മുംബൈ: മുംബൈ മേയര്‍ സ്ഥാനത്തേക്ക് ഋതു താവ്‌ഡെയെ നാമനിര്‍ദേശം ചെയ്ത് ബിജെപി. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്കാണ് ഋതു താവ്‌ഡെ മത്സരിക്കുന്നത്. ശിവസേന പ്രതിനിധി സഞ്ജയ് ഘാഡി ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും. റെക്കോര്‍ഡ് മാര്‍ജിനില്‍ വിജയം നേടിയാണ് ബിജെപി നയിക്കുന്ന മഹായൂതി സഖ്യം മുംബൈ ഭരിക്കാന്‍ ഒരുങ്ങുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളേക്കുള്ള പേരുകള്‍ പ്രഖ്യാപിച്ചത്.

ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള സ്ത്രീക്കാണ് ഇത്തവണ മേയര്‍ സ്ഥാനം സംവരണം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് താവ്‌ഡെയുടെ പേരിലേക്ക് ബിജെപി എത്തിയത്. ബിഎംസി വിദ്യാഭ്യാസ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ മേഖലയിലെ പ്രവര്‍ത്തന പരിചയമാണ് താവ്ഡെയ്ക്ക് ഗുണമായത്. മുംബൈയുടെ രണ്ടാമത്തെ വനിതാ നേതാവാണ് ഋതു താവ്‌ഡെ.

അതേസമയം, ഡെപ്യൂട്ടി മേയര്‍ സ്ഥാനം നാല് ടേം ആയി നാല് പേര്‍ക്ക് നീക്കിവയ്ക്കാനാണ് ശിവസേനയുടെ തീരുമാനം. ഇത് പ്രകാരം 1.25 വര്‍ഷമായിരിക്കും സഞ്ജയ് ഘാഡിയുടെ ഡെപ്യൂട്ടി മേയര്‍ പദവിയിലെ കാലാവധി.

227 അംഗ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍, 89 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേന 29 സീറ്റുകള്‍ നേടി. ഭൂരിപക്ഷത്തിന് 114 സീറ്റുകള്‍ വേണമെന്നിരിക്കെ എന്‍ഡിഎ സഖ്യത്തിന് 118 സീറ്റുകള്‍ സ്വന്തമായുണ്ട്. 1997 മുതല്‍ 25 വര്‍ഷമായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിച്ചിരുന്ന ശിവസേന (യുബിടി) 65 സീറ്റുകള്‍ നേടി.

സഖ്യകക്ഷികളായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്), എന്‍സിപി(ശരദ് പവാര്‍) എന്നിവ യഥാക്രമം ആറ് സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 24 സീറ്റുകള്‍ നേടിയപ്പോള്‍ എഐഎംഐഎം എട്ട്, എന്‍സിപി (അജിത് പവാര്‍ വിഭാഗം) മൂന്ന്, സമാജ്വാദി പാര്‍ട്ടി രണ്ട് സീറ്റുകളും നേടി. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു.