ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഹൈക്കമാൻഡ് ശ്രമങ്ങൾ പാളുന്നതായി സൂചന. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൊമ്പുകോർത്തുനിൽക്കുന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് സ്വന്തം പാർട്ടി രൂപീകരിക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഗെലോട്ടുമായി കൈകൊടുത്തു മുന്നോട്ടു പോയാൽ ഇനി രാഷ്ട്രീയ ഭാവിയില്ലെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹം കടക്കുന്നത്. ഇത്തരമൊരു തീരുമാനം ഗെലോട്ടുമായി ഒത്തുപോകാൻ സാധിക്കില്ലെന്ന തിരിച്ചറിവിലാണ്.

ഈ മാസം 11 നു പുതിയ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷികമായ അന്നു നടത്തുന്ന റാലിയിലായിരിക്കും പ്രഖ്യാപനം. 'പ്രഗതിശീൽ കോൺഗ്രസ്' എന്നാണു പുതിയ പാർട്ടിയുടെ പേരെന്നാണു വിവരം. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പലവട്ടം ചർച്ച നടത്തിയിരുന്നു. ഒടുവിൽ കഴിഞ്ഞ മാസം 29നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുൻകയ്യെടുത്തു ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിക്കുകയും പ്രശ്‌നം തീർന്നതായി നേതൃത്വം അവകാശപ്പെടുകയും ചെയ്തതാണ്. എന്നാൽ സച്ചിനെ അംഗീകരിക്കാൻ ഗെലോട്ട് തയ്യാറല്ലെന്നിടത്താണ് പ്രശ്‌നങ്ങൾ നിൽക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ സച്ചിൻ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റ സ്ഥാപനമായ ഐപാക് ആണു സച്ചിന്റെ പാർട്ടിയുടെ രൂപീകരണത്തിനു സഹായിക്കുന്നതെന്നാണു വിവരം. ഏപ്രിൽ 11 നു മുൻ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ടു സച്ചിൻ നടത്തിയ നിരാഹാരസമരത്തിന്റെ സംഘാടനം ഐപാക്കിനായിരുന്നു. കഴിഞ്ഞമാസം അജ്മേറിൽനിന്നു ജയ്പുർ വരെ സച്ചിൻ നടത്തിയ 5 ദിവസത്തെ പദയാത്രയ്ക്കു പിന്നിലും ഐപാക് ആയിരുന്നു.

മെയ്‌ 15നു പദയാത്രാസമാപനത്തിൽ ഗെലോട്ട് സർക്കാരിനു മുൻപാകെ സച്ചിൻ 3 ആവശ്യങ്ങളാണു വച്ചത്; വസുന്ധര രാജെ സർക്കാരിലെ അഴിമതിക്കെതിരെ നടപടി, രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മിഷൻ പുനഃസംഘടന, ചോദ്യക്കടലാസ് ചോർച്ച പ്രശ്‌നത്തിൽ ഉദ്യോഗാർഥികൾക്കു നഷ്ടപരിഹാരം. ഹൈക്കമാൻഡുമായി നടത്തിയ ഒത്തുതീർപ്പു ചർച്ചയിലും സച്ചിൻ ഈ ആവശ്യങ്ങളായിരുന്നു മുന്നോട്ടുവച്ചത്. നടപടിയില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു.

രാജസ്ഥാനിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുന്നതിൽ സച്ചിൻ പൈലറ്റിന് നിർണായക റോൾ ഉണ്ടായിരുന്നു. സച്ചിൻ മുഖ്യമന്ത്രിയാകുമെന്ന് കരുതി വോട്ടു ചെയ്തവർ പിന്നീട് നിരാശരാകേണ്ടിയും വന്നു. ഇതിന് ശേഷം പലതവണ പാർട്ടിയിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുകയാണ് ഉണ്ടായത്. ഹൈക്കമാൻഡ് ഇടപെട്ട് പരഹരിക്കാൻ ശ്രമം നടത്തിയെങ്കിലും അതും വിജയിക്കാത്ത സാഹചര്യം ഉണ്ടായി. കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസിന ആവേശം പകർന്നിരുന്നു. ഇതോടെ രാജസ്ഥാനിലും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം നടത്തി. എന്നാൽ, ആ നീക്കവും അമ്പേ പരാജയപ്പെടുകയാണ് ഉണ്ടായത്. സ്വന്തം സർക്കാരിന് എതിരെ സച്ചിൻ പൈലറ്റ് പരോക്ഷ സമരത്തിന് ഇറങ്ങിയതോടെ വെട്ടിലായത് ഹൈക്കമാൻഡായിരുന്നു.

വർഷാവസാനം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. കോൺഗ്രസ് ഭരിക്കുന്ന ഈ സംസ്ഥാനത്തെ രാഷ്ട്രീയ അവസ്ഥ ഇപ്പോൾ പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. കഴിഞ്ഞ തവണ സച്ചിൻ പൈലറ്റ് അധ്വാനിച്ചു ഭരണം കിട്ടിയപ്പോൾ ഗെലോട്ട് മുഖ്യമന്ത്രിയായി. അന്ന് മുതൽ തുടങ്ങിയ കലാപം ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലെത്തി. സച്ചിൻ ഗെലോട്ടിനെ പരസ്യമായി വിമർശിച്ചു രംഗത്തുവന്നത് കൂടാതെ വസുന്ധര രാജെയുമായി കൈകോർത്തിരിക്കയാണ് എന്ന ആരോപണവും ഉന്നയിച്ചു രംഗത്തുവന്നു. ഇപ്പോൾ, വിഷയം കൂടതൽ വഷളായ അവസ്ഥയിലാണ്.

വസുന്ധര രാജെയുടെ കാലത്ത് നടന്ന അഴിമതികളിൽ അന്വേഷണം ആവശ്യപ്പെട്ട സച്ചിൻ പൈലറ്റിന് പിന്തുണയുമായി കേന്ദ്രമന്ത്രിയും ബിജെപി. നേതാവുമായ ഗജേന്ദ്രസിങ് ശെഖാവത് രംഗത്തുവന്നിരുന്നു. മുൻ ബിജെപി. സർക്കാരിന്റെ കാലത്തെ അഴിമതികളിൽ ഗജേന്ദ്രസിങ് ശെഖാവത് അന്വേഷണം ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്തുവന്നത്.

ഓരോ പൊട്ടിത്തെറിയിലും ഗാന്ധി കുടുംബത്തിന്റെ ഇടപെടലിനെ തുടർന്ന് പിൻവാങ്ങിയിരുന്ന സച്ചിൻ പൈലറ്റ് ഇക്കുറി രണ്ടും കൽപിച്ചാണ്. അഴിമതിയോടുള്ള ഗലോട്ട് സർക്കാരിന്റെ നിലപാടിനെതെിരെ പദയാത്ര നടത്തിയതിന് പിന്നാലെ ഡൽഹിയിലെത്തി നേതൃത്വത്തെയും കണ്ടിരുന്നു. ഡിസംബറിൽ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കേ രണ്ട് പേരെയും പിണക്കാതെ വേണം പരിഹാരം കാണാൻ എന്നതായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിലുള്ള വെല്ലുവിളിയും

2023 നവംബറിൽ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പാണ്. കോൺഗ്രസും ബിജെപിയും നേർക്കു നേർ ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളാണ് ഇവ മൂന്നും. കഴിഞ്ഞ തവണ മൂന്നിടത്തും കോൺഗ്രസാണ് ഭൂരിപക്ഷം നേടിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ജോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ഏതാനും കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറി. അങ്ങനെ മദ്ധ്യപ്രദേശ് പാർട്ടിക്ക് നഷ്ടമായി.

സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ അതുപോലൊരു ശ്രമം രാജസ്ഥാനിലും നടന്നതാണ്. പക്ഷേ അശോക് ഗെലോട്ട് അതു പരാജയപ്പെടുത്തി. ഹിമാചൽ പോലെ അഞ്ചുകൊല്ലത്തിൽ ഭരണം മാറുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ഗെലോട്ട് - പൈലറ്റ് തർക്കം നിലനിൽക്കുന്നതിനാൽ ഭരണം നിലനിറുത്തുന്നതു കോൺഗ്രസിന് എളുപ്പമല്ല. സച്ചിൻ പുതിയ പാർട്ടി ഉണ്ടാക്കിയാൽ അത് കോൺഗ്രസിനെ സാരമായി തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്.