ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി സച്ചിൻ പൈലറ്റ് രംഗത്തെത്തിയതാണ് കോൺഗ്രസിന് തലവേദനയായത്. സോണിയാ ഗാന്ധി അല്ല, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയാണ് ഗഹലോട്ടിന്റെ നേതാവ് എന്നും സച്ചിൻ പൈലറ്റ് ആരോപിച്ചു.

ദോൽപൂരിൽ അശോക് ഗെഹലോട്ട് നടത്തിയ പ്രസ്താവന ഇതാണ് തെളിയിക്കുന്നത്. മുൻ ബിജെപി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത് എന്നതിന്റെ കാരണവും വ്യക്തമായി. ചിലർ കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്. അത്തരക്കാർ വിജയിക്കില്ലെന്ന് സച്ചിൻ പറഞ്ഞു.

ഇതാദ്യമായാണ് ഒരാൾ സ്വന്തം പാർട്ടിയിലെ എംപിമാരെയും എംഎൽഎമാരെയും വിമർശിക്കുന്നത് കാണുന്നത്. ബിജെപിയിൽ നിന്നുള്ള നേതാക്കളെ പുകഴ്‌ത്തുകയും കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് തികച്ചും തെറ്റാണ്. പൊതുജനങ്ങൾക്കാണ് ഏറെ പ്രാധാന്യമെന്നും, അവരേക്കാൾ വലിയ നേതാക്കളില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. അഴിമതിക്കെതിരെ അഞ്ചു ദിവസം നീളുന്ന പദയാത്ര നടത്തുമെന്നും സച്ചിൻ പൈലറ്റ് പ്രഖ്യാപിച്ചു. 'സൻ സംഘർഷ് യാത്ര' എന്നു പേരിട്ടിരിക്കുന്ന പദയാത്ര, അജ്മീറിൽ നിന്നും ജയ്പൂരിലേക്കാണ്. മെയ് 11 ന് യാത്ര ആരംഭിക്കും. തുടർനടപടി യാത്രയ്ക്ക് ശേഷം തീരുമാനിക്കുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

രാജസ്ഥാനിൽ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറിയുണ്ടായത്. ഗെഹലോട്ടിനെ മാറ്റണമെന്നും, മുഖ്യമന്ത്രി സ്ഥാനം തനിക്ക് നൽകണമെന്നുമാണ് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ മുൻ ബിജെപി സർക്കാരിന്റെ അഴിമതി മുൻനിർത്തി, ഗെഹലോട്ട് സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് ഉപവാസ സമരം നടത്തിയിരുന്നു.

2010-ൽ പൈലറ്റിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് എംഎ‍ൽഎ.മാരുടെ കലാപത്തെ അതിജീവിച്ചതായി ഗെഹ്ലോത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപി. നേതാക്കളായ വസുന്ധര രാജെയും മറ്റു രണ്ട് ബിജെപി. നേതാക്കളും വിമത എംഎ‍ൽഎമാരുടെ ഈ നീക്കത്തെ പിന്തുണയ്ക്കാൻ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു. പണത്തിന്റെ ശക്തിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയെ പിന്തുണയ്ക്കാൻ വസുന്ധര രാജെയും കൈലാഷ് മേഘ്വാളും വിസമ്മതിച്ചുവെന്നായിരുന്നു പരാമർശം. തന്നെ താഴെയിറക്കാൻ അമിത് ഷായിൽനിന്ന് കൈപ്പറ്റിയ പണം തിരികെ നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് സച്ചിന്റെ പരാമർശം.

എന്നാൽ, ഗെഹ്ലോത്തിന്റെ വാദങ്ങളിൽ പ്രതികരണവുമായി വസുന്ധര രാജെ രംഗത്തെത്തി. ഗെഹ്ലോത്തിന്റെ പുകഴ്‌ത്തലുകൾ തനിക്കെതിരായ ഒരു വലിയ ഗൂഢാലോചനയാണെന്നും പാർട്ടിക്കകത്തെ പൊട്ടിത്തെറികളെത്തുടർന്ന് അദ്ദേഹം കള്ളം പറയുകയാണെന്നും രാജെ പ്രതികരിച്ചു. 2020-ലാണ് സച്ചിൻ പൈലറ്റും 18 കോൺഗ്രസ് എംഎ‍ൽഎമാരും ഗെഹ്ലോത്ത് സർക്കാരിനെതിരേ തിരിഞ്ഞത്. തുടർന്ന് ഹൈക്കമാൻഡ് ഇടപെട്ട് പ്രതിസന്ധിയിൽ അയവു വരുത്തി. പിന്നാലെ പൈലറ്റിനെ ഉപമുഖ്യമന്ത്രി പദത്തിൽനിന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പദവിയിൽനിന്നും നീക്കം ചെയ്തിരുന്നു.

കൂട്ടിയോജിപ്പാക്കാൻ കഴിയാത്ത തരത്തിലേയ്ക്ക് ഇരു നേതാക്കളും തമ്മിലുള്ള തർക്കം വഴിമാറിയിട്ടും വിഷയം വഷളായിട്ടും കോൺഗ്രസ് നേതൃത്വം രാജസ്ഥാനിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ല.