ശ്രീനഗർ: രാഹുൽ ഗാന്ധിയുടെ ലഡാക്കിലെ ബൈക്ക് യാത്ര, കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയപോരിന് മൂർച്ച കൂട്ടിയിരിക്കുകയാണ്. രാഹുലിനെ പരിഹസിക്കാൻ കേന്ദ്രമന്ത്രിമാർ തന്നെ എക്‌സിൽ, കുറിപ്പുകളിട്ടു. ലഡാക്കിലെ കിടിലൻ റോഡുകൾ പ്രമോട്ട് ചെയ്യുന്നതിന് കേന്ദ്രമന്ത്രി കിരൺ റിജിജു രാഹുലിനെ അഭിനന്ദിച്ചു. ഹിമാലയൻ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിർമ്മിച്ച മികച്ച റോഡുകളിലേക്ക് ശ്രദ്ധ ക്ഷണിച്ചതിനായിരുന്നു പരിഹാസം കലർന്ന അഭിനന്ദനം. പാങ്‌ഗോങ്‌സോയിലേക്കുള്ള 2012 കാലത്തെ കുണ്ടും കുഴിയും നിറഞ്ഞ റോഡും റിജിജു താരതമ്യത്തിനായി കുറിപ്പിൽ പങ്കുവച്ചു.

പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയും സമാന കുറിപ്പിട്ടു. ജമ്മു-കശ്മീരിന്റെ സ്വയംഭരണപദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ലേയിലെയും ലഡാക്കിലെയും സംഭവവികാസങ്ങൾ രാഹുൽ തന്നെ റോഡ് ട്രിപ്പിലൂടെ കാട്ടുന്നതിൽ തങ്ങൾ സന്തുഷ്ടരെന്നായിരുന്നു മന്ത്രിയുടെ കുറിപ്പ്.

കോൺഗ്രസും വിട്ടുകൊടുത്തില്ല. രാഹുൽ ബൈക്ക് റൈഡ് നടത്തുന്ന ലഡാക്കിലെ റോഡുകളുടെ ടെൻഡർ വിവരങ്ങൾ പുറത്തുവിടാൻ കോൺഗ്രസ് വക്താവ് പവൻ ഖേര ബിജെപിയെ വെല്ലുവിളിച്ചു. 2014 ന് മുമ്പ് അവിടെ ഷൂട്ട് ചെയ്ത ഹിന്ദി ചിത്രങ്ങളിൽ മികച്ച റോഡുകളാണ് കാണുന്നതെന്നും, കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനകൾ ബാലിശമാണെന്നും, ബിജെപിക്ക് എല്ലാത്തിന്റെയും ക്രഡിറ്റ് എടുക്കണമെന്നും ഖേര കുറിച്ചു.

അതേസമയം, ലഡാക്കിലെ നിലവിലെ സ്ഥിതിഗതികൾ നേരിട്ട് കണ്ടറിഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യാത്ര തുടരുകയാണ്. ഒരു സംഘം റൈഡർമാക്കൊപ്പം ബൈക്കിലാണ് ലഡാക്ക് യാത്ര. കർദുങ് ലായിലെത്തിയ രാഹുൽ ഗാന്ധിയുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഓഗസ്റ്റ് 20-ന് രാജീവ് ഗാന്ധിയുടെ ജന്മദിനം പാൻഗോങ് തടാകത്തിലാണ് രാഹുൽ ആഘോഷിച്ചത്. കെടിഎമ്മിന്റെ 390 അഡ്വഞ്ചർ ബൈക്കിലാണ് രാഹുൽ ഗാന്ധിയുടെ യാത്ര. ബൈക്കിങ് ഗിയർ അണിഞ്ഞുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് രാഹുൽ പങ്കുവച്ചത്.

സുരക്ഷയ്ക്ക് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലെന്ന് വ്യക്തമാക്കുന്നതാണ് യാത്രാ ചിത്രങ്ങൾ. ഓഗസ്റ്റ് 25 വരെ ലാഹുൽ ലഡാക്കിൽ തുടരുമെന്നാണ് വിവരം. കെടിഎം 390 അഡ്വഞ്ചർ 373 സിസി ബൈക്കാണ് രാഹുലിന്റെ ലഡാക്ക് യാത്രയ്ക്ക് ഊർജമായിട്ടുള്ളത്. നേരത്തെ കെടിഎം 390 ബൈക്ക് സ്വന്തമായുള്ളതായി രാഹുൽ വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ അത് ഉപയോഗിക്കാൻ കഴിയാത്തതിലെ നിരാശയും രാഹുൽ പങ്കുവച്ചിരുന്നു.

പാൻഗോങ് തടാകത്തിലേക്കുള്ള യാത്രയിലാണെന്നും ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണതെന്ന് അച്ഛൻ പറയാറുണ്ടെന്നും രാഹുൽ എക്‌സിൽ കുറിച്ചിരുന്നു. 'തടയാനാവാതെ മുന്നോട്ട് 'എന്ന കുറിപ്പുമായി കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധി ലഡാക്കിലെത്തിയത്. ദ്വിദിന സന്ദർശനമാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സന്ദർശനം ഓഗസ്റ്റ് 25 വരെ നീട്ടുകയായിരുന്നു. ലേയിൽ 500-ൽ അധികംവരുന്ന യുവാക്കളുമായി സംവദിക്കുകയും ചെയ്തു. ഓഗസ്റ്റ് 25-ന് നടക്കുന്ന ലഡാക്ക് ഹിൽ ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുലിന്റെ ലഡാക്ക് സന്ദർശനം. ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തശേഷം ലഡാക്കിലേക്കുള്ള രാഹുലിന്റെ ആദ്യസന്ദർശനമാണിത്.