- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
15 വർഷത്തിനിടെ വസുന്ധരയുമായി സംസാരിച്ചത് 15 തവണ മാത്രം; അവരുമായി ഒരു തരത്തിലും ഐക്യപ്പെടാൻ ആകില്ല; തന്റെ പരാമർശം വളച്ചൊടിച്ചു; സച്ചിൻ പൈലറ്റിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അശോക് ഗെലോട്ട്; രാജസ്ഥാനിൽ പ്രതിസന്ധി രൂക്ഷമാകവേ പദയാത്ര തുടരുർന്ന് സച്ചിൻ; തള്ളിപ്പറഞ്ഞ് സുഖ്വിന്ദർ സിങ് രൺധാവയും
ജയ്പൂർ: കർണാടകത്തിലെ വിജയലഹരിയിൽ കഴിയുന്ന കോൺഗ്രസിന് തിരിച്ചടിയാകുകയാണ് രാജസ്ഥാനിലെ തമ്മിലടി. സച്ചിൻ പൈലറ്റ് ഇവിടെ കലാപക്കൊടി ഉയർത്തി കഴിഞ്ഞു. അഴിമതിക്കെതിരെ പദയാത്രയുമായി പൈലറ്റ് മുന്നോട്ടു പോകുകയാണ്. ഇതിനിടെ സച്ചിൻ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തുവന്നു. മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരാ രാജെ സിന്ധ്യയുമായി രഹസ്യ കൂട്ടുകെട്ടുണ്ടെന്ന ആരോപണങ്ങൾ തള്ളിയാണ് ഗെലോട്ട് രംഗത്തുവന്നത്.
അഴിമതിക്കെതിരെ തന്റെ സർക്കാർ സീറോ ടോളറൻസ് നയമാണ് പിന്തുടരുന്നതെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി. 15 വർഷം വെറും 15 തവണ മാത്രമേ വസുന്ധരയുമായി സംസാരിച്ചിട്ടുള്ളൂ. തന്റേതിൽ നിന്ന് തീർത്തും വ്യത്യസ്തമായ നിലപാടുകളാണ് അവർക്ക്. ഒരു തരത്തിലും ഐക്യപ്പെടാൻ പറ്റില്ല. തന്റെ പരാമർശം വളച്ചൊടിക്കുകയായിരുന്നു മാധ്യമങ്ങൾ. 2020ൽ സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റും ചില കോൺഗ്രസ് നേതാക്കളും കലാപമുണ്ടാക്കിയപ്പോൾ രക്ഷിച്ചത് വസുന്ധരയാണെന്നായിരുന്നു ഗെഹ്ലോട്ട് പറഞ്ഞത്.
''മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, മുൻ നിയമസഭാ സ്പീക്കർ കൈലാഷ് മേഘ്വാൾ, എംഎൽഎ ശോഭറാണി കുശ്വ എന്നീ മൂന്ന് ബിജെപി നേതാക്കളുടെ പിന്തുണ കൊണ്ടാണ് തന്റെ സർക്കാർ രക്ഷപ്പെട്ടത്''- എന്നായിരുന്നു ധോൽപൂരിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് ഗെഹ്ലോട്ട് പറഞ്ഞത്. ''കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ഗജേന്ദ്ര സിങ് ശെഖാവത്ത്, ധർമേന്ദ്ര പ്രധാൻ എന്നിവർ ചേർന്ന് എന്റെ സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടത്തി. അവർ രാജസ്ഥാനിൽ പണം വിതരണം ചെയ്തു. എന്നാൽ അവർ ഇപ്പോൾ ആ പണം തിരികെ വാങ്ങുന്നില്ല. എന്തുകൊണ്ടാണ് അവർ എംഎൽഎമാരിൽ നിന്ന് പണം തിരികെ ആവശ്യപ്പെടാത്തതെന്ന് ഞാൻ അത്ഭുതപ്പെടുന്നു''-എന്നായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പരാമർശം.
'ധോൽപൂരിൽ വെച്ച് വസുന്ധരാജിയും കൈലാഷ്ജിയും തന്നെ സഹായിച്ചു എന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ ആളുകൾ അത് തെറ്റിദ്ധരിച്ചു. വസുന്ധര എന്റെ അടുത്ത് വന്ന് ഞാൻ നിങ്ങൾക്കൊപ്പമാണ് എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല'-ഗെഹ്ലോട്ട് തന്റെ വാദം ന്യായീകരിച്ചു. ഇതിനെതിരെ ഗെഹ്ലോട്ട് തന്നെ അപമാനിച്ചുവെന്നാരോപിച്ച് വസുന്ധര രംഗത്തുവന്നിരുന്നു.
ഗെഹ്ലോട്ടിന്റെ പരാമർശത്തിനു പിന്നാലെ സച്ചിൻ പൈലറ്റ് വാർത്ത സമ്മേളനം വിളിച്ചിരുന്നു. ഗെഹ്ലോട്ടിന്റെ നേതാവ് വസുന്ധരയാണെന്നും സോണിയ അല്ലെന്ന് തെളിഞ്ഞതായും സച്ചിൻ പൈലറ്റ് ആരോപിച്ചു. അതിനിടെ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സച്ചിൻ പൈലറ്റിനെ തള്ളി രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ്വിന്ദർ സിങ് രൺധാവ രംഗത്തെത്തി. സച്ചിൻ പൈലറ്റിന്റെ യാത്ര വ്യക്തിപരമാണെന്നും സച്ചിൻ യാത്രക്കായി തെരഞ്ഞെടുത്ത സമയം ഉചിതമായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സച്ചിൻ പൈലറ്റ് പറയുന്ന മുഴുവൻ കാര്യങ്ങളിലും ചർച്ച സാധ്യമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജസ്ഥാനിലെ പൊട്ടിത്തെറി ഹൈക്കമാന്റിനെയും കോൺഗ്രസ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.
സംസ്ഥാനത്ത് പദയാത്ര നടത്താനാണ് സച്ചിൻ പൈലറ്റിന്റെ തീരുമാനം. രാജസ്ഥാൻ പിസിസി അധ്യക്ഷനും പാർട്ടി നേതൃത്വവും അദ്ദേഹത്തെ വിമർശിച്ചിരുന്നു. സച്ചിന്റെ യാത്ര തെറ്റാണെന്നല്ല, മറിച്ച് തെരഞ്ഞെടുത്ത സമയം തെറ്റാണെന്നാണ് കോൺഗ്രസ് നേതൃത്വം പറഞ്ഞത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചർച്ചയിൽ സച്ചിൻ പൈലറ്റിന്റെ യാത്ര ഉയർന്നുവന്നിരുന്നു. രാജസ്ഥാനിൽ അശോക് ഗെഹ്ലോട് സർക്കാരിന്റെ അഴിമതി ചർച്ച ചെയ്യണമെന്നാണ് സച്ചിന്റെ ആവശ്യം. എന്നാൽ ആ കാര്യം ചർച്ച ചെയ്യില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
രാജസ്ഥാനിൽ ഏറെ നാളായി തുടരുന്ന അശോക് ഗെഹ്ലോട്ട് - സച്ചിൻ പൈലറ്റ് തർക്കം പരിഹാരമില്ലാതെ നീളുകയാണ്. ഇതെങ്ങനെ തീർക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന് വ്യക്തതയില്ല. അതിനാൽ തന്നെ പ്രതിസന്ധി കൂടുതൽ കുഴഞ്ഞുമറിഞ്ഞ് പോവുകയുമാണ്. അതിനിടെ സച്ചിൻ പൈലറ്റിന്റെ സംസ്ഥാനത്തെ പദയാത്ര നാലാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. അശോക് ഗെഹ്ലോട്ടിനെയും കോൺഗ്രസ് നേതൃത്വത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് സച്ചിൻ പൈലറ്റിന്റെ യാത്ര. നാളെ ജയ്പൂരിലാണ് അഴിമതിക്കെതിരായ യാത്ര അവസാനിക്കുക.
വസുന്ധര രാജയുടെ അഴിമതിക്ക് കുടപിടിച്ചുവെന്ന സച്ചിന്റെ ആരോപണം ഗലോട്ടിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. മുൻ സർക്കാരിനെതിരായ അഴിമതികളിൽ അന്വേഷണം നടത്താത്താത് പാർട്ടിക്കുള്ളിലും ചർച്ചയായി കഴിഞ്ഞു. വസുന്ധരയുമായി ബന്ധമില്ലെന്നും, അത്തരം പ്രചാരണം നടത്തുന്നവർ അപകടകാരികളാണെന്നും ഗലോട്ട് പ്രതികരിച്ചു. പരോക്ഷമായി പോലും പരസ്പം ആരോപണങ്ങൾ ഉന്നയിക്കരുതെന്ന നിർദ്ദേശമുള്ളപ്പോഴാണ് മുഖ്യമന്ത്രിയും അതിര് വിടുന്നത്. കർണ്ണാടകയിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം രാജസ്ഥാനിലെ തമ്മിലടിയിലേക്ക് കടക്കാനാണ് ഹൈക്കമാൻഡ് നീക്കം. ഈ വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ഇലയ്ക്കും മുള്ളിനും കേടില്ലാതെ എങ്ങനെ വിഷയം പരിഹരിക്കുമെന്നത് ഹൈക്കമാൻഡിന് വലിയ വെല്ലുവിളിയാണ്.




