ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താൻ നടക്കുന്ന നീക്കത്തിന്റെ ഭാഗമാണ് പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെന്ന് വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കർ. രാജ്യ വിരുദ്ധ ശക്തികൾ ഇന്ത്യക്കകത്തും പുറത്തും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു.

ചൈനക്കെതിരെ സർക്കാർ അനങ്ങുന്നില്ലെന്ന കോൺഗ്രസ് വിമർശനത്തിനും ജയ്ശങ്കർ മറുപടി നൽകി. രാഹുൽ ഗാന്ധിയാണോ അതിർത്തിയിലേക്ക് സൈന്യത്തെ അയച്ചതെന്നും വിദേശകാര്യമന്ത്രി ചോദിച്ചു.

ബി.ബി.സി ഡോക്യുമെന്ററി പുറത്തിറങ്ങിയ സമയം യാദൃശ്ചികമല്ലെന്നും ജയശങ്കർ ആരോപിച്ചു. അതിന് പിന്നിൽ മറ്റൊരു രീതിയിലുള്ള രാഷ്ട്രീയമുണ്ടെന്നും രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് എന്തുകൊണ്ടാണ് ഡോക്യുമെന്ററി ഇറക്കാത്തത്? കോവിഡ് കാലം മുതൽ തുടങ്ങിയതാണ് ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം. മറ്റ് രാജ്യങ്ങളിലും ആളുകൾ കൂട്ടത്തോടെ മരിച്ചു. ഇന്ത്യയിലെ ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതുപോലെ മറ്റ് ഏത് രാജ്യത്തെയെങ്കിലും ചിത്രങ്ങൾ പുറത്തുവന്നോയെന്നും മന്ത്രി ചോദിച്ചു.

അതേ രീതിയാണ് ഇരുപത് വർഷം മുൻപ് നടന്ന സംഭവത്തിന്റെ ഡോക്യുമെന്ററി ചിത്രീകരണവും. കൃത്യമായ രാഷ്ട്രീയം ഇതിന് പിന്നിലുണ്ട്. ഡോക്യുമെന്ററി പുറത്ത് വന്ന സമയം യാദൃശ്ചികമല്ല. രാജ്യത്ത് തെരഞ്ഞെടുപ്പുകൾ തുടങ്ങുന്നു. അന്താരാഷ്ട്ര തലത്തിലും ഇന്ത്യ തിളങ്ങി നിൽക്കുന്ന സമയം. അപ്പോൾ പ്രധാനമന്ത്രിയുടെയും, രാജ്യത്തിന്റെയും നിലപാട് തീവ്രമാണെന്ന് വരുത്താനാണ് ഡോക്യുമെന്ററിയിലൂടെ ശ്രമിച്ചതെന്ന് ജയ് ശങ്കർ കുറ്റപ്പെടുത്തി.

ഇന്ത്യ ചൈന അതിർത്തി വിഷയത്തിലും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചാരണമാണ് നടന്നത്. പ്രധാനമന്ത്രിയോ സർക്കാരോ ചൈനക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ലെന്നും, നടപടികൾ സ്വീകരിക്കുന്നില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാതി. പ്രധാനമന്ത്രിയാണ് സൈന്യത്തെ അങ്ങോട്ട് അയച്ചതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി,.

അതിർത്തി വിഷയത്തിൽ വ്യക്തമായ നിലപാട് ഇന്ത്യയ്ക്കുണ്ട്. അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കി ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിച്ചുവരികയാണ്. ഇന്ത്യൻ മണ്ണിലേക്ക് ചൈന എത്തിയത് 1958ലും 1962ലുമാണ്. ഇന്ത്യയുടെ ചില ഭാഗങ്ങൾ അന്ന് ചൈന കയ്യേറി. അതിന് കാരണം നരേന്ദ്ര മോദി ആണെന്നാണോ കോൺഗ്രസ് പറയുക എന്ന് ജയശങ്കർ ചോദിച്ചു.

1988ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ബീജിങ്ങിലേക്ക് പോയി. അതിനു ശേഷം ചൈനയുമായി രണ്ട് കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചു. അതൊക്കെ തെറ്റാണെന്ന് പറയാനാകില്ല. കാരണം അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഓരോ കാലത്തും നടപടികൾ ഉണ്ടായിട്ടുള്ളത് എന്നും ജയശങ്കർ പറഞ്ഞു.

അദാനി വിവാദം കൂടി ശക്തമായ പശ്ചാത്തലത്തിലാണ് ബിബിസി വിവാദത്തിലെ നിലപാട് മന്ത്രി വ്യക്തമാക്കുന്നത്. സർക്കാരിനെതിരെ സമീപകാലത്തുയർന്ന വിവാദങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്രനീക്കമാണെന്നാണ് വിദേശകാര്യമന്ത്രി പറഞ്ഞു വയക്കുന്നത്.