- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ സ്കൂളിൽ പഠിച്ചതിനാൽ ഇംഗ്ലീഷ് അറിയില്ല; ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് എന്റെ ജോലി; ഇംഗ്ലീഷ് അറിവിന്റെ അളവുകോലല്ലെന്നും തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: ഇംഗ്ലീഷ് ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമാണെന്നും അറിവിൻ്റെ അളവുകോലായി ഇതിനെ കാണരുതെന്നും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത റെഡ്ഡി. തന്‍റെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവിനെ കളിയാക്കിയവർക്ക് മറുപടിയായി തെലങ്കാന നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ സർക്കാർ സ്കൂളിൽ പഠിച്ചതുകൊണ്ട് ശരിയായ ഇംഗ്ലീഷ് അറിയില്ലെന്നും, എന്നാൽ ജനങ്ങളുടെ പരാതികൾ കേട്ട് പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് തൻ്റെ ജോലിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിന് ഇംഗ്ലീഷ് ആവശ്യമാണെങ്കിൽ 24 മണിക്കൂറും ആ ഭാഷ സംസാരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും സ്പാനിഷാണ് അദ്ദേഹത്തിൻ്റെ ഭാഷയെന്നും താൻ മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിൽ പരാമർശിച്ചിരുന്നതായും രേവന്ത റെഡ്ഡി ഓർമ്മിപ്പിച്ചു. അതേസമയം, തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമർക്കയ്ക്കും ജലസേചന മന്ത്രി ഉത്തം കുമാർ റെഡ്ഡിക്കും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉണ്ടെന്നും, അവർ കേന്ദ്ര സർവകലാശാലയിലും നാഷണൽ ഡിഫൻസ് അക്കാദമിയിലുമാണ് പഠനം പൂർത്തിയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Telangana Chief Minister A Revanth Reddy while addressing the winter session of Telangana Assembly on Saturday, January 3 said that English is a language for communication and not a measure for knowledge.
— The Siasat Daily (@TheSiasatDaily) January 4, 2026
Reddy criticised those who mocked his English and said, " English is a… pic.twitter.com/pRM696KtRV
സമ്മേളനത്തിൽ മറ്റ് വിഷയങ്ങളും ചർച്ചയായി. പാലമുരു–രംഗ റെഡ്ഡി ലിഫ്റ്റ് ജലസേചന പദ്ധതിയെ ചൊല്ലി നിലവിലെ ജലസേചന മന്ത്രിയും മുൻ ജലസേചന മന്ത്രിയും തമ്മിൽ മൂന്നാം ദിവസം രൂക്ഷമായ വാഗ്വാദം നടന്നു. സഭയിൽ ഹാജരാകാതിരുന്ന ഭാരത് രാഷ്ട്ര സമിതിയെയും (ബി.ആർ.എസ്) പ്രതിപക്ഷ നേതാവ് കെ. ചന്ദ്രശേഖർ റാവുവിനെയും മുഖ്യമന്ത്രി രേവന്ത റെഡ്ഡി വിമർശിക്കുകയും ചെയ്തു. ഇതിനിടെ, മന്ത്രി ദനാസാരി അനസൂയ സീതക്ക അവതരിപ്പിച്ച 2026 ലെ പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ നിയമസഭ പാസാക്കി. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കുന്നത് റദ്ദാക്കുന്നതാണ് ഈ ഭേദഗതി ബിൽ.




