പുണൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, രാമക്ഷേത്രത്തിന് സമാനമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ രാമക്ഷേത്രം പോലുള്ള തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നത് അസ്വീകാര്യമായ പ്രവണതയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ പല ഹൈന്ദവ സംഘടനകളുടെ നീക്കത്തിനും ആര്‍ എസ് എസ് പിന്തുണയുണ്ടാകില്ലെന്ന് ഉറപ്പായി. മതേതരത്വം കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രസക്തിയിലാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. ഇത് കേന്ദ്ര സര്‍ക്കാരിനും ആശ്വാസമാണ്.

'വ്യത്യസ്ത വിശ്വാസങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും എങ്ങനെ യോജിപ്പോടെ ജീവിക്കാനാകും എന്നതിന് ഇന്ത്യ ഒരു മാതൃക കാണിക്കണമെന്നും പുണെയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. ഇതിന് പിന്നില്‍ തീവ്ര ഹൈന്ദവ സംഘടനകളാണുള്ളത്. ഈ സാഹചര്യത്തില്‍ മോഹന്‍ ഭാഗവതിന്റെ വിശദീകരണം നിര്‍ണ്ണായകമാണ്.

'നമ്മള്‍ വളരെക്കാലമായി സൗഹാര്‍ദ്ദപരമായി ജീവിക്കുന്നു. ഇന്ത്യക്കാര്‍ തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കിക്കൊണ്ട്, മുന്‍കാല തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തങ്ങളുടെ രാജ്യത്തെ ലോകത്തിന് മാതൃകയാക്കാന്‍ ശ്രമിക്കണം. രാമക്ഷേത്രം നിര്‍മിച്ചതിന് ശേഷം സമാനമായ പ്രശ്നങ്ങള്‍ ഉന്നയിച്ച് ഹിന്ദുക്കളുടെ നേതാക്കളാകാമെന്ന് ചിലര്‍ കരുതുന്നു. ഇത് സ്വീകാര്യമല്ല,'- ഭാഗവത് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

രാമക്ഷേത്രം വിശ്വാസത്തിന്റെ കാര്യമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. അത് നിര്‍മിക്കപ്പെടണമെന്ന് ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. വിദ്വേഷത്തിന്റെയും ശത്രുതയുടെയും പേരില്‍ മറ്റിടങ്ങളില്‍ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇന്ത്യയില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല. എല്ലാവര്‍ക്കും അവരുടെ വിശ്വാസ പ്രകാരം ആരാധന നടത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 'വിശ്വഗുരു ഭാരത്' എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി പൂണെയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കിക്കൊണ്ട് മുന്‍കാല തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഭാരതീയര്‍ തങ്ങളുടെ രാജ്യത്തെ ലോകത്തിന് മാതൃകയാക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൗരാണിക സംസ്‌കാരത്തിലേക്ക് തിരിച്ചുവരികയാണ് സമൂഹത്തിലെ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള പരിഹാരമെന്ന് മോഹന്‍ ഭഗവത് വ്യക്തമാക്കി.'തീവ്രവാദം, മറ്റു മതസ്ഥരുടെ ദൈവങ്ങളെ അപമാനിക്കല്‍ എന്നിവ നമ്മുടെ സംസ്‌കാരമല്ല. ഇവിടെ ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ല. നമ്മള്‍ എല്ലാവരും ഒന്നാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ആരാധനാരീതിയുണ്ട്. അതുപ്രകാരം ആരാധന നടത്താന്‍ ഈ രാജ്യത്ത് സാധിക്കണം.' - മോഹന്‍ ഭഗാവത് പറഞ്ഞു.