ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന്റെ ജനാധിപത്യത്തിന് വഴികാട്ടിയായത് ഭരണഘടനയാണ്. ഭരണഘടന കാലത്തിന്റെ വെല്ലുവിളികളെയും അതിജീവിച്ച് മുന്നോട്ട് പോകുകയാണെന്നും രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.

ഓരോ പൗരനും ഇന്ത്യയുടെ കഥയിൽ അഭിമാനിക്കാൻ കാരണമുണ്ട്.നിരവധി മതങ്ങളും ഭാഷകളും നമ്മെ ഭിന്നിപ്പിക്കുകയല്ല, ഒരുമിപ്പിക്കുകയാണ് ചെയ്തത്. അതിനാലാണ് ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക് ആയി വിജയിച്ചത്. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് വിളിക്കുന്നത്. പട്ടിണിയും സാക്ഷരതയില്ലായ്മയും അടക്കം നിരവധി പ്രശ്നങ്ങളെ സ്വാതന്ത്ര്യത്തിന്റെ സമയത്ത് നമ്മൾ നേരിട്ടു. ഇന്ന് മറ്റു രാജ്യങ്ങളെ പ്രചോദിപ്പിച്ചുകൊണ്ട് ഇന്ത്യ മുന്നേറുകയാണ്.

മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം, സ്വാതന്ത്ര്യം നേടുന്നതിനും സ്വന്തം മൂല്യങ്ങൾ തിരികെ നേടുന്നതിനും നമ്മെ സഹായിച്ചു. ഭരണഘടനയ്ക്ക് രൂപം നൽകുന്നതിന് നേതൃത്വം നൽകിയ ഡോ. ബി ആർ അംബേദ്കറിനെ രാജ്യം എന്നും ഓർക്കും.

രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകൾക്ക് കൂടുതൽ ഇടം നൽകണം. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. സർക്കാരിന്റെ സമയബന്ധിതമായ ഇടപെടലുകളിലൂടെയാണ് ഇത് സാധ്യമായത് . ഇന്ത്യയുടെ നേതൃത്വത്തിലൂടെ കൂടുതൽ സുസ്ഥിരവും സമത്വവും നിറഞ്ഞ ലോകം പടുത്തുയർത്താൻ സാധിക്കും.

ആത്മനിർഭർ ഭാരത് പദ്ധതി ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണമാണുണ്ടാക്കിയതെന്ന് രാഷ്ട്രപതി പറഞ്ഞു. ജനാധിപത്യം, ബഹുസ്വരത എന്നിവയെ പരിപോഷിപ്പിക്കുന്നതിനും മികച്ച ലോകവും ഭാവിയും രൂപപ്പെടുത്തുന്നതിനുമുള്ള അവസരമാണ് ജി-20 അധ്യക്ഷത പദവിയിലൂടെ ലഭിച്ചത്. രാജ്യത്തിന്റെ ഉന്നതിക്കായി സംഭാവന നൽകുന്ന എല്ലാവരേയും അഭിനന്ദിക്കുന്നതായി സന്ദേശത്തിൽ രാഷ്ട്രപതി അറിയിച്ചു.