ഡൽഹി: ഭീകരവാദത്തെയും വർഗീയതയെയും കുറിച്ചുള്ള രാജ്യത്തെ പൊതുധാരണകൾ തിരുത്തണമെന്ന് ആർഎസ്എസ് നേതാവ് രാം മാധവ് ആവശ്യപ്പെട്ടു. 'ഭീകരവാദത്തിന് മതമില്ല' എന്ന കാഴ്ചപ്പാട് പുനഃപരിശോധിക്കേണ്ടതുണ്ട്. ഒരു പ്രത്യേക മതത്തെ മുഴുവൻ ഭീകരരായി കാണാൻ കഴിയില്ലെങ്കിലും, ഭീകരർക്ക് തീർച്ചയായും മതമുണ്ട് എന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഭീകരവാദ കേസുകളിലെ മുഖ്യപ്രതികൾ അവരുടെ ചെയ്തികളെ ന്യായീകരിക്കാൻ വിശുദ്ധ ഗ്രന്ഥങ്ങൾ ഉപയോഗിക്കുന്ന സാഹചര്യങ്ങളുണ്ട്. അതിനാൽ, മതത്തിൽ നിന്നുള്ള പ്രോത്സാഹനം ഇവർക്ക് ലഭിക്കുന്നുണ്ടെന്ന വസ്തുത തള്ളിക്കളയാനാകില്ല.

ഭീകരവാദം ദാരിദ്ര്യത്തിൻ്റെ ഉൽപ്പന്നമാണെന്ന നിലവിലെ തെറ്റിദ്ധാരണകളെയും രാം മാധവ് തകിടം മറിച്ചു. ഭീകരവാദത്തിൻ്റെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ച് രാജ്യത്തെ ബുദ്ധിജീവികൾ തുറന്നു സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ, രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തെ ഏറ്റവും മോശം നേതാവായി വിമർശിച്ച രാം മാധവ്, വോട്ട് ചോർച്ചാ പ്രചാരണത്തെ ആരും ഏറ്റെടുത്തില്ലെന്നും ജനം രാഹുലിനെ വിശ്വസിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ബിഹാറിൽ 65 ലക്ഷം അനധികൃത വോട്ടർമാരെ കണ്ടെത്തിയത് രേഖകളിലെ പിഴവിൻ്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.