മുംബൈ: ഇ.വി.എമ്മിന്റെ മുഴുവന്‍ രൂപത്തെ കുറിച്ചുള്ള മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മന്ത്രിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് തരൂര്‍ പറഞ്ഞു. 'എല്ലാ വോട്ടുകളും മുല്ലകള്‍ക്കെതിരെ''-എന്നാണ് റാണെ ഇ.വി.എമ്മിന്റെ മുഴുവന്‍ രൂപത്തെ കുറിച്ച് പറഞ്ഞത്. പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു. റാണെയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

ഇത്തരം കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പാഠം നമ്മുടെ രാജ്യത്തുള്ളവര്‍ ശരിക്കു മനസിലാക്കണം. മതമാണ് ദേശീയതയുടെ അടിസ്ഥാനം എന്ന് പറഞ്ഞവര്‍ പാകിസ്താനുണ്ടാക്കി. മഹാത്മാഗാന്ധി മുതലുള്ളവര്‍ പോരാടിയത് നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു. ഞങ്ങള്‍ എല്ലാവര്‍ക്കുമായി ഒരു രാജ്യം സൃഷ്ടിക്കും. എല്ലാവര്‍ക്കുമായി ഒരു ഭരണഘടന എഴുതിത്തയാറാക്കും. എല്ലാവരും തുല്യാവകാശത്തോടെ ഇവിടെ ജീവിക്കും.''-ശശി തരൂര്‍ പറഞ്ഞു.

ആളുകള്‍ ഏതെങ്കിലും ഒരു സമുദായത്തെ തിരഞ്ഞെടുക്കുന്നത് തന്നെ തെറ്റാണ്. നാമെല്ലാം ഇന്ത്യയിലെ തുല്യ അവകാശങ്ങളുള്ള പൗരന്‍മാരാണ്. നമ്മുടെ രാജ്യത്തിന് പുരോഗതി കൈവരിക്കാനുള്ള ഒരേയൊരു അടിസ്ഥാനവും അതാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കവെയായിരുന്നു ഇ.വി.എമ്മുകളെ കുറിച്ച് റാണെ പരാമര്‍ശിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രതിപക്ഷം ഇ.വി.എമ്മുകളെയാണ് കുറ്റപ്പെടുത്തുന്നത്. ഇ.വി.എമ്മുകളിലെ ഫലം നമുക്ക് അനുകൂലമായിരുന്നു. അതായത്, എല്ലാ വോട്ടുകളും മുല്ലകള്‍ക്കെതിരായി.മഹാരാഷ്ട്രയില്‍ കാവി സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നവരെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം. സംസ്ഥാനത്ത് ഹിന്ദുത്വ സര്‍ക്കാര്‍ നിലവിലുണ്ട്.ജനുവരി 12ന് വിശാല്‍ഗഡില്‍ ഉത്സവ പരിപാടി നടത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല.-എന്നാണ് റാണെ പറഞ്ഞത്.

ത്രിവര്‍ണ പതാകയെ അഭിവാദ്യം ചെയ്യുന്ന എല്ലാവരെയും ഞങ്ങള്‍ സംരക്ഷിക്കും... ദേശീയ ഗാനം ആലപിക്കും. ഇത് ഹിന്ദുക്കളുടെ നാടാണ്, അതിനാല്‍ ഞങ്ങളുടെ മുന്‍ഗണന ഹിന്ദു താല്‍പര്യത്തിനാണ്. 'ഭായിചാര' പോലുള്ള വാക്കുകള്‍ പാക്കിസ്ഥാനില്‍ ഉപയോഗിക്കണം. പൂജകള്‍ ചെയ്യാന്‍ മാത്രം രണ്ടു വട്ടം ആലോചിക്കേണ്ടി വന്നാല്‍ നമ്മള്‍ ഹിന്ദു രാഷ്ട്രത്തിലാണോ ജീവിക്കുന്നതെന്ന ചോദ്യം ഉയരും. മതേതരത്വം എന്ന വാക്ക് കോണ്‍ഗ്രസ് തകര്‍ത്തു. ഒരു ഹിന്ദു എന്ന നിലയില്‍ നമുക്ക് വ്യക്തമായ നിലപാടും പ്രത്യയശാസ്ത്രവും ഉണ്ടായിരിക്കണം. ഞാന്‍ ഹിന്ദുവോട്ടുകള്‍ കൊണ്ടാണ് എം.എല്‍.എ ആയതെന്നും റാണെ പറഞ്ഞിരുന്നു.