ന്യൂഡൽഹി: സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 412 പേർക്കാണ് പുരസ്‌കാരം. ആറു പേർക്കാണ് കീർത്തി ചക്ര. മരണാനന്തരം ഉൾപ്പെടെ 15 പേർക്കാണ് ശൗര്യ ചക്ര.

മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉൾപ്പെടെ 29 പേർ പരംവിശിഷ്ട സേവാ മെഡലിനും 52 പേർ അതി വിശിഷ്ട സേവാ മെഡലിനും അർഹരായി. അസം റൈഫിൾസ് മേധാവിയാണ് പ്രദീപ് ചന്ദ്രൻ. 126 പേർ വിശിഷ്ട സേവാ മെഡലിനും അർഹരായി. ഒരാൾ നാവിക സേനാ മെഡലിനും 10 പേർ യുദ്ധ സേവാ മെഡലിനും അർഹരായി.

കോഴിക്കോട് സ്വദേശിക്ക് പരം വിശിഷ്ട സേവാ മെഡൽ

അസം റൈഫിൾസ് തലവനും കോഴിക്കോട് സ്വദേശിയുമായ ലഫ്റ്റനന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർക്ക് രാഷ്ട്രപതിയുടെ ഉന്നത സൈനിക ബഹുമതിയായ പരം വിശിഷ്ട സേവാ മെഡൽ. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയാണ്. പ്രദീപ് ചന്ദ്രൻ നായർ 1985ൽ സിഖ് റജിമെന്റിലാലാണ് ഓഫീസറായി കരസേനയിൽ ചേർന്നത്. അതിവിശിഷ്ട സേവ മെഡലും യുദ്ധ സേവ മെഡലും നേടിയിട്ടുണ്ട്.

സത്താറ സൈനിക സ്‌കൂൾ, നാഷനൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥിയാണ്. സിയാച്ചിനിലടക്കം സേവനമനുഷ്ഠിച്ച ഇദ്ദേഹം നാഗാലാൻഡിൽ അസം റൈഫിൾസ് ഇൻസ്‌പെക്ടർ ജനറലായിരുന്നു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ചന്ദ്രൻ നായരുടെയും പരപ്പനങ്ങാടി ചൊനാം കണ്ടത്തിൽ ലീലയുടെയും മകനാണ്. പുഷ്പയാണ് ഭാര്യ. മക്കൾ: പ്രശോഭ്, പൂജ.

 ദോഗ്ര റജിമെന്റിലെ മേജർ ശുഭംഗിന് ബദ്ഗാമിലെ തീവ്രവാദി വിരുദ്ധ ഓപ്പറേഷനിലെ ധീരതയ്ക്കാണ് കീർത്തി ചക്ര പുരസ്‌കാരം. ജമ്മു-കശമീരിലെ ബദ്ഗാമിൽ ഒരു ഭീകരനെ വകവരുത്തുകയും, പരിക്കേറ്റ സൈനികരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു മേജർ ശുഭംഗ്.