- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്കുപാലിച്ചു എം കെ സ്റ്റാലിൻ; തമിഴ്‌നാട്ടിൽ വീട്ടമ്മമാർക്ക് മാസ ശമ്പളം 1000 രൂപ വീതം നൽകും; സെപ്റ്റംബർ 15 മുതൽ നടപ്പാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം; അധികാരത്തിലേറിയപ്പോൾ നൽകിയ ജനകീയ വാഗ്ദാനങ്ങൾ പാലിച്ചു കൊണ്ട് തമിഴ്‌നാട് മുഖ്യൻ
ചെന്നൈ: തമിഴ് ജനതയ്ക്ക് നൽകിയ വാക്കുപാലിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ പാലിച്ചു കൊണ്ടാണ് ഡിഎംകെ സർക്കാർ മുന്നോട്ടു പോകുന്നത്. മുൻപ് നൽകി വാഗ്ദാനം പോലെ തമിഴ്‌നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിനാണ് തീരുമാനം. ഇന്നത്തെ മന്ത്രിസഭാ യോഗമാണ് നിർണായകമായ തീരുമാനം കൈക്കൊണ്ടത്.
സെപ്റ്റംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ കാർഡിൽ പേരുള്ള, മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക. ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വർഷം മുമ്പ് സ്റ്റാലിന്റെ ഭരണത്തുടക്കം. സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില കുറയ്ക്കൽ, ദളിതർക്കും ട്രാൻസ്‌ജെൻഡറുകൾക്കുമായി ക്ഷേമപദ്ധതികൾ, വീട്ടമ്മമാർക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ഡിഎംകെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയിരുന്നു. ഇതിൽ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിൻ നടപ്പിലാക്കിത്തുടങ്ങി.
സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയും വീട്ടമ്മമാർക്ക് ഗാർഹിക ജോലികൾക്ക് ശമ്പളം നൽകാനുള്ള പദ്ധതിയുമാണ് ഇതിൽ കൂടുതലായി സ്വീകരിക്കപ്പെട്ടത്. ഡിഎംകെ സർക്കാർ മൂന്നാം വർഷം പിന്നിട്ട വേളയിലാണ് വീട്ടമ്മമാർക്കുള്ള ശമ്പളമെന്ന വാഗ്ദാനം സ്റ്റാലിൻ നടപ്പിലാക്കുന്നത്. ധാരാളം ജനക്ഷേമ പദ്ധതികൾ തുടങ്ങാനും കോടികളുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കാനും സ്റ്റാലിൻ സർക്കാരിനായെന്നാണ് പൊതുവിലയിരുത്തൽ. തീർത്തും ദുർബലമായ പ്രതിപക്ഷം നിലവിൽ ഒരു ഘട്ടത്തിലും ഡിഎംകെ സർക്കാരിന് തലവേദനയല്ല.
അതേസമയം കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര ഏർപ്പെടുത്തി കൊണ്ട് ജനകീയ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. ശക്തി പദ്ധതിക്ക് കീഴിലായിരുന്നു സൗജന്യയാത്ര. . ഇതിനിടെ സൗജന്യ ബസ് യാത്ര ഉപയോഗപ്പെടുത്തിയ സ്ത്രീകളുടെ എണ്ണം വർധിച്ചതായാണ് റിപ്പോർട്ട്.
കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), ബെംഗളുരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബിഎംടിസി), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ(കെകെആർടിസി) എന്നിവയ്ക്ക് കീഴിലുള്ള ബസുകളിൽ ഇതിനോടകം 4,24,60,089 സ്ത്രീകളാണ് സൗജന്യ യാത്ര ചെയ്തത്.




