- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ പുതിയൊരു നികുതി, 'വീണാ സർവീസ് ടാക്‌സ്'; സോഫ്റ്റ്‌വെയറുമായും ടെക്‌നോളജിയുമായും യാതൊരു ബന്ധവുമില്ലാത്ത സിഎംആർഎൽ എന്തിനാണ് വീണ വിജയന്റെ കമ്പനിയിൽ പണം നിക്ഷേപിക്കുന്നത്? 'ഇന്ത്യ' മുന്നണിയും മറുപടി നൽകണം; പരിഹാസവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപി
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയ സംഭവം സഭയിൽ എത്തിക്കാതെ യുഡിഎഫ് മുക്കുമ്പോൾ വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപി നീക്കം. ഇന്ന് വിഷയം സഭയിൽ ഉന്നയിക്കാനെ പ്രതിപക്ഷം വിഷയത്തിൽ പിന്നോട്ടു പോയിരുന്നു. യുഡിഎഫ് നേതക്കളും പടി വാങ്ങിയവരുടെ പട്ടികയിൽ ഉണ്ടെന്നത് വ്യക്തമായതോടയാണ് പ്രതിപക്ഷം യുടേൺ അടിച്ചത്. ഇതോടെയാണ് വിഷയത്തിൽ ബിജെപി സാധ്യതകൾ കാണുന്നത്.
സന്ദീപ് വാര്യർ അടക്കമുള്ളവർ ഈ വിഷയത്തിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്നതിന് പിന്നാലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരും വിഷയം ഉന്നയിച്ചു കൊണ്ട് രംഗത്തുവന്നു. കേരളാ മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ടാണ് രാജീവ് ച്ന്ദ്രശേഖർ രംഗത്തുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്ക് 3 വർഷത്തിനിടെ മാസപ്പടിയായി 1.72 കോടി രൂപ ലഭിച്ചെന്ന ആരോപണത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
എന്ത് അടിസ്ഥാനത്തിലാണ് വീണയ്ക്ക് ഈ പണം ലഭിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ഇത് 'വീണ സർവീസ് ടാക്‌സ്' ആണെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. ''ഇന്ന് നമ്മൾ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷികം ആഘോഷിക്കുമ്പോൾ, കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മകൾ, 'വീണാ സർവീസ് ടാക്‌സ്' എന്ന പേരിൽ പുതിയ തരം നികുതി ഏർപ്പെടുത്തിയതു പോലെയാണ് വിവിധ കമ്പനികളിൽനിന്നു പണം വാങ്ങുന്നത്' രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. വിവിധ കമ്പനികൾ നിയമവിധേയമല്ലാത്ത പണം പിണറായി വിജയന്റെ മകളുടെ കമ്പനിയിൽ നിക്ഷേപിച്ചതായും കേന്ദ്രമന്ത്രി ആരോപിച്ചു.
''200409 കാലഘട്ടത്തിലെ യുപിഎ ഭരണത്തിൽ ഇടതു പാർട്ടികൾക്ക് നിർണായക റോളുണ്ടായിരുന്നു. ഇക്കാലത്താണ് 2ജി, കൽക്കരി പോലുള്ള വൻകിട അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നത്. സോഫ്റ്റ്‌വെയറുമായും ടെക്‌നോളജിയുമായും പ്രത്യേകിച്ച് യാതൊരു ബന്ധവുമില്ലാത്ത സിഎംആർഎൽ പോലുള്ള കമ്പനികൾ എന്തിനാണ് വീണ വിജയന്റെ കമ്പനിയിൽ പണം നിക്ഷേപിക്കുന്നത്? പ്രതിപക്ഷ ഇന്ത്യ മുന്നണി രൂപീകരിച്ച ഇടത് പാർട്ടികളും കോൺഗ്രസും മറുപടി നൽകിയേ തീരൂ' രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സിഎംആർഎൽ വീണയ്ക്ക് ഈ നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് കഴിഞ്ഞ ദിവസം തീർപ്പു കൽപിച്ചിരുന്നു. വീണയും വീണയുടെ മാത്രം സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷ്യൻസും ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി, സോഫ്റ്റ്‌വെയർ േസവനങ്ങൾ നൽകാമെന്നു സിഎംആർഎലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നൽകിയില്ല. എന്നാൽ, കരാർപ്രകാരം മാസം തോറും പണം നൽകിയെന്ന് സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴി നൽകിയിരുന്നു.
2017-20 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് പണം നൽകിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വർ സിങ്, എം.ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെന്റ് ബോർഡ് ബെഞ്ച് വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയിടെ മകളുടെ മാസപ്പടി വിവാദം വിവാദം ഇന്നും പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയമായി കൊണ്ടുവന്നില്ല. അടിയന്തരപ്രമേയമായി വിഷയം കൊണ്ടുവരാമെന്ന് ബുധനാഴ്ച ചേർന്ന യുഡിഎഫ് യോഗത്തിൽ പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടെന്നാണ് വിവരം. പതിനൊന്നോളം എംഎൽഎമാർ ഇക്കാര്യത്തിൽ പിന്തുണ നൽകുകയും ചെയ്തു. എന്നാൽ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ എതിർത്തതായാണ് സൂചന. സിഎംആർഎൽ പണം നൽകിയവരുടെ രേഖയിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയ നേതാക്കളുടെയും പേരുണ്ട്. ഇത് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിഷയം സഭയിൽ ഉന്നയിക്കേണ്ടെന്ന് മുതിർന്ന നേതാക്കൾ അടക്കം ചൂണ്ടിക്കാട്ടിയതെന്നാണ് സൂചന.
ആരോപണം ഗൗരവതരമാണെന്് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. അഴിമതി ആരോപണം സഭയിൽ അവതരിപ്പിക്കാൻ നടപടിക്രമങ്ങളുണ്ട്. അതുകൊണ്ടാണ് ഈ ആരോപണം അടിയന്തര പ്രമേയമായി ഇന്ന് അവതരിപ്പിക്കാത്തത്. റൂൾ 15നിൽ ഇത് നിൽക്കില്ല. അഴിമതി ആരോപണം എഴുതി നൽകി ഉന്നയിക്കേണ്ടതാണെന്നും വിഡി സതീശൻ പ്രതികരിച്ചു. പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ വിമുഖതയില്ലെന്നും വിഡി സതീശൻ പറഞ്ഞു. സബ്മിഷനായി ഉന്നയിച്ച് നിസ്സാര വൽക്കരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.
അതിനിടെ ഈ വിവാദത്തിൽ പ്രതിപക്ഷത്തെ കളിയാക്കി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്തു വന്നു. പ്രിയ മാത്യു കുഴൽനാടന് ഒരു തുറന്ന കത്ത് , എക്സാലോജിക്കുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ നിയമസഭയിൽ ഉന്നയിക്കുകയും മുഖ്യമന്ത്രിയുടെ അപ്രീതിക്ക് വിധേയനാവുകയും ചെയ്ത അങ്ങ് വീണാ വിജയന്റെ മാസപ്പടി പിരിവ് തെളിവ് സഹിതം പുറത്തു വന്നിട്ടും ഇന്ന് സഭയിൽ മൗനമാചരിക്കുമോ താങ്കളുടെ കൂടി നേതാക്കൾ മാസപ്പടി പറ്റിയിരുന്നു എന്നതിനാൽ മൗനം പാലിക്കാനുള്ള മുന്നണി തീരുമാനം വാസ്തവത്തിൽ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നതല്ലേ നിയമസഭക്കകത്ത് മാസപ്പടി വിഷയത്തിൽ മാത്യു കുഴൽ നാടൻ മൗനമാചരിച്ചാൽ അത് താങ്കളുടെ വിശ്വാസ്യത സംശയത്തിന്റെ നിഴലിലാക്കും എന്ന് സ്നേഹപൂർവ്വം മുന്നറിയിപ്പ് നൽകാനാഗ്രഹിക്കുന്നു-ഇതാണ് സന്ദീപ് വാര്യരുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.




