കുമ്പോള്‍ അവര്‍ ആക്രമിക്കുന്നത് രാജ്യത്തിന്റെ ശബ്ദത്തെയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അദാനി കമ്പനി മാനേജ്മെന്റില്‍ ദലിത്, ഒ.ബി.സി, ആദിവാസി എന്നീ വിഭാഗക്കാരെ നിങ്ങള്‍ കാണില്ല. വെറും 25 പേരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളുന്നു. എന്നാല്‍, കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ ആളുകളുടെ ശീലങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ താന്‍ ആക്രമിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.