നളന്ദ: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രവർത്തിക്കുന്നത് മോദിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. നളന്ദയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതീഷനെ നിയന്ത്രിക്കുന്ന റിമോട്ട് ക​ൺ​ട്രോൾ നരേന്ദ്ര മോദിയുടെ കൈകളിലാണെന്നും മോദി ബട്ടൺ അമർത്തിയാൽ നിതീഷ് പ്രവർത്തിക്കുമെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്.

ബിഹാർ സർക്കാരിനെ നയിക്കുന്നത് നിതീഷ് കുമാർ അല്ലെന്നും, യഥാർത്ഥ അധികാരം മോദിയുടെയും അമിത് ഷായുടെയും കൈകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ രാഹുൽ ഗാന്ധി ബിഹാറിലെ ചോദ്യപേപ്പർ ചോർച്ച വിഷയത്തെക്കുറിച്ചും സംസാരിച്ചു. ഇത് സംസ്ഥാനത്തെ കഠിനാധ്വാനികളായ യുവാക്കളെ ദോഷകരമായി ബാധിക്കുമെന്നും, രാജ്യത്തിനായി തൊഴിലാളികളെ മാത്രം ഉത്പാദിപ്പിക്കുന്ന ഒരു സംസ്ഥാനമായി ബിഹാറിനെ മാറ്റാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പഴയകാലത്തെപ്പോലെ ലോകമെമ്പാടുമുള്ള ആളുകൾ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്ന നളന്ദ സർവ്വകലാശാലയുടെ പ്രതാപം വീണ്ടെടുക്കുമെന്നും, ബിഹാറിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ചൈന വരെ എത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്ത് രണ്ട് ഇന്ത്യ നിലവിലുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒന്ന് അദാനി, അംബാനി, മോദി എന്നിവർക്ക് വേണ്ടിയുള്ളതാണെങ്കിൽ, മറ്റൊന്ന് സാധാരണ ജനങ്ങളുടേതാണ്. രണ്ടാമത്തെ ഇന്ത്യയിൽ തൊഴിൽ കണ്ടെത്താൻ ജനങ്ങൾക്ക് പ്രയാസമാണെന്നും, പ്രധാനമന്ത്രി മോദി ചൈനീസ് ഉൽപ്പന്നങ്ങൾ വിൽക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറിലെ ആശുപത്രികളുടെ ശോചനീയാവസ്ഥയെക്കുറിച്ചും അദ്ദേഹം വിമർശിച്ചു. ആശുപത്രികൾ ജീവൻ രക്ഷിക്കാനല്ല, മറിച്ച് മരണത്തിനാണ് കാരണമാകുന്നതെന്നും, ജനങ്ങളുടെ ജീവന് വില കൽപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.