ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണികള്‍ തുടരുന്നതിനിടെ സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വ്യാജസന്ദേശങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ ഉത്തരവ്.

തെറ്റായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ അധികാരികളെ അറിയിക്കണമെന്നാണ് നിര്‍ദേശം. അത് അറിയിക്കാത്ത പക്ഷം ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്ന മുന്നറിയിപ്പും ഐടിമന്ത്രാലയം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ പത്തുദിവസങ്ങളില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര, സ്പൈസ് ജെറ്റ് തുടങ്ങി വിവിധ എയര്‍ലൈനുകളുടെ 250-ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണിയുയര്‍ന്നത്.

ഇവയില്‍ ഭൂരിഭാഗവും സാമൂഹികമാധ്യമങ്ങളിലൂടെയുള്ളവയായിരുന്നു. ഈ വ്യാജബോംബ് ഭീഷണികള്‍ കനത്ത നഷ്ടമാണ് വ്യോമയാന മേഖലയ്ക്ക് വരുത്തിയത്.

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര, ആകാശ, അലയന്‍സ് എയര്‍, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ 95 സര്‍വീസുകള്‍ക്കാണ് വ്യാഴാഴ്ച ഭീഷണിസന്ദേശം ലഭിച്ചത്. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി വിമാനങ്ങള്‍ക്കുനേരെ 250 ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്.

ആകാശയുടെ 25 വിമാനങ്ങള്‍, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നിവയുടെ 20 വീതം വിമാനങ്ങള്‍, സ്‌പൈസ് ജെറ്റ്, അലയന്‍സ് എയര്‍ എന്നിവയുടെ അഞ്ച് വീതം വിമാനങ്ങള്‍ എന്നിവയ്ക്കു നേരെയാണ് ഭീഷണി ഉയര്‍ന്നത്. സുരക്ഷാ പരിശോധനകള്‍ നടത്തി വിമാനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

പത്ത് ദിവസങ്ങളായി വ്യോമയാനരംഗത്തെ ആശങ്കയിലാക്കിയും വിമാനക്കമ്പനികളെ സാമ്പത്തികപ്രതിസന്ധിയിലാക്കിയും ഉയരുന്ന വ്യാജ ബോംബ് ഭീഷണികളെക്കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം തുടരുകയാണ്. വ്യാജ ഭീഷണി നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.