- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വയനാടിൽ മത്സരിക്കാൻ രാഹുൽ ഉണ്ടാകുമെന്ന സൂചന കെപിസിസിക്ക് നൽകി കോൺഗ്രസ് ഹൈക്കമാണ്ട്; അമേഠിയിലും രാഹുൽ ഗാന്ധി മത്സരിക്കും; പ്രിയങ്കയ്ക്കായി കരുതി വയ്ക്കുന്നത് റായ്ബറേലി തന്നെ; സോണിയാ ഗാന്ധി ലോക്സഭയിലേക്ക് മത്സരിക്കാനും ഇടയില്ല; വയനാട്ടിൽ ഭൂരിപക്ഷം കൂട്ടാൻ കോൺഗ്രസ്
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കും. അമേഠിക്ക് പുറമെ വയനാട് നിന്നും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് ഹൈക്കമാണ്ട് കെപിസിസിക്ക് സൂചന നൽകി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിസന്ധിഘട്ടത്തിൽ രാഹുൽ ഗാന്ധിയെ വയനാട് പിന്തുണച്ച സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലുമാണ് രാഹുൽ മത്സരിച്ചത്. വയനാട്ടിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുൽ പക്ഷേ, അമേഠിയിൽ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് 55,000-ഓളം വോട്ടിന് പരാജയപ്പെട്ടിരുന്നു. അമേഠിയിലെ തിരിച്ചടി തിരിച്ചറിഞ്ഞാണ് അന്ന് വയനാട്ടിലും മത്സരിച്ചത്.
ഇത്തവണ രാഹുൽ അമേഠിയിൽനിന്ന് മത്സരിക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വ്യക്തമാക്കിയിരുന്നു. അമേഠി പ്രതീക്ഷയുള്ള സീറ്റാണെ്. എന്നാൽ പ്രതിസന്ധിഘട്ടത്തിൽ പിന്തുണച്ചത് വയനാടാണ്. അതുകൊണ്ട് വയനാടും രാഹുൽ മത്സരിക്കും. വയനാടിൽ വൻ ഭൂരിപക്ഷമാണ് രാഹുൽ ലക്ഷ്യമിടുന്നത്. രണ്ടിടത്തും ജയിച്ചാൽ വയനാട്ടിൽ നിന്നും രാഹുൽ രാജിവയ്ക്കും. അമേഠിയെ കൂടെ നിർത്തുകയും ചെയ്യും. 1999 മുതൽ ഗാന്ധി കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്നു അമേഠി. 2004 മുതൽ 2019 വരെ രാഹുൽ ഗാന്ധിയായിരുന്നു അമേഠിയിൽ നിന്ന് ജയിച്ചത്.
എന്നാൽ 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് സ്മൃതി ഇറാനി പിടിച്ചെടുത്തു. ഇത്തവണ സോണിയാ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിക്കില്ല. അതുകൊണ്ട് റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കാനാണ് സാധ്യത. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന നൽകി റോബർട്ട് വാദ്ര രംഗത്തുവന്നിരുന്നു. പാർലമെന്റിൽ നന്നായി പ്രകടനം കാഴ്ച വെക്കാൻ പ്രിയങ്ക കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വാദ്ര വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
ലോക്സഭ എംപിയാകാനുള്ള എല്ലാ യോഗ്യതയും പ്രിയങ്കക്കുണ്ട്. കോൺഗ്രസ് പാർട്ടി പ്രിയങ്കയെ അംഗീകരിക്കുകയും അതിനുള്ള നടപടികൾ ആവിഷ്‌കരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.-വാദ്ര തുടർന്നു. പാർലമെന്റിൽ സംസാരിക്കവെ സ്മൃതി ഇറാനി ഗൗതം അദാനിക്കൊപ്പമുള്ള തന്റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ കുറിച്ചും വാദ്ര സംസാരിച്ചു. താൻ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുന്നയാളാണെന്നും എന്നാൽ തന്റെ പേരിൽ എന്തെങ്കിലും ഉന്നയിക്കുന്നുണ്ടെങ്കിൽ അത് തെളിയിക്കണമെന്നുമാണ് വാദ്ര പറഞ്ഞത്.
പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ തന്നെ മത്സരിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. രണ്ട് പതിറ്റാണ്ടോളം റായ്ബറേലിയിലും അമേഠിയിലും സജീവ രാഷ്ട്രീയ പ്രവർത്തനം തുടരുന്ന പ്രിയങ്ക അവിടെ പാർട്ടി സംഘടന കെട്ടിപ്പടുത്തു. പരമ്പരാഗതമായി കോൺഗ്രസ് കൈവശം വച്ചിരുന്ന അമേഠിയിൽ രാഹുൽ ഗാന്ധി ബിജെപിയുടെ സ്മൃതി ഇറാനിയോട് തോറ്റു. 2004 മുതൽ സോണിയാ ഗാന്ധി റായ്ബറേലിയിൽ പരാജയമറിയാതെ തുടരുകയാണ്. എന്നാൽ ഇത്തവണ അസുഖങ്ങൾ കാരണം മത്സരിക്കാൻ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് പ്രിയങ്കയെ റായ്ബറേലിയിലേക്ക് പരിഗണിക്കുന്നത്.
അതേസമയം കർണാടകത്തിലെ ബെല്ലാരി അടക്കം പ്രിയങ്ക മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളാണ്. സോണിയാ ഗാന്ധി കർണ്ണാടകയിൽ നിന്നും രാജ്യസഭയിലെത്തുമെന്നും സൂചനയുണ്ട്.




