ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള രാഷ്ട്രീയ നീക്കങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ ശശി തരൂർ. പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാർട്ടികൾക്ക് നൽകണമെന്ന് ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. താൻ കോൺഗ്രസ് പാർട്ടി അധ്യക്ഷനായിരുന്നെങ്കിൽ ചെറു പാർട്ടികളെ പ്രോത്സാഹിപ്പിച്ചേനെയെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രദേശിക പാർട്ടികൾ നയിക്കുന്ന സഖ്യം ബിജെപിക്കെതിരെ അണിനിരക്കുമായിരുന്നുവെന്നും എംപി അഭിപ്രായപ്പെട്ടു. പിടിഐയോട് തരൂരിന്റെ പ്രതികരണം.'

ഞാനായിരുന്നു പാർട്ടി നേതൃത്വത്തിലെങ്കിൽ പ്രതിപക്ഷ സഖ്യത്തിന്റെ കൺവീനർ റോൾ വഹിക്കാൻ പ്രദേശിക പാർട്ടികളെ പ്രോത്സാഹിപ്പിക്കും. എന്റെ കാഴ്‌ച്ചപ്പാടിൽ ഐക്യം വളരെ പ്രധാനപ്പെട്ടതാണ്.' തരൂർ വിശദീകരിച്ചു.ലോക്സഭയിൽ നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ അത്ഭുതകരമായ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടിട്ടുണ്ടെന്നും തരൂർ പറഞ്ഞു. ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബിആർഎസ്, സിപിഐഎം ഉൾപ്പെടെയുള്ള പ്രാദേശിക പാർട്ടികൾ അതത് സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ എതിർക്കുന്നുണ്ടെങ്കിലും രാഹുലിനെ അയോഗ്യനാക്കിയ നടപടിയിൽ ഒന്നിച്ചുവെന്ന് തരൂർ ചൂണ്ടികാട്ടി.

ഒരു പ്രത്യേക ലക്ഷ്യം നേടാനായി പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച സാഹചര്യത്തിൽ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് സുരക്ഷിതമാക്കൽ എളുപ്പമായിരിക്കില്ലെന്നും തരൂർ അഭിപ്രായപ്പെട്ടു. നേരത്തെ മറുനാടൻ മലയാളോട് സംസാരിച്ചപ്പോൾ കോൺഗ്രസിന്റെ അടിത്തട്ടിലെ പ്രവർത്തനത്തിൽ അടിമുടി മാറ്റം വരണമെന്ന് തരൂർ സൂചിപ്പിച്ചിരുന്നു. കേരളത്തിൽ എവിടെ നോക്കിയാലും കോൺഗ്രസിന് നേതാക്കളുണ്ട്. നമുക്ക് ഇല്ലാത്തത് ബൂത്ത് കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും പ്രവർത്തകരുടെ അംഗ ബലം ഇല്ലാത്തതാണ്. വരുന്ന മണ്ഡലം, ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആവേശം നിറഞ്ഞ പ്രവർത്തനം ആവശ്യമുണ്ട്. വർഷങ്ങളായി ഇത്തരം സ്ഥാനങ്ങളിൽ ഇരിക്കുന്നവരുണ്ട്. ഇവിടെയാണ് മാറ്റങ്ങൾ വരേണ്ടതെന്നും തരൂർ മറുനാടനോട് പറഞ്ഞു.

ഗ്രൂപ്പിസം പോലുള്ള പ്രതിഭാസങ്ങളുണ്ടായാൽ അത് പാർട്ടിക്ക് നിവലിൽ ദേഷം ചെയ്യും. നമുക്ക് എ യുമല്ല, ഐ യുല്ല, യുണൈറ്റഡ് ആണ് വേണ്ടതെന്നും തരൂർ പറഞ്ഞു. നിലവിലുള്ള നേതൃത്വത്തിന് ആരേയും പിണക്കാതെ മുന്നോട്ട് കൊണ്ടു പോകാനുള്ള ഉത്തരവാദിത്വമുണ്ട്. താഴെത്തട്ടിലുള്ള ജനങ്ങൾക്ക് തോന്നണം പാർട്ടി അവരുടേതാണെന്ന്. അത്തരത്തിലുള്ള ഒരു മാറ്റമാണ് വേണ്ടതെന്നും തരൂർ വ്യക്തമാക്കി. രണ്ടു തവണ തോറ്റു എന്നു പറഞ്ഞ് പാർട്ടിയെ തള്ളിക്കളയരുതെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെതിരെ എന്തായാലും താൻ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം, നിലവിൽ നേതൃത്വത്തിന് എല്ലാ പിന്തുണയും നൽകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം വൈക്കം സത്യാഗ്രഹം നൂറാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ കെപിസിസിയുടെ ശതാബ്ദി ആഘോഷങ്ങൾക്കിടെ പരാതിയും പരിഭവങ്ങളുമാണ് ഉയർന്നു വരുന്നത്. ഗ്രൂപ്പിന്റെ മാത്രം നേതാക്കൾക്കായുള്ള ചടങ്ങായി പരിപാടി മാറിയെന്ന് ശശി തരൂരും സമ്മതിക്കകുകയാണ്. അർഹമായ പരിഗണന നൽകാത്തതിൽ കെ മുരളീധരൻ നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു. ഈ സംഭവത്തിൽ പാർട്ടിക്ക് അനാവശ്യമായ വീഴ്‌ച്ച സംഭവിച്ചു. നമ്മൾ എല്ലാവരെയും ഒരുമിച്ച് കൂട്ടിക്കൊണ്ടു വരികെയാണ് ചെയ്യേണ്ടത്. വരും വർഷത്തെ പരിപാടിയിൽ പാർട്ടി ഇത്തരം പരാതികൾ നികത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തരൂർ മറുനാടനോട് പറഞ്ഞു.

അതേസമയം വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ എംപിമാർ അവഗണിക്കപ്പെട്ടതിൽ അതൃപ്തി രേഖപ്പെടുത്തി എഐസിസിയും രംഗത്തുവന്നു. കെ മുരളീധരനെയും എംകെ രാഘവനെയും മാറ്റി നിർത്തരുതായിരുന്നുവെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കി. നിരന്തരം തങ്ങളെ അവഗണിക്കുകയും അപമാനിക്കുകയുമാണെന്ന എംപിമാരുടെ പരാതികളിൽ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. വൈക്കത്ത് മുരളീധരനെ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിലും മലബാറിൽ നിന്നുള്ള നവോത്ഥാന യാത്ര നടത്താൻ എംകെ രാഘവനെ ചുമതലപ്പെടുത്താത്തിലുമുള്ള അതൃപ്തി വേണുഗോപാൽ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് തെക്കൻ മേഖലയിൽ നിന്നുള്ള യാത്രകൾ നയിച്ചത് മൂന്ന് എംപിമാരാണ്. അതേ സമയം മലബാറിൽ നിന്നുള്ള യാത്ര നയിച്ചത് എംപിയല്ല ടി സിദ്ദിഖ് എംഎൽഎയായിരുന്നു. അടുത്ത വർഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സിറ്റിങ് എംപിയെ മാറ്റി നിർത്തരുതെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. എംപിമാർ നേതൃത്വത്തിനെതിരെ വിമർശനമുന്നയിക്കുന്നതിനിടെ ചൊവ്വാഴ്ച കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് ചേരും. യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രശ്നപരിഹാരത്തിന് ശ്രമിക്കും.