ചണ്ഡീഗഡ്: മാതൃരാജ്യത്തോടുള്ള ആദരവ് സൂചിപ്പിക്കുന്ന 'വന്ദേ മാതരം' എന്ന മുദ്രാവാക്യം ബി.ജെ.പി വെറുപ്പിന്റെ ഭാഷയാക്കി മാറ്റിയെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. ഹരിയാനയിൽ സമുദായങ്ങളെ പരസ്പരം എതിർത്ത് ബി.ജെ.പി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ മാതൃകയാണ് പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിശബ്ദതയുടെ സമയം അവസാനിച്ചെന്നും, ഭിന്നതകൾക്കപ്പുറം ഭഗവദ്ഗീതയിൽ പഠിപ്പിക്കുന്ന സ്നേഹം, കടമ, നീതി എന്നിവയുടെ സന്ദേശം പിന്തുടരണമെന്നും രൺദീപ് സിങ് സുർജേവാല ആഹ്വാനം ചെയ്തു.

വർഷങ്ങളായി സംസ്ഥാനം ഝാട്ട് - ഝാട്ട് അല്ലാത്തവർ, പഞ്ചാബി - അഗർവാൾ, ദരിദ്രർക്കിടയിൽ രവിദാസിയ - വാൽമീകി, സിഖ് - ഹിന്ദു എന്നിങ്ങനെ പല തരത്തിൽ വിഭജിക്കപ്പെട്ടിട്ടുണ്ടെന്ന് സുർജേവാല ചൂണ്ടിക്കാട്ടി. ബ്രാഹ്മണർക്കും സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്കുമിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ എം.പി കൂടിയായ സുർജേവാലയുടെ അഭിപ്രായത്തിൽ, മേവാത്തിലെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഭിന്നിപ്പിച്ച് പാർട്ടി സമുദായങ്ങളെ ധ്രുവീകരിച്ചിരിക്കുകയാണ്.

ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട പുണ്യഭൂമിയായി കണക്കാക്കപ്പെടുന്ന കൈതാൽ-കപിസ്തലിൽ പോലും അധിക്ഷേപവും അന്യരെന്ന് മുദ്രകുത്തുന്ന തരത്തിൽ വിദ്വേഷത്തിന്റെ വ്യാപനം എത്തിയിട്ടുണ്ടെന്നും സുർജേവാല പറഞ്ഞു. കൃഷിയിലൂടെ രാഷ്ട്രത്തെ പോഷിപ്പിക്കുന്നതിന് പേരുകേട്ട സംസ്ഥാനത്ത് ‘വെറുപ്പിന്റെ വിള’ വിതയ്ക്കുന്നതിന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.