ബെംഗളൂരു: പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച. കർണാടകയിലെ ഹുബ്ബാലിയിലാണ് സംഭവം. മാലയുമായി ഓടിയെത്തിയ യുവാവ് പ്രധാനമന്ത്രിയുടെ തൊട്ടരികിലെത്തി. അവസാനമിനിറ്റിൽ, ഇയാളെ എസ്‌പിജി ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയായിരുന്നു.

പ്രധാനമന്ത്രിയെ മാലയണിയിക്കാൻ ആയിരുന്നു കൗമാരക്കാരന്റെ ശ്രമം. എസ് യുവിയുടെ റണ്ണിങ് ബോർഡിൽ നിന്നുകൊണ്ട് ആളുകളെ അഭിവാദ്യം ചെയ്യുകയായിരുന്നു നരേന്ദ്ര മോദി. എസ്‌പിജി ക്കാർ യുവാവിനെ തടഞ്ഞെങ്കിലും, പ്രധാനമന്ത്രി മാല സ്വീകരിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്യുന്നത് കാണാം.

ഏകദേശം 15 വയസ് തോന്നിക്കുന്ന കൗമാരക്കാരൻ എങ്ങനെയാണ് ഇത്രയും സുരക്ഷാവലയം ഭേദിച്ച് പ്രധാനമന്ത്രിക്ക് അടുത്തെത്തിയത് എന്ന കാര്യം വ്യക്തമല്ല. നൂറുകണക്കിന് അനുയായികൾ വിമാനത്താവളത്തിൽ നിന്നുള്ള റോഡിന് അരികിൽ മുദ്രാവാക്യം വിളികളുമായി നിൽപ്പുണ്ടായിരുന്നെങ്കിലും അവരെല്ലാം ബാരിക്കേഡിനുള്ളിലായിരുന്നു. ഹുബ്ബാലിയിൽ 29ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതൽ ചടങ്ങ് നടക്കുന്ന റെയിൽവേ സ്പോർട്സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരുന്നു.

പ്രധാനമന്ത്രിക്ക് അഞ്ച് തലത്തിലുള്ള സുരക്ഷാ ക്രമീകരണമാണ് ഉള്ളത്. ഏറ്റവും പുറത്തെ തലത്തിലെ സുരക്ഷാചുമതല സംസ്ഥാന പൊലീസിനാണ്. കഴിഞ്ഞ വർഷം പഞ്ചാബ് സന്ദർശനത്തിനിടെ, പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ചയുണ്ടാിരുന്നു. ജനുവരി അഞ്ചിന് ഫിരോസ്പൂരിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഒരു ഫ്‌ളൈ ഓവറിന് മുന്നിൽ തടയപ്പെട്ടു. കർഷകരുടെ പ്രതിഷേധത്തെ തുടർന്നാണ് വാഹനവ്യൂഹം കുടുങ്ങിയത്.

പഞ്ചാബ് പൊലീസിന്റെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ച ഉണ്ടായെന്ന് അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരുന്നു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇന്ദു മൽഹോത്ര നയിച്ച സമിതി പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കാൻ ചില നിർദ്ദേശങ്ങളും മുന്നോട്ടുവച്ചിരുന്നു.