മുംബൈ: ബി.ജെ.പി ഉള്‍പ്പെടുന്ന എന്‍.ഡി.എ മുന്നണിക്കും ഇന്‍ഡ്യ സഖ്യത്തിനും നിര്‍ണായകമായ രണ്ട് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങി. മഹാരാഷ്ട്രയില്‍ എക്‌സിറ്റ്‌പോളുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബി.ജെ.പി സഖ്യമായ മഹായുതി മുന്നോട്ട് പോവുന്നത്. എന്നാല്‍, കൈവിട്ട അധികാരം തിരിച്ച് പിടിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മഹാ വികാസ് അഖാഡിയുടെ ശ്രമം. എന്നാല്‍ ലീഡ് നിലയില്‍ എന്‍ഡിഎയാണ് മുന്നില്‍ നില്‍ക്കുന്നത്.

ഝാര്‍ഖണ്ഡില്‍ ജെ.എം.എം സഖ്യവും എന്‍.ഡി.എയും തമ്മിലാണ് മുഖ്യപോരാട്ടം. അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ജെ.എം.എം സഖ്യം പ്രതീക്ഷിക്കുന്നത്. അധികാരത്തില്‍ തിരിച്ചെത്തുകയാണ് ബി.ജെ.പി സഖ്യത്തിന്റെ ലക്ഷ്യം. അതിനിടെ എക്സിറ്റ് പോളില്‍ മഹാരാഷ്ട്രയില്‍ മഹായുതിക്ക് മുന്‍തൂക്കം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ വിജയിക്കുന്ന എംഎല്‍എമാരെ ഹോട്ടലിലേക്കു മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഘാഡി തീരുമാനിച്ചു.

അതേസമയം എക്സിറ്റ് പോള്‍ അനുകൂലമായിട്ടും ബിജെപി മുന്നണിയായ മഹായുതി എംഎല്‍എമാരെ കൊണ്ടുപോകാന്‍ ഹെലികോപ്റ്റര്‍വരെയാണ് സജ്ജമാക്കിയിരിക്കുന്നത്. 288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷത്തിന് 145 സീറ്റ് വേണം. തൂക്ക് സഭ വരുന്ന സാഹചര്യമുണ്ടായാല്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനുള്ള നീക്കങ്ങളാണ് മുന്നണികള്‍ പയറ്റുന്നത്. കുതിരക്കച്ചവടത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് എല്ലാ പാര്‍ട്ടികളും ജാഗ്രതയിലാണ്.

ആരാണ് മുഖ്യമന്ത്രിയാകേണ്ടത് എന്നകാര്യത്തില്‍ ഇരുമുന്നണികളിലും ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന. മഹായുതിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഫഡ്നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നിലവിലെ വിവരങ്ങള്‍. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ഏകനാഥ് ഷിന്ദെ അവകാശവാദമുന്നയിച്ചാല്‍ പ്രതിസന്ധിയിലാകും മഹായുതി. ഫലമറിഞ്ഞാലുടന്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ കാലതാമസമുണ്ടാകാതിരിക്കാന്‍ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍, ജി. പരമേശ്വര എന്നിവരെ നിരീക്ഷകരായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചു.

ഡി.കെ ശിവകുമാറിനാണ് എംഎല്‍എമാരെ ഒന്നിച്ച് നിര്‍ത്താനുള്ള ചുമതല. കോണ്‍ഗ്രസ് ഭരണമുള്ള കര്‍ണാടകയിലെ ബെംഗളൂരു, തെലങ്കാന എന്നിവിടങ്ങളിലാണ് മഹാവികാസ് അഘാഡി എംഎല്‍എമാര്‍ക്കായി റിസോര്‍ട്ട് ബുക്ക് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അനിശ്ചിതത്വം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഇരുമുന്നണികളും ചെയ്യുന്നത്. മണ്ഡലങ്ങളില്‍ നിന്ന് സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി എത്തിക്കാനുള്ള നീക്കങ്ങളുമുണ്ട്. എല്ലാവരുമായും നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടാണ് മുന്നണികള്‍ മുന്നോട്ടുപോകുന്നത്.