- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് ബിജെപിയെ തകർക്കും; അവരുടെ ആശയങ്ങളെ പരാജയപ്പെടുത്താൻ പോകുന്നത് കോൺഗ്രസ് മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളാണെണ്; തിരഞ്ഞെടുപ്പു കഴിഞ്ഞാൽ തെലങ്കാനയിൽ ബിജെപിയെ കണ്ടെത്താൻ പ്രയാസമായിരിക്കും: രാഹുൽ ഗാന്ധി
ന്യൂഡൽഹി: കർണാടകയിലേതു പോലെ മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ബിജെപിയെ തകർക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്വേഷത്തിൽ പൊതിഞ്ഞ അവരുടെ ആശയങ്ങളെ പരാജയപ്പെടുത്താൻ പോകുന്നത് കോൺഗ്രസ് മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ''ബിജെപിയെ തകർക്കാൻ സാധിക്കുമെന്ന് കർണാടകയിൽ നമ്മൾ തെളിയിച്ചുകൊടുത്തു.
അവരെ നമ്മൾ പരാജയപ്പെടുത്തുകയല്ല, തകർക്കുകയാണ് ചെയ്യുന്നത്.''-യു.എസിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. വാഷിങ്ടണിലും സാൻ ഫ്രാൻസിസ്‌കോയിലും സന്ദർശനം നടത്തിയാണ് രാഹുൽ ന്യൂയോർക്കിലെത്തിയത്.
''കർണാടകയിൽ വിജയിക്കാൻ ബിജെപി സാധ്യമായ എല്ലാം ചെയ്തു. മാധ്യമങ്ങൾ മുഴുവൻ അവരുടെ കൂടെയായിരുന്നു. ഞങ്ങളുടെ കൈയിലുള്ളതിനേക്കാൾ 10 ഇരട്ടി പണമുണ്ട് അവരുടെ കൈവശം. കേന്ദ്രം ഭരിക്കുന്നത് അവരാണ്. അന്വേഷണ ഏജൻസികളും അവരുടെ കൈയിലാണ്. എല്ലാമുണ്ടായിട്ടും അവരെ തകർക്കാൻ കോൺഗ്രസിനു സാധിച്ചു.
അടുത്തത് തെലങ്കാനയാണ്. തെരഞ്ഞെടുപ്പിനു ശേഷം തെലങ്കാനയിൽ ബിജെപിയുടെ പൊടി പോലുമുണ്ടാകില്ല. ''-രാഹുൽ കൂട്ടിച്ചേർത്തു. ന്യൂയോർക്കിൽ നടന്ന പരിപാടിയിൽ മേയർ എറിക് ആഡംസ് പങ്കെടുത്തു. കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമടങ്ങുന്ന വലിയ സംഘമാണ് കേൾവിക്കാരായി ഉണ്ടായിരുന്നത്.
''തെലങ്കാനയെ കൂടാതെ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. കർണാടകയിൽ ബിജെപിയോട് ചെയ്തതു തന്നെ ഈ സംസ്ഥാനങ്ങളിലും ആവർത്തിക്കും. ബിജെപിയെ പരാജയപ്പെടുത്താൻ പോകുന്നത് കോൺഗ്രസല്ല, മറിച്ചു രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്‌ഗഡിലെയും തെലങ്കാനയിലെയും ജനങ്ങളാണ്.''- രാഹുൽ വിശദീകരിച്ചു.




