ഹൈദരാബാദ്: വിവാദ ബിബിസി ഡോക്യുമെന്ററി ഹൈദരാബാദ് സർവകലാശാലയിൽ പ്രദർശിപ്പിച്ച് എസ് എഫ് ഐ. റിപ്പബ്ലിക് ദിനത്തിലാണ് ബിബിസിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി ഹൈദരാബാദ് യൂണിവേഴ്സ്റ്റിയിൽ എസ് എഫ് ഐ പ്രദർശിപ്പിച്ചത്. ഇതിന് പിന്നാലെ 'കശ്മീരി ഫയൽസ്' എന്ന സിനിമ എബിവിപിയും പ്രദർശിപ്പിച്ചു.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് പറയുന്ന ഡോക്യുമെന്ററി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് കേന്ദ്ര സർക്കാർ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസും ഇടത് സംഘടനകളും ഡോക്യുമെന്ററി പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യമെങ്ങും പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്.

എ ബി വി പിയുടെ വ്യാജപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് 400-ലധികം വിദ്യാർത്ഥികൾ പ്രദർശനം കാണാൻ എത്തിയിരുന്നു എന്ന് എസ് എഫ് ഐ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ക്യാമ്പസ് ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്യുന്നതായും എസ് എഫ് ഐ ട്വീറ്റ് ചെയ്തു.

അതേസമയം ഇതിനെ പ്രതിരോധിച്ച് എ ബി വി പി യൂണിവേഴ്‌സിറ്റി കാമ്പസിൽ 'ദി കശ്മീർ ഫയൽസ്' എന്ന സിനിമയുടെ സ്‌ക്രീനിങ് നടത്തി. വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവ്വഹിച്ച ദി കശ്മീർ ഫയൽസ് കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ചാണ് പറയുന്നത്. അതിനിടെ ക്യാംപസിനുള്ളിൽ സിനിമാ പ്രദർശനം അനുവദിക്കില്ല എന്ന് അധികൃതർ വ്യക്തമാക്കി.

ക്രമസമാധാന പ്രശ്‌നവും വരാനിരിക്കുന്ന അവസാന സെമസ്റ്റർ പരീക്ഷകളും കണക്കിലെടുത്ത് സിനിമകളുടെ ഒരു പ്രദർശനവും നടത്തരുതെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഹൈദരാബാദ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ദേവേഷ് നിഗം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം തങ്ങളുടെ പ്രോഗ്രാം ഷെഡ്യൂളുമായി മുന്നോട്ട് പോകും എന്നാണ് വിദ്യാർത്ഥി സംഘടനകൾ പറയുന്നത്.

നേരത്തെ സ്‌ക്രീനിങ് ഉപകരണങ്ങളുമായി സർവ്വകലാശാല വളപ്പിലേക്ക് പ്രവേശിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഒരു കൂട്ടം എ ബി വി പി പ്രവർത്തകർ സർവകലാശാലയുടെ പ്രധാന ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ എസ് എഫ് ഐക്ക് എങ്ങനെയാണ് അനുമതി ലഭിച്ചത് എന്നും എ ബി വി പി ചോദിച്ചിരുന്നു.

നേരത്തെ ജെ എൻ യു സർവകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കം തടഞ്ഞിരുന്നു. അതേസമയം കേരളത്തിൽ ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസും ബി ബി സി ഡോക്യുമെന്ററിയുടെ പ്രദർശനവുമായി മുന്നോട്ട് പോകും എന്ന് അറിയിച്ചിട്ടുണ്ട്.

അതേ സമയം ബിബിസി ഡോക്യുമെന്ററി പ്രദർശനം അനുവദിക്കില്ലെന്ന് ഡൽഹി സർവ്വകലാശാല അറിയിച്ചു. പ്രദർശനം തടയാൻ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 5 മണിക്കാണ് പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.

വിദ്യാർത്ഥി യൂണിയനുകൾ സംയുക്തമായി ആർട്സ് ഫാക്കൽട്ടിക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദർശനം നടത്തുന്നത്. ഇതിന് മുൻപ് ജെ.എൻ.യുവിലും ജാമിയ്യയിലും സർവ്വകലാശാലയുടെ വിലക്കു മറികടന്ന് വിദ്യാർത്ഥികൾ ഡോക്യുമെന്ററി പ്രദർശനം നടത്തിയിരുന്നു. ഈ സമയത്ത് വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിക്കുകയും പൊലീസിനെ വിന്യസിച്ച് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുകയും ചെയ്തിരുന്നു.

ഇത്തരം സന്ദർഭങ്ങൾ മുന്നിൽ കണ്ട് മുൻകരുതലുകളും വിദ്യാർത്ഥികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം ജെഎൻയുവിലും ജാമിയ്യയിലും സർവ്വകലാശാലയുടെ വിലക്കു മറികടന്ന് പ്രദർശനം ഒരുക്കിയ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സീകരിച്ചേക്കും.

രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടയുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജെഎൻയുവിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.